ഹൃദയത്തിനായി ഒരുക്കി, ലൈംഗികതയ്ക്ക് കൊണ്ടു; വയാഗ്രയുടെ പിന്നിലെ കഥയിങ്ങനെ

ലോകത്ത് ചരിത്രം കുറിച്ച മരുന്നാണ് വയാഗ്ര. ബ്രിട്ടനിലാണ് 1998ല്‍ പുറത്തിറക്കിത്. പുരുഷന്‍മാരിലെ ലൈംഗിക പ്രശ്‌നങ്ങള്‍ക്കായി ഉപയോഗിക്കുന്ന ഈ മരുന്നിനെക്കുറിച്ച് നിരവധി മിഥ്യാധാരണകളും, പ്രചരണങ്ങളും തുടരുന്നുണ്ട്. 21-ാം നൂറ്റാണ്ടില്‍ ചര്‍ച്ചാവിഷയമായി മാറിയ വയാഗ്ര യഥാര്‍ത്ഥത്തില്‍ ലൈംഗിക പ്രശ്‌നങ്ങള്‍ പരിഹരിക്കാനായി ഉദ്ദേശിച്ച് നിര്‍മ്മിച്ച മരുന്നല്ലെന്നതാണ് രസകരമായ വസ്തുത.

ഫിസര്‍ എന്ന ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയുടെ ബയോളജി ഹെഡായിരുന്നു ഗവേഷണ ശാസ്ത്രജ്ഞനായ ഡോ. മൈക്ക് വൈലി. കമ്പനിയുടെ കണ്‍സള്‍ട്ടന്റായി തുടരുന്ന ഇദ്ദേഹമാണ് വയാഗ്രയ്ക്ക് പിന്നിലെ ബുദ്ധികേന്ദ്രം. യഥാര്‍ത്ഥത്തില്‍ ഉദ്ദേശിച്ച ഫലമായിരുന്നില്ല ഈ മരുന്നിന് ലഭിച്ചത്. നെഞ്ചുവേദനയുമായി എത്തുന്ന ഹൃദ്രോഗമായ ആന്‍ജെന എന്ന രോഗത്തിനായാണ് വയാഗ്ര രൂപകല്‍പ്പന ചെയ്തത്.

പക്ഷേ, പരീക്ഷണഘട്ടത്തില്‍ തന്നെ രോഗികള്‍ക്ക് ഉത്തേജനം ലഭിക്കുന്നതായി ശ്രദ്ധിക്കപ്പെട്ടു. മരുന്ന് ബ്ലഡ് വെസലുകളില്‍ പ്രവര്‍ത്തിക്കുന്നത് മൂലമായിരുന്നു ഇത്. പാര്‍ശ്വഫലമായി കണക്കാക്കിയ ഉത്തേജനം മൂലം ഈ മരുന്ന് പരാജയപ്പെട്ടതായി കണക്കാക്കി ഉപേക്ഷിക്കാനാണ് കമ്പനി ആദ്യം ആലോചിച്ചത്. ലൈംഗികത വില്‍ക്കുന്നുവെന്ന പഴി കേള്‍ക്കേണ്ടി വരുമെന്നായിരുന്നു ആശങ്ക. കൂടാതെ ഇത് വില്‍ക്കാന്‍ കഴിയുമെന്നും അന്ന് ചിന്തിച്ചവര്‍ കുറവായിരുന്നു.

പുരുഷന്‍മാരിലെ ലൈംഗിക പ്രശ്‌നങ്ങള്‍ തുറന്നുപറയാന്‍ മടിച്ചിരുന്നു 90കളില്‍ വയാഗ്ര വില്‍ക്കാന്‍ കഴിയില്ലെന്ന് വിചാരിച്ചവര്‍ക്ക് പക്ഷെ തെറ്റി. വിമര്‍ശനങ്ങളും പഴികളും കേട്ടെങ്കിലും 20 വര്‍ഷക്കാലത്തിനിടെ വയാഗ്രയുടെ വില്‍പ്പനയ്ക്ക് ഒരു കോട്ടവും സംഭവിച്ചില്ല. പുറത്തുപറയാന്‍ മടിച്ച ഒരു കാര്യം ഡോക്ടര്‍മാരുടെ ശ്രദ്ധയില്‍ എത്തിച്ച് ചികിത്സ തേടാന്‍ വഴിയൊരുക്കിയെന്നതാണ് വയാഗ്രയുടെ വിജയമെന്ന് ഇതിന്റെ ഉപജ്ഞാതാവ് ഡോ മൈക്ക് വൈലി വിശ്വസിക്കുന്നു.

Top