മൂന്ന് പതിറ്റാണ്ട് മുമ്പുള്ള ഗള്‍ഫ് ‘കല്ല്യാണം’ സൈബര്‍ ലോകത്ത് വൈറല്‍

കോഴിക്കോട്: പ്രീവെഡ്ഡിംഗ് ഷൂട്ടുകളും പോസ്റ്റ് വെഡ്ഡിംഗ് ഷൂട്ടുകളുമായി ഇന്നത്തെ വിവാഹങ്ങള്‍ വന്‍ ആഘോഷങ്ങളാണ്. പലപ്പോഴും പഴയ തലമുറ പറയാറുണ്ട് ഞങ്ങളുടെ കാലത്ത് ഇങ്ങനെയൊന്നും ആയിരുന്നില്ലെന്ന്. അവരുടെ കഥകൡ നിന്ന് കേട്ടറിവുകള്‍ മാത്രമാണ് ഇന്നത്തെ തലമുറയ്ക്ക് പലതും.

എന്നാല്‍ മൂന്ന് പതിറ്റാണ്ട് മുമ്പുള്ള ഒരു വിവാഹ വീഡിയോ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്. പഴയ ആഘോഷങ്ങളെ പുതുതലമുറയ്ക്ക് പരിചിതമാക്കുകയാണ് വീഡിയോ.

1985ല്‍ കൊയിലാണ്ടി വിയ്യൂരില്‍ നടന്ന വിവാഹ വീഡിയോ ആണ് അതിരുകളില്ലാതെ സൈബര്‍ലോകത്ത് വൈറലാകുന്നത്. അന്നത്തെ കാലത്ത് ഗള്‍ഫുകാരുടെയും പണക്കാരുടേയും കല്ല്യാണത്തിന് മാത്രമാണ് വീഡിയോ എടുക്കാറ്.

വിയ്യൂരിലെ ഗള്‍ഫുകാരനായിരുന്ന ചാത്തോത്ത്താഴെ രാജന്റെയും കാപ്പാട് തൂവപ്പാറ ഇയ്യത്തുംകൊടിയില്‍ തങ്കയുടേയും വിവാഹമാണ് 33 വര്‍ഷങ്ങള്‍ക്ക് ശേഷം ലക്ഷക്കണക്കിനാളുകള്‍ കാണുകയും ഷെയര്‍ ചെയ്യുകയും ചെയ്യുന്നത്.

ആളുകള്‍ നിലത്തിരുന്ന് ഭക്ഷണം കഴിക്കുന്നതും സ്ത്രീകള്‍ കൂട്ടംചേര്‍ന്ന് അമ്മിയില്‍ അരയ്ക്കുന്നതുമെല്ലാം പുതുതലമുറയ്ക്ക് കേട്ടറിവ് മാത്രമായിരിക്കും. ഇന്നത്തെ പോലെ ആര്‍ഭാടമായ പന്തലിന് പകരം ഈന്തപ്പനയുടെ ഓല കൊണ്ട് അലങ്കരിച്ച കല്ല്യാണപന്തലുകളായിരുന്നു അന്ന്.

ക്യാമറ: എംപീസ്, എഡിറ്റിംഗ്: ദേവാവിഷ്വല്‍ മീഡിയ എംപീസ് സ്റ്റുഡിയോയിലെ ക്യാമറാമാന്‍ ബേബിയാണ് ദൃശ്യങ്ങള്‍ പകര്‍ത്തിയത്. വര്‍ഷങ്ങള്‍ക്ക് ശേഷം ഇപ്പോള്‍ രാജന്റെ മൂത്തമകന്‍ ജിതിന്‍ രാജിന്റെ സുഹൃത്തായ കൊയിലാണ്ടി ദേവാ വിഷ്വല്‍ മീഡിയ നടത്തുന്ന സജിന്‍ദേവാണ് ദൃശൃങ്ങള്‍ എഡിറ്റ് ചെയ്തത്.

മലമൂട്ടില്‍ നിന്നൊരു മാപ്പിള മാലാഖ പോലൊരു പെമ്പിള, അറബിക്കടലൊരു മണവാളന്‍ തുടങ്ങിയ പാട്ടുകള്‍ ചേര്‍ത്താണ് സജിന്‍ വീഡിയോ ന്യൂജന്‍മാരുടെ ഇടയില്‍ തരംഗമാക്കിയത്.

കൊയിലാണ്ടി നെല്ല്യാടി റൂട്ടിലെ ആദ്യകാല ബസ്സായിരുന്ന കെപികെ സണ്‍സിലാണ് കല്ല്യാണ പാര്‍ട്ടിയുടെ യാത്ര. കെപികെ ബസ് വിയ്യൂരുകാരെ സംബന്ധിച്ചിടത്തോളം ഏറെ പ്രിയപ്പെട്ടതാണ്. ടൂറിസ്റ്റ് കേന്ദ്രമായ കാപ്പാടിന്റെ പഴയകാലത്തെ ദൃശ്യങ്ങളും അത്ഭുതപ്പെടുത്തുന്നതാണ്. അടുത്തകാലം വരെ കൊയിലാണ്ടി നഗരമധ്യത്തിലുണ്ടായിരുന്ന മുത്തശ്ശി ആല്‍മരവും വീഡിയോയിലുണ്ട്.

Viral Wedding Video

മുപ്പത്തിമൂന്ന് വർഷത്തിന് ശേഷം കൊയിലാണ്ടിയിലെ ഗൾഫ് കല്ല്യാണം വൈറലായി https://goo.gl/6skJso

Posted by Keralakaumudi Flash on Friday, September 14, 2018

Top