സമൂഹ മാധ്യമങ്ങള്‍ വഴി ലൈംഗിക ദൃശ്യങ്ങള്‍ പ്രചരിപ്പിച്ച യുവതിക്ക് ഒരു വര്‍ഷത്തെ തടവും വന്‍തുക പിഴയും

അബുദാബി : അശ്ലീല വീഡിയോകള്‍ സമൂഹ മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്ത അറബ് യുവതിക്ക് ഒരു വര്‍ഷത്തെ തടവും 2,50000 ദിര്‍ഹം പിഴയും. അബുദാബിയിലെ ഫെഡറല്‍ സുപ്രീം കോര്‍ട്ട് ആണ് ശിക്ഷ വിധിച്ചത്. വിചാരണയില്‍ യുവതി കുറ്റക്കാരിയാണെന്ന് തെളിഞ്ഞതോടെയാണ് ശിക്ഷാവിധി. പൊതു സമൂഹത്തില്‍ പാലിക്കേണ്ട സദാചാര മര്യാദകളെ ലംഘിച്ചിരിക്കുകയാണ് യുവതിയെന്ന് കോടതി നിരീക്ഷിച്ചു. കഴിഞ്ഞ ഡിസംബറിലാണ് യുവതി പിടിയിലാകുന്നത്. ട്വിറ്റര്‍,സ്‌നാപ്ചാറ്റ്, ഇന്‍സ്റ്റഗ്രാം എന്നീ സമൂഹ മാധ്യമങ്ങളിലെ അക്കൗണ്ടുകളിലാണ് യുവതി മോശം വീഡിയോകള്‍ പോസ്റ്റ് ചെയ്തത്.

അറസ്റ്റിനെ തുടര്‍ന്ന് വിശദമായ അന്വേഷണം നടത്തിയപ്പോഴാണ് മുന്‍പും യുവതി ഇത്തരത്തില്‍ വീഡിയോകള്‍ പ്രചരിപ്പിച്ചിട്ടുണ്ടെന്ന് വ്യക്തമായത്.ദമാനി എന്ന പേരില്‍ ഒരു സോഷ്യല്‍ മീഡിയ അക്കൗണ്ട് ഉണ്ടാക്കി അതുപയോഗിച്ച് അശ്ലീല വീഡിയോകള്‍ യുവതി പ്രചരിപ്പിക്കുകയായിരുന്നു. ശിക്ഷാകാലയളവിന് ശേഷം അറബ് യുവതിയെ നാടുകടത്തും.യുവതി തുടങ്ങിയ എല്ലാ സമൂഹ മാധ്യമ അക്കൗണ്ടുകളും പൂട്ടാനും കോടതി ഉത്തരവിട്ടിട്ടുണ്ട്.

ഇതിനായി ഉപയോഗിച്ച മൊബൈല്‍, കംപ്യൂട്ടറുകള്‍ ഉള്‍പ്പെടെയുള്ള ഇലക്ട്രോണിക് ഉപകരണങ്ങള്‍ പിടിച്ചെടുക്കാനും കോടതി ഉത്തരവിട്ടിട്ടുണ്ട്.

Top