ലോകത്തെ ഏറ്റവും മികച്ച ടീച്ചര്‍ക്കുള്ള സമ്മാനത്തിനുള്ള പത്തുലക്ഷം ഡോളര്‍ സമ്മാനിച്ചത് മലയാളി

ലോകത്തെ ഏറ്റവും മികച്ച ടീച്ചറായി ലണ്ടന്‍ നഗരത്തിലെ ഒരു സാധാരണ സ്‌കൂളിലെ ടീച്ചര്‍ തെരഞ്ഞെടുത്തപ്പോള്‍ ഒപ്പം ശ്രദ്ധിക്കപ്പെട്ടത് ഒരു മലയാളിയും. ലോകമെമ്പാടുമുള്ള മുഖ്യധാരാ പത്രങ്ങള്‍ വലിയ വാര്‍ത്തയാക്കിയ പത്തുലക്ഷം ഡോളറിന്റെ പുരസ്‌കാരം നല്‍കിയത് വര്‍ക്കി ഫൗണ്ടേഷന്‍ എന്ന മലയാളിയുടെ സ്ഥാപനമാണ്.

ലോകമെമ്പാടുമുള്ള രാജ്യങ്ങളില്‍നിന്ന് ലഭിച്ച 30,000 അപേക്ഷകളില്‍ നിന്നാണ് കുട്ടികളെ ഫലപ്രദമായി പഠിപ്പിക്കാനായി 35 ഭാഷകള്‍ ഹൃദിസ്ഥമാക്കിയ ലണ്ടന്‍ നഗരത്തിലെ ഒരു സാധാരണ സ്‌കൂളിലെ ടീച്ചറെ തെരഞ്ഞെടുത്തത്.

ഇന്നലെ ഈ പുരസ്‌കാരം ഓസ്‌കര്‍ സ്‌റ്റൈല്‍ പരിപാടിയില്‍വെച്ച് വിതരണം ചെയ്തപ്പോള്‍ ദുബായ്ഭരണാധികാരിക്കടുത്ത് നില്‍ക്കാന്‍ ഉണ്ടായിരുന്ന ഒരാള്‍ മലയാളി ആയിരുന്നു. വര്‍ക്കി ഫൗണ്ടേഷന്‍ ചെയര്‍മാന്‍ സുനില്‍ വര്‍ക്കി ഇതാദ്യമായല്ല ലോകത്തെ ഏറ്റവും മികച്ച അദ്ധ്യാപകര്‍ക്ക് പുരസ്‌കാരമേര്‍പ്പെടുത്തുന്നത്. നാലാമത് വര്‍ക്കി ഫൗണ്ടേഷന്‍ ഗ്ലോബല്‍ ടീച്ചര്‍ പ്രൈസായിരുന്നു ഇത്തവണത്തേത്. പത്തുലക്ഷം ഡോളര്‍ സമ്മാനത്തുകയുള്ള പുരസ്‌കാരം, അദ്ധ്യാപക മേഖലയില്‍ ലോകത്തുതന്നെ ഏറ്റവും വലുതാണ്.

ബ്രെന്റിലെ ആല്‍പെര്‍ട്ടണ്‍ കമ്യൂണിറ്റി സ്‌കൂളിലെ ആര്‍ട്ട് ആന്‍ഡ് ടെക്‌സ്‌റ്റൈല്‍ ടീച്ചര്‍ ആന്‍ഡ്രിയ സഫിരാക്കൗവാണ് ആയിരക്കണക്കിന് അപേക്ഷകളില്‍നിന്ന് തിരഞ്ഞെടുക്കപ്പെട്ടത്. തന്റെ സ്‌കൂളിലെ വിവിധ നാട്ടുകാരായ കുട്ടികളുമായി സംവദിക്കുന്നതിന് 35 ഭാഷകള്‍ പഠിച്ച ആന്‍ഡ്രിയ അദ്ധ്യാപകസമൂഹത്തിനാകെ മാതൃകയാണെന്ന് ജൂറി വിലയിരുത്തി. ബ്രിട്ടനിലെ ഏറ്റവും ദരിദ്രമേഖലകളിലൊന്നായ ബ്രെന്റില്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂളിലെ വിദ്യാര്‍ത്ഥികളേറെയും കുടിയേറ്റക്കാരുടെ മക്കളാണ്.

ദുബായിയില്‍ നടന്ന ചടങ്ങിലാണ് പുരസ്‌കാരം വിതരണം ചെയ്തത്. ഡെയ്‌ലി ഷോ അവതാരക ട്രെവര്‍ നോവയായിരുന്നു ചടങ്ങില്‍ അവതാരകയായി വന്നത്. ഹോളിവുഡ് താരം ചാര്‍ലിസ് തെറോണ്‍, ബോളിവുഡ് താരം പ്രിയങ്ക ചോപ്ര തുടങ്ങിയ സെലിബ്രിറ്റികളും ചടങ്ങിനെത്തിയിരുന്നു.

Top