മന്ത്രി സുനിൽ കുമാർ അത്ര നല്ലവനല്ല, വകുപ്പിൽ 22.93 കോടി രൂപയുടെ അഴിമതി, സ്വന്തക്കാരനടിച്ചു മാറ്റിയത് 1.39 കോടി രൂപ

സി.പി.ഐയുടെ അഴിമതി പുറത്ത്. മന്ത്രി സുനിൽ കുമാറിനെതിരേ 22.93 കോടി രൂപയുടെ ക്രമക്കേട് ആരോപണം. ജനങ്ങൾ വിയർത്തും ജോലി ചെയ്തും ഉണ്ടാക്കുന്ന നികുതി പണം ഖജനാവിൽ നിന്നും അടിച്ചു മാറ്റി എന്നു മാത്രമല്ല 22.93 കോടി രൂപയുടെ നഷ്ടവും മന്ത്രി സുനിൽ കുമാറിന്റെ വകുപ്പ് വരുത്തിവയ്ച്ചു. പ്രതിപക്ഷത്തായിരുന്നപ്പോൾ മാന്യനായി ചാനൽ ചർച്ചയിൽ ഇരിക്കുന്ന വി.എസ് സുനിൽ കുമാറിന്റെ കപട മുഖമാണ്‌ അഴിഞ്ഞുവീഴുന്നത്. ഈ മന്ത്രിക്ക് അല്പ്പം പൗര ബോധവും ജനാധിപത്യ മൂല്യവും ഉണ്ടായിരുന്നെങ്കിൽ ഈ അഴിമതി തടായാമായിരുന്നു. നീ ഏതാടേ..മറ്റവനേ..എന്നെ ജനാധിപത്യം പഠിപ്പിക്കാൻ എന്ന് ഈ സുനിൽ കുമാർ ചോദിക്കും. സുനിൽ കുമാറിനു ഉത്തരം പ്രവാസി ശബ്ദത്തിന്റെ അന്വേഷണ ഏജൻസി തന്നെ നല്കും..റിപോർട്ട് വായിക്കുക..

ഇന്ത്യന്‍ കാര്‍ഷിക ഗവേഷണ കൌണ്‍സിലിന്റെ മാര്‍ഗ്ഗരേഖകള്‍ അട്ടിമറിച്ചുകൊണ്ട് സര്‍വ്വകലാശാലയില്‍ 2011 മുതല്‍ ഏര്‍പ്പെടുത്തിയ 48.8 കോടി രൂപയുടെ റിവോള്‍വിംഗ് ഫണ്ട് സംവിധാനത്തിലൂടെ സര്‍വ്വകലാശാലക്ക് ഏകദേശം 22.93 കോടി രൂപയുടെ നഷ്ടമാണ് ഉണ്ടായിരിക്കുന്നത്. അതില്‍ത്തന്നെ 1.13 കോടിയുടെ നഷ്ടം ഉണ്ടാക്കിയത് ഡോ. അരവിന്ദാക്ഷന്റെ നേതൃത്തത്തിലുള്ള സെന്‍ട്രല്‍ നേഴ്സറി അഥവാ പ്ലാന്റ് പ്രൊപ്പഗേഷന്‍ നേഴ്സറി പദ്ധതികള്‍ മുഖാന്തിരമാണ്. റിവോള്‍വിംഗ് ഫണ്ട് ഉപയോഗിച്ചുകൊണ്ടുള്ള അഞ്ച് പദ്ധതികളായിരുന്നു ഡോ അരവിന്ദാക്ഷന് ഉണ്ടായിരുന്നത്. അതേസമയം ഡോ. അരവിന്ദാക്ഷന്‍, റിവോള്‍വിംഗ് ഫണ്ട് മുഖാന്തിരം സാമ്പത്തിക വിനിമയം നടത്തിയ 1.39 കോടി രൂപയ്ക്കും സര്‍ക്കാര്‍ അനുശാസിക്കുന്ന രീതിയിലുള്ള യാതൊരുവിധ കണക്കുകളും ഇല്ലെന്നും ഓഡിറ്റ്‌ റിപ്പോര്‍ട്ടില്‍ പറയുന്നു.സി.പി.ഐ.ക്കാരനും കൃഷിമന്ത്രിയുടെ അടുപ്പക്കാരനുമാണെന്ന് സ്വയം അവകാശപ്പെടുന്ന കാര്‍ഷിക സര്‍വ്വകലാശാലയിലെ ഡോ. കെ. അരവിന്ദാക്ഷന്‍ കാര്‍ഷിക സര്‍വ്വകലാശാലക്ക് വരുത്തിയ നഷ്ടം രണ്ടര കോടിയിലേറെ രൂപ. ഇത് സംബന്ധിച്ച ഓഡിറ്റ്‌ റിപ്പോര്‍ട്ട് പുറത്തായി. കേരള സംസ്ഥാന ഓഡിറ്റ്‌ വകുപ്പിന്റെ 2015-2016 വര്‍ഷത്തെ കാര്‍ഷിക സര്‍വ്വകലാശാല ഓഡിറ്റ്‌ റിപ്പോര്‍ട്ടിനെ അടിസ്ഥാനപ്പെടുത്തിയാണ് ഇപ്പോള്‍ കൃഷിമന്ത്രിക്കെതിരെയും വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരിക്കുന്നത്.സുനിൽ കുമാർ മന്ത്രിയുടെ സ്വന്തക്കാരനാണ്‌ അരവിന്ദാക്ഷൻ. അതായത് വകുപ്പ് മന്ത്രിക്ക് പണം ഉണ്ടാക്കി കൊടുക്കുന്ന ദല്ലാൾ എന്നാണ്‌ സി.പി.എം തുറന്ന് അടിക്കുന്നത്.

ഡോ. കെ. അരവിന്ദാക്ഷന്‍ കൈകാര്യം ചെയ്ത പദ്ധതികളുടെ 1.39 കോടി ഫണ്ടിന്‍റെ യഥാര്‍ത്ഥ വരവ്-ചെലവ് കണക്കില്ല. എല്ലാം വിശദമാക്കുന്ന കേരള സംസ്ഥാന ഓഡിറ്റ്‌ വകുപ്പിന്‍റെ റിപ്പോര്‍ട്ട് പുറത്ത്. ഒട്ടേറെ അഴിമതിയാരോപണങ്ങള്‍ക്ക് വിധേയനായ ഡോ. അരവിന്ദാക്ഷന് സര്‍വ്വകലാശാല റജിസ്ട്രാര്‍ തസ്തികയില്‍ നിയമനം കൊടുത്ത് സാമ്പത്തിക ബാധ്യതകളില്‍ നിന്ന് തലയൂരി വിരമിക്കാന്‍ സഹായിച്ചതും കൃഷിമന്ത്രി വി.എസ്. സുനില്‍കുമാര്‍.

മാത്രമല്ല, കൃഷിമന്ത്രി സുനില്‍കുമാറിന്റെ ഒത്താശയോടെ സര്‍വ്വകലാശാല ജനറല്‍ കൌണ്‍സിലിലും എക്സിക്യുട്ടീവ്‌ കമ്മിറ്റിയിലും കടന്നുകൂടിയ ഡോ. കെ. അരവിന്ദാക്ഷന്റെ പേരില്‍ കോടികളുടെ സാമ്പത്തിക ക്രമക്കേടുകളും ഓഡിറ്റ്‌ കണ്ടെത്തിയിരിക്കുന്നു.  സി.പി.ഐ. സമ്മേളനത്തിലും കാനം പക്ഷത്തെ ചൊല്ലിയും ഇസ്മായില്‍ പക്ഷത്തെ ചൊല്ലിയും അഴിമതിയാരോപണങ്ങള്‍ തുരുതുരെ ഉണ്ടായി. രണ്ടുപക്ഷവും പ്രതിരോധത്തിലായെങ്കിലും ഇസ്മായില്‍ പക്ഷം കൂടുതല്‍ പ്രതിരോധത്തിലായെന്നതാണ് വസ്തുത. സി.പി.ഐ.ക്ക് മേല്‍ക്കൈയുള്ള കാര്‍ഷിക സര്‍വ്വകലാശാലയില്‍ അഴിമതി നൂറുമേനി വിളയാന്‍ തുടങ്ങിയിട്ട് കാലങ്ങളായി. ഇസ്മായില്‍ പക്ഷത്തിന്റെ ഒഴിവാക്കാനാവാത്ത സ്വാധീനം മൂലമാണ് കാര്‍ഷിക സര്‍വ്വകലാശാലയില്‍ അഴിമതി വ്യാപകമായി കൃഷി ചെയ്യുന്നതെന്ന് കാനം പക്ഷക്കാരുടെ വിശുദ്ധ മൊഴി നിലനില്‍ക്കുമ്പോഴും കൃഷിമന്ത്രി വി.എസ്. സുനില്‍കുമാര്‍ വിവാദങ്ങളെ തൊടാതെ കാര്‍ഷിക സര്‍വ്വകലാശാല ഉഴുതുമറിക്കുന്നു.

സി.പി.ഐ.ക്കാരനും കൃഷിമന്ത്രിയുടെ അടുപ്പക്കാരനുമാണെന്ന് സ്വയം അവകാശപ്പെടുന്ന ഡോ. കെ. അരവിന്ദാക്ഷന് കാര്‍ഷിക സര്‍വ്വകലാശാലയുടെ റിവോള്‍വിംഗ് ഫണ്ടില്‍ നിന്ന് കൊടുത്ത 1.39 കോടിയുടെ ഫണ്ടിന് യഥാര്‍ത്ഥ വരവ്-ചെലവ് കണക്കില്ല. മാത്രമല്ല, സര്‍വ്വകലാശാലക്ക് ഇയാള്‍ ഏകദേശം രണ്ടര കോടിയുടെ നഷ്ടവും വരുത്തിവച്ചു. ഓഡിറ്റ്‌ റിപ്പോര്‍ട്ട് പുറത്തുവന്നതോടെ ഇയാള്‍ കൃഷിമന്ത്രി വി.എസ്. സുനില്‍കുമാറിനെ പ്രതിരോധത്തിലാക്കിയിരിക്കുകയാണ്. അതും സി.പി.ഐ., സി.പി.ഐ.(എം) സമ്മേളനങ്ങള്‍ക്ക് കൊടിയിറങ്ങിയ പശ്ചാത്തലത്തില്‍ കടുത്ത വിമര്‍ശനങ്ങള്‍ക്ക് സി.പി.ഐ മന്ത്രിമാര്‍ പ്രതിക്കൂട്ടില്‍ നില്‍ക്കുന്ന സാഹചര്യത്തില്‍.

ഓഡിറ്റ്‌ റിപ്പോര്‍ട്ട് പുറത്തുവിട്ട 1.39 കോടി രൂപക്ക് യഥാര്‍ത്ഥ വരവ്-ചെലവ് കണക്കുകള്‍ കൊടുക്കാതെ 1.13 കോടിയുടെ നഷ്ടം സര്‍വ്വകലാശാലക്ക് വരുത്തിവച്ചതിനുപുറമേ, കൃഷിമന്ത്രിയുടെ അടുപ്പക്കാരനാണെന്ന് അവകാശപ്പെടുന്ന ഡോ. കെ. അരവിന്ദാക്ഷനെതിരെ നേരത്തെ ഒരു കോടി മുപ്പത്തേഴു ലക്ഷത്തിന്റെ അഴിമതി കേസും വിജിലന്സിലുണ്ടായിരുന്നു. സ.പി.ഐ. ഇടപെട്ടാണ് ഡോ. അരവിന്ദാക്ഷനെ വിജിലന്‍സിന്റെ കുരുക്കില്‍നിന്നു രക്ഷപ്പെടുത്തിയതെന്നും പറയപ്പെടുന്നു. മാത്രമല്ല, കേസ്സ് അന്വേഷിച്ചിരുന്ന അന്നത്തെ വിജിലന്‍സ് ഡയറക്ടര്‍ ഡോ’ ജേക്കബ്ബ് തോമസ്‌ കാര്‍ഷിക സര്‍വ്വകലാശാല അധികൃതരോടൊപ്പം കാര്‍ഷിക സര്‍വ്വകലാശാലയില്‍ ഒരേ ബഞ്ചിലിരുന്നു പഠിച്ച വിദ്യാര്‍ഥിയുമായിരുന്നു. ഡോ. അരവിന്ദാക്ഷന്‍ രക്ഷപ്പെടാന്‍ ഇതും ഒരു വഴിയായി.

മാത്രമല്ല, ഈ അഴിമതി ആരോപണങ്ങളൊക്കെ നിലനില്‍ക്കുമ്പോഴാണ് കൃഷിമന്ത്രി വി.എസ്.സുനില്‍കുമാര്‍ അഴിമതി ആരോപണ വിധേയനായ ഡോ. അരവിന്ദാക്ഷനെ കേവലം മൂന്നുമാസത്തേക്ക് സര്‍വ്വകലാശാല റജിസ്ട്രാര്‍ ആയി നിയമനം കൊടുത്തത്. റജിസ്ട്രാര്‍ ആയിരുന്ന സമയത്ത് തനിക്കെതിരെയുള്ള ഓഡിറ്റ്‌ രേഖകളെല്ലാം തന്ത്രപൂര്‍വ്വം പൂഴ്ത്തിവച്ചുകൊണ്ട് സര്‍വ്വകലാശാലയില്‍ നിന്ന് മുഴുവന്‍ വിരമിക്കല്‍ ആനുകൂല്യങ്ങളും വാങ്ങി ഡോ. കെ. അരവിന്ദാക്ഷന്‍ സാമാന്യം ഭംഗിയായി തന്നെ വിരമിച്ചു. ഇതുമായി ബന്ധപ്പെട്ട് ലക്ഷങ്ങള്‍ പാര്‍ട്ടിക്ക് സംഭാവന കൊടുത്തെന്ന ആരോപണവും അന്ന് നിലനിന്നിരുന്നു.

ഡോ. കെ.അരവിന്ദാക്ഷന്‍ വിരമിച്ചിട്ടും കൃഷിമന്ത്രി അദ്ദേഹത്തെ ഹോര്‍ട്ടി കോര്‍പ്പ് എം.ഡി. യാക്കാന്‍ ശ്രമിച്ചെങ്കിലും സി.പി.ഐ.യിലെ ധാര്‍മ്മിക വാദികള്‍ എതിര്‍ത്തതുമൂലം അത് നടക്കാതെ പോവുകയായിരുന്നു. പിന്നീട് ഒരു പകരം വീട്ടലിന്റെ ഭാഗമായി കൃഷിമന്ത്രി വി.എസ്.സുനില്‍കുമാര്‍ ഡോ. അരവിന്ദാക്ഷനെ ഈയ്യിടെ സര്‍വ്വകലാശാലയുടെ ജനറല്‍ കൌണ്‍സിലിലേക്കും എക്സിക്യുട്ടീവ്‌ കമ്മറ്റിയിലേക്ക് തെരഞ്ഞെടുത്തു. ഇതിന്റേയും പിന്നില്‍ ലക്ഷങ്ങളുടെ സ്വജനപക്ഷപാത-അഴിമതി ആരോപണത്തിന് സി.പി.ഐ. നിന്നുകൊടുക്കേണ്ടിവന്നിരുന്നു. മാത്രമല്ല, കാര്‍ഷിക സര്‍വ്വകലാശാലയില്‍ 300 അസ്സിസ്റ്റന്റ് പ്രൊഫസ്സര്‍മാരെ വഴിവിട്ട് നിയമിക്കാന്‍ പോകുന്ന സാഹചര്യത്തില്‍ കാര്യങ്ങള്‍ കുറേക്കൂടി സുഗമാമാകാന്‍ തന്നെയാണ് ഡോ. കെ. അരവിന്ദാക്ഷനെ സുനില്‍കുമാര്‍ സര്‍വ്വകലാശാലയിലേക്ക് വഴിവിട്ടുകൊണ്ട് ആനയിക്കുന്നതെന്ന ആരോപണവും ശക്തമായി നിലനില്‍ക്കുന്നു. ഇപ്പോള്‍ മാത്രം പുറത്തുവന്ന കേരള സംസ്ഥാന ഓഡിറ്റ്‌ വകുപ്പിന്റെ 2015-2016 വര്‍ഷത്തെ കാര്‍ഷിക സര്‍വ്വകലാശാല ഓഡിറ്റ്‌ റിപ്പോര്‍ട്ടില്‍ വളരെ കടുത്ത വിമര്‍ശനങ്ങളാണ് ഡോ. അരവിന്ദാക്ഷന്‍ മേധാവിയായ വകുപ്പുകള്‍ക്കുള്ളത്. ഏകദേശം രണ്ടര കോടിയിലേറെ രൂപയുടെ സാമ്പത്തിക ക്രമക്കേടുകളാണ് ഇയാള്‍ക്കെതിരെ സംസ്ഥാന ഓഡിറ്റ്‌ വകുപ്പ് കണ്ടെത്തിയിരിക്കുന്നത്.

ഡോ. അരവിന്ദാക്ഷന്‍ ഏറ്റെടുത്തു നടത്തിയ അഗ്രികള്‍ച്ചറല്‍ ടെക്നോളജി ഇന്‍ഫര്‍മേഷന്‍ സെന്ററില്‍ (ATIC) നടീല്‍ വിത്തുകളുടെ ക്രയവിക്രയത്തില്‍ 11.56 ലക്ഷം രൂപക്ക്‌ സര്‍വ്വകലാശാലയില്‍ കണക്കില്ല. സര്‍വ്വകലാശാലയില്‍ കുളം കുഴിച്ചതില്‍ നിന്ന് എടുത്തുമാറ്റിയ 204 എം 3 മണ്ണിനും കണക്കില്ല. കാര്‍ഷികാവശ്യത്തിനു മാത്രമായി തൃശൂര്‍ മൈനിംഗ് ആന്റ് ജിയോളജി വകുപ്പ് ഉത്തരവ് നമ്പര്‍ 554/15-16/134/ഒ.ഇ./സി.2/ടി.ഡി.ഒ/16 പ്രകാരം അനുവദിച്ച മണ്ണാണ് മറ്റു പല കാര്യങ്ങള്‍ക്കുമായി ഉപയോഗപ്പെടുത്തിയത്. ഈ ഇനത്തില്‍ മാത്രം 63660 രൂപക്ക് കണക്കില്ല. 554227 രൂപയുടെ കമ്പ്യുട്ടര്‍ രശീതി ക്യാന്‍സല്‍ ചെയ്തതായി കാണുന്നു. ഇതിനു പകരം രശീതി എഴുതിയും കാണുന്നില്ല. പല രശീതികളും വെട്ടിത്തിരുത്തിയ നിലയിലാണ് ഓഡിറ്റ്‌ കണ്ടെത്തിയത്. പോളി ഹൌസ് നിര്‍മ്മിച്ചതില്‍ 7.82 ലക്ഷത്തിനും കണക്കില്ല.

ഡോ. അരവിന്ദാക്ഷന്‍ മേധാവിയായിരുന്ന സര്‍വ്വകലാശാല റബ്ബര്‍ എസ്റ്റേറ്റില്‍ മാത്രം 1.55 കോടിയുടെ നഷ്ടം സംഭവിച്ചതായി ഓഡിറ്റ്‌ ചൂണ്ടിക്കാണിക്കുന്നു. നേരത്തെ ഇതേ റബ്ബര്‍ എസ്റ്റേറ്റിലെ 1.37 കോടി രൂപയുടെ അഴിമതിയുമായി ബന്ധപ്പെട്ട് ഇയാള്‍ക്കെതിരെ വിജിലന്‍സില്‍ കേസ്സുണ്ടായിരുന്നു. ഡോ. കെ. അരവിന്ദാക്ഷന്‍ കൈകാര്യം ചെയ്ത വകുപ്പുകളില്‍ കൃത്യമായി അക്കൌണ്ടിംഗ് സംവിധാനമില്ലാത്തതുകൊണ്ട് കോടികളുടെ കണക്ക് ഓഡിറ്റ്‌ ചെയ്യുന്നതിനും കേരള സംസ്ഥാന ഓഡിറ്റ്‌ വിഭാഗത്തിന് കഴിഞ്ഞില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. അതുകൂടി കണക്കിലെടുക്കുമ്പോള്‍ ഡോ. കെ. അരവിന്ദാക്ഷന്‍ മാത്രം സര്‍വ്വകലാശാലക്കുണ്ടാക്കിയ നഷ്ടം ഏതാണ്ട് രണ്ടര കോടി കവിയും.

അതേസമയം ഡോ.കെ.അരവിന്ദാക്ഷന്‍ സെന്‍ട്രല്‍ നേഴ്സറി അഥവാ പ്ലാന്റ് പ്രൊപ്പഗേഷന്‍ നേഴ്സറി പദ്ധതികള്‍ക്കായി റിവോള്‍വിംഗ് ഫണ്ടിനത്തില്‍ സര്‍വ്വകലാശാലയില്‍ നിന്ന് അടിച്ചുമാറ്റിയത് 1.39 കോടി രൂപയാണെന്ന് വ്യക്തമാവുന്നുണ്ട്. എന്നാല്‍ ഈ തുകയുടെ മൂന്നിലൊന്നു പോലും വരുമാനമുണ്ടാക്കാന്‍ ഡോ. അരവിന്ദാക്ഷന് കഴിഞ്ഞില്ലെന്നും ഓഡിറ്റ്‌ റിപ്പോര്‍ട്ടില്‍ പറയുന്നു. ഇയാള്‍ സര്‍വ്വകലാശാലക്ക് ആകെ തിരിച്ചടച്ചത് 26.5 ലക്ഷത്തിന്‍റെ വരുമാനം മാത്രം. സര്‍വ്വകലാശാലക്ക് നഷ്ടം 1.13 കോടി രൂപയും.

കേരളത്തിനു പുറത്തുനിന്നാണ് ഡോ. അരവിന്ദാക്ഷന്‍ നടീല്‍ വിത്തുകളും ചെടികളും വാങ്ങിച്ചിരുന്നത്. ഇത്തരത്തില്‍ ഒരു രൂപയ്ക്ക് വാങ്ങിയവ ‘കാര്‍ഷിക സര്‍വ്വകലാശാല നടീല്‍ ഇനങ്ങള്‍’ എന്ന് മുദ്രകുത്തി പത്തുരൂപക്കാണ് വില്‍പ്പന നടത്തിയത്. ഇത്തരത്തില്‍ അന്യസംസ്ഥാനങ്ങളില്‍ നിന്ന് ശാസ്ത്രീയമായ പരിശോധനകള്‍ ഒന്നുമില്ലാതെ വ്യക്തികളില്‍ നിന്നോ സ്ഥാപനങ്ങളില്‍ നിന്നോ നടീല്‍ ഇനങ്ങള്‍ വാങ്ങാന്‍ സര്‍വ്വകലാശാലക്ക് അധികാരമില്ല. എന്നാല്‍ ഡോ. അരവിന്ദാക്ഷന്‍ നടീല്‍ ഇനങ്ങള്‍ കൂടുതലും വാങ്ങിയത് തമിഴ്‌നാട്ടിലെ ദിണ്ടിഗലിലെ തോമിയുര്‍ എന്ന വ്യക്തിയില്‍ നിന്നായിരുന്നു. മാത്രമല്ല, കാര്‍ഷിക സര്‍വ്വകലാശാലയുടെ വിശ്വസനീയത മാത്രം കണക്കിലെടുത്ത് ഇത്തരം വിത്തിനങ്ങള്‍ വാങ്ങുന്ന കര്‍ഷകരെ വഞ്ചിക്കുകയാണ് കേരള കാര്‍ഷിക സര്‍വ്വകലാശാല ചെയ്തതെന്നും ഓഡിറ്റ്‌ റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്.

കാര്‍ഷിക വിദ്യാഭ്യാസം കര്‍ഷകരില്‍ എത്തിക്കുന്നതിനും, കാര്‍ഷിക ഗവേഷണം ത്വരിതപ്പെടുത്തുന്നതിനും, കാര്‍ഷിക വിജ്ഞാന വ്യാപനം വിപുലീകരിക്കുന്നതിനും, കാലാകാലങ്ങളില്‍ സര്‍വ്വകലാശാലാ തീരുമാനങ്ങള്‍ക്ക് വിധേയമായ കാര്‍ഷിക പദ്ധതികള്‍ക്കുമാണ് റിവോള്‍വിംഗ് ഫണ്ട് ഉപയോഗിക്കേണ്ടതെന്ന് സര്‍വ്വകലാശാലയുടെ മാര്‍ഗ്ഗരേഖയില്‍ പറയുന്നുണ്ട്.

എന്നാല്‍ കാലാകാലങ്ങളില്‍ സര്‍വ്വകലാശാല തീരുമാനങ്ങള്‍ക്ക് വിധേയമായ കാര്‍ഷിക പദ്ധതികള്‍ക്കാണ് കൂടുതലും തുകകള്‍ ചെലവഴിച്ചുകാണുന്നത്. ഇവയില്‍ തന്നെ 25 പദ്ധതികള്‍ പൂര്‍ണ്ണ പരാജയമാണെന്നും ഓഡിറ്റ്‌ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നുണ്ട്. ഈ 25 പദ്ധതികളില്‍ നിന്ന് ഒരു നയാപൈസ പോലും സര്‍വ്വകലാശാലക്ക് വരുമാനമായി കിട്ടിയിട്ടില്ല. അതേസമയം ഈ പദ്ധതികളൊന്നും തന്നെ സര്‍വ്വകലാശാല സ്റ്റാറ്റ്യൂട്ട് പ്രകാരമോ സര്‍വ്വകലാശാല ജനറല്‍ കൌണ്‍സില്‍/എക്സിക്യുട്ടീവ്‌ കൌണ്‍സില്‍ തീരുമാനം പ്രകാരമോ ആയിരുന്നില്ല നടപ്പില്‍ വരുത്തിയതെന്നും ഓഡിറ്റ്‌ കണ്ടെത്തിയിരിക്കുന്നു.

വെറ്ററിനറി സര്‍വ്വകലാശാലയുടെ പരിധിയില്‍ വരുന്ന പശു, ആട്, മുയല്‍ വളര്‍ത്തലും റിവോള്‍വിംഗ് ഫണ്ട്‌ ഉപയോഗിച്ചുകൊണ്ട് കാര്‍ഷിക സര്‍വ്വകലാശാലയുടെ സെന്‍ട്രല്‍ നേഴ്സറി വിഭാഗം തലവന്‍ ഡോ. അരവിന്ദാക്ഷന്‍ നടത്തിപ്പോന്നു. ശാസ്ത്രീയമായ മൃഗ സംരക്ഷണം പഠിക്കാത്തവര്‍ ഈ പദ്ധതി കൈകാര്യ ചെയ്തതുകൊണ്ട് വേണ്ടത്ര പരിചരണം ലഭിക്കാതെയാണ് ഈ പദ്ധതിയിലെ മിക്കവാറും മൃഗങ്ങള്‍ ചത്തുപോയതത്രേ. ജീവിച്ചിരിക്കുന്ന മൃഗങ്ങള്‍ക്കുപോലും കണക്കില്ലാത്ത സാഹചര്യത്തില്‍ ചത്തുപോയവയുടെ കണക്ക് എങ്ങനെ ഓഡിറ്റിന് കിട്ടുമെന്നാണ് ഓഡിറ്റ്‌ ചോദിക്കുന്നത്.

മതിയായ ഇന്‍ഷുറന്‍സ് ഏര്‍പ്പെടുത്താത്തതുകൊണ്ട് ഈ പദ്ധതിയിലെ ചത്തുപോയ മൃഗങ്ങള്‍ക്ക് ഇന്‍ഷുറന്‍സ് ക്ലെയിം അവകാശപ്പെടാനായില്ല. രോഗം ബാധിച്ച മൃഗങ്ങളെ വെറ്ററിനറി സര്‍വ്വകലാശാലയുടെ ഇറച്ചി സംസ്കരണ കേന്ദ്രം വഴി വില്‍ക്കാന്‍ ശ്രമിച്ചെങ്കിലും വെറ്ററിനറി അധികൃതര്‍ അതിനു വഴങ്ങിയില്ല. ഇതേ തുടര്‍ന്ന് പിന്നീട് കാര്‍ഷിക സര്‍വ്വകലാശാലയുടെ വെള്ളാനിക്കരയിലുള്ള സെന്‍ട്രല്‍ നേഴ്സറിയില്‍ വച്ചുതന്നെ ഇറച്ചിയാക്കി വിറ്റെന്നും ആരോപണമുണ്ടായിരുന്നു. അതേസമയം മതിയായ ശാസ്ത്രീയമായ രേഖകളോ റജിസ്റ്ററുകളോ ഒന്നുംതന്നെ ഇല്ലാത്തതുകൊണ്ട് ഓഡിറ്റ്‌ ചെയ്യാന്‍ കഴിഞ്ഞില്ലെന്നും തദ്വാര നഷ്ടം തിട്ടപ്പെടുത്താനാവില്ലെന്നും ഓഡിറ്റ്‌ റിപ്പോര്‍ട്ടില്‍ വിമര്‍ശനമുണ്ട്.

അതേസമയം ഈ പദ്ധതികളുടെ ബാങ്കിംഗ് ഇടപാടുകള്‍ അതതു് ഉദ്യോഗസ്ഥരുടെ പൂര്‍ണ്ണമായ നിയന്ത്രണത്തിലായിരുന്നു. ഈ പദ്ധതികള്‍ക്കൊന്നും തന്നെ ലാഭ-നഷ്ട അക്കൊണ്ടിംഗ് സമ്പ്രദായം ഇല്ല. അതുകൊണ്ടുതന്നെ ഈ പദ്ധതികളുടെ ലാഭ-നഷ്ടങ്ങള്‍ തിരിച്ചറിയാനാവില്ല. നിലവിലുള്ള ഫയലുകളുടെയും രേഖകളുടെയും അടിസ്ഥാനത്തിലാണ് ഓഡിറ്റ്‌ നഷ്ടങ്ങള്‍ കണക്കാക്കിയിട്ടുള്ളതെങ്കിലും സമഗ്രമായ അന്വേഷണത്തിലൂടെ മാത്രമേ സാമ്പത്തിക ക്രമക്കേടുകളുടെ കൃത്യമായ പശ്ചാത്തലം മനസ്സിലാക്കാനാവൂ എന്നും ഓഡിറ്റ്‌ പറയുന്നുണ്ട്. അതുകൊണ്ട് ആയതിന്മേല്‍ സര്‍വ്വകലാശാലയോട് സമഗ്രമായ അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും ഓഡിറ്റ്‌ നിര്‍ദേശിച്ചിട്ടുണ്ട്.

ഡോ.കെ.അരവിന്ദാക്ഷന്‍ സര്‍വ്വകലാശാലക്ക് കോടികളുടെ നഷ്ടം വരുത്തിയ വസ്തുത കേരള സംസ്ഥാന ഓഡിറ്റ്‌ വിഭാഗം കണ്ടെത്തിയിട്ട് വര്‍ഷങ്ങളായിട്ടും വിജിലന്‍സില്‍ കേസ്സുണ്ടായിട്ടും സി.പി.ഐ.യുടേയും കൃഷിമന്ത്രി വി.എസ്. സുനില്‍കുമാറിന്റേയും പിന്‍ബലത്തില്‍ ഡോ. അരവിന്ദാക്ഷന്‍ നെഞ്ചും വിരിച്ച് പൊതുജനത്തെ വെല്ലുവിളിച്ചുകൊണ്ട് വിലസുകയാണ് ഇന്നും. ഈ ബാധ്യതകളൊന്നും തന്നെ കണക്കിലെടുക്കാതെ ഡോ. അരവിന്ദാക്ഷന് സുഖമായി വിരമിക്കാനുള്ള ബാധ്യതാ രഹിത സര്‍ട്ടിഫിക്കറ്റുകള്‍ അടക്കമുള്ള ഒത്താശകള്‍ ചെയ്തുകൊടുത്ത സര്‍വ്വകലാശാല ഉദ്യോഗസ്ഥരില്‍ നിന്നുവേണം ഇനി ഈ ബാധ്യതകള്‍ തിരിച്ചുപിടിക്കാന്‍. സര്‍വ്വീസില്‍ നിന്ന് വിരമിച്ചുപോയ ഒരാളില്‍ നിന്ന് ബാധ്യതകള്‍ തിരിച്ചുപിടിക്കുന്നത് എളുപ്പമാകാന്‍ വഴിയില്ല.

 

Top