വിജയ് മല്യ വിവാദത്തില്‍ കോണ്‍ഗ്രസിന് കുരുക്ക് വീഴുന്നു

ന്യൂഡല്‍ഹി: വിവാദ വ്യവസായി വിജയ് മല്യയുമായി ബന്ധപ്പെട്ട കേസില്‍ യുപിഎ ഭരണകാലത്തുണ്ടായ ഇടപെടലുകളും സിബിഐ അന്വേഷിക്കും. യുപിഎ ഭരണകാലത്തെ ഇടപെടലുകളുടെ വിശദാംശങ്ങള്‍ നല്‍കണമെന്ന് സിബിഐ ധനമന്ത്രാലയത്തോട് ആവശ്യപ്പെട്ടു. മല്യയ്ക്ക് വായ്പ തരപ്പെടുത്തി നല്‍കാന്‍ ധനമന്ത്രാലയത്തിലുള്ളവര്‍ നടത്തിയ ഇടപെടലുകളാണ് അന്വഷിക്കുക. ഇന്ത്യ വിടും മുമ്പ് ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയുമായി കൂടിക്കാഴ്ച നടത്തിയെന്ന വിജയ് മല്യയുടെ വെളിപ്പെടുത്തല്‍ വിവാദമായിരുന്നു. വിജയ് മല്യയുടെ വെളിപ്പെടുത്തല്‍ ബിജെപിക്കെതിരായ രാഷ്ട്രീയ ആയുധമാക്കാന്‍ കച്ചമുറുക്കി കോണ്‍ഗ്രസ് രംഗത്തിറങ്ങുകയും ചെയ്തു.

സാമ്പത്തിക കുറ്റവാളിയായ മല്യയെ രാജ്യംവിടാന്‍ സഹായിച്ച ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലി രാജിവയ്ക്കണമെന്നു കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടു. പാര്‍ലമെന്റില്‍ വച്ചു കണ്ടപ്പോള്‍ മല്യയോടു പറഞ്ഞതെന്നും ദീര്‍ഘ ചര്‍ച്ച നടത്തിയില്ലെന്നുമുള്ള ജെയ്റ്റ്‌ലിയുടെ വാദം കളവാണെന്ന് ആരോപിച്ച രാഹുല്‍, പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും കടന്നാക്രമിച്ചു. കോണ്‍ഗ്രസ് വക്താവ് നടത്താനിരുന്ന വാര്‍ത്താസമ്മേളനത്തില്‍ അവസാന നിമിഷം മാറ്റം വരുത്തി, നേരിട്ടു രംഗത്തിറങ്ങിയ രാഹുല്‍ ബിജെപിക്കെതിരായ ആക്രമണത്തിന്റെ നേതൃത്വം ഏറ്റെടുത്തു. 2016 മാര്‍ച്ച് ഒന്നിനു ജെയ്റ്റ്‌ലിയും മല്യയും പാര്‍ലമെന്റിലെ സെന്‍ട്രല്‍ ഹാളില്‍ 20 മിനിറ്റ് ചര്‍ച്ച നടത്തിയതിനു കോണ്‍ഗ്രസ് രാജ്യസഭാംഗം പി.എല്‍. പുനിയ സാക്ഷിയാണെന്നു രാഹുല്‍ പറഞ്ഞു.

ഹാളില്‍ മാറിനിന്ന് അഞ്ചു മിനിറ്റോളം ചര്‍ച്ച നടത്തിയ ഇരുവരും പിന്നീട് കസേരയിലിരുന്നും സംഭാഷണം തുടര്‍ന്നു. തൊട്ടടുത്ത ദിവസം താന്‍ രാജ്യം വിടുകയാണെന്നു മല്യ അന്നു വെളിപ്പെടുത്തിയെങ്കിലും അക്കാര്യം സിബിഐ, എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്, പൊലീസ് എന്നിവയെ ജെയ്റ്റ്‌ലി അറിയിച്ചില്ല. രാജ്യംവിടാന്‍ സഹായിക്കുന്നതിനു മല്യയുമായി ധനമന്ത്രി ഒത്തുകളിച്ചു. വിമാനത്താവളത്തില്‍ മല്യയ്‌ക്കെതിരായ സിബിഐയുടെ ലുക്ക് ഔട്ട് നോട്ടിസ് മാറ്റി റിപ്പോര്‍ട്ട് നോട്ടിസ് ആക്കിയത് ജെയ്റ്റ്‌ലിയുടെ അറിവോടെയാണ്. ഇതിനു പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നിര്‍ദേശം ലഭിച്ചിരുന്നോ എന്ന് അദ്ദേഹം വ്യക്തമാക്കണം. മല്യയെ സഹായിച്ചതില്‍ കേന്ദ്ര സര്‍ക്കാരിനുള്ള പങ്കു പുറത്തുകൊണ്ടുവരാന്‍ നിയമപരമായ എല്ലാ കാര്യങ്ങളും കോണ്‍ഗ്രസ് ചെയ്യുമെന്നും രാഹുല്‍ വ്യക്തമാക്കി.

Top