ദുബായില്‍ ജോലി : സഹോദരങ്ങള്‍ കോടികള്‍ തട്ടിയതായി പരാതി

ദുബായില്‍ ജോലി വാഗ്ദാനം ചെയ്തു സഹോദരങ്ങളും അവരുടെ ഭാര്യമാരുമടങ്ങുന്ന സംഘം കോടികള്‍ തട്ടിയതായി പരാതി. കപ്പലിലും റിഗിലുമായി ജോലി വാഗ്ദാനം നടത്തി പുതുവൈപ്പ് സ്വദേശികളായ ജയന്തന്‍, അനില്‍കുമാര്‍, ജയന്തന്റെ ഭാര്യ ഷീജ, അനില്‍കുമാറിന്റെ ഭാര്യ സരസ്വതി എന്നിവര്‍ ചേര്‍ന്നു പണം വാങ്ങി കബളിപ്പിച്ചെന്ന് ഇരയായവര്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.

2014 ഒക്ടോബര്‍ മുതലാണ് വിവിധയാളുകളില്‍ നിന്ന് പണം വാങ്ങിയിട്ടുള്ളത്. റിഗിലെ ജോലിക്കായി ആറര ലക്ഷവും ഷിപ്പിലെ ജോലിക്കായി നാലു ലക്ഷവുമാണ് റീത്ത മാനേജ്മെന്റ് എന്ന സ്ഥാപനത്തിന്റെ ഉടമകള്‍ വാങ്ങിയത്. തുക കൈപ്പറ്റിയ ശേഷം ജോലിക്കു വേണ്ടി ചില കോഴ്സുകള്‍ പഠിക്കാന്‍ നിര്‍ദേശിക്കുകയും മുംബൈയില്‍ ഒന്നര വര്‍ഷത്തോളം താമസിക്കേണ്ടിയും വന്നു. എല്ലാം ശരിയായിട്ടുണ്ടെന്നും വീട്ടിലേക്കു മടങ്ങിക്കൊള്ളാനും വിസ വരുമെന്നുമായിരുന്നു അവര്‍ പറഞ്ഞിരുന്നത്. പക്ഷേ, മാസങ്ങള്‍ കഴിഞ്ഞിട്ടും വിസ ലഭിക്കാതായതോടെ, മുംബൈയില്‍ നേരത്തേ പോയ സ്ഥാപനത്തില്‍ ചെന്നപ്പോള്‍ അതു പൂട്ടിക്കിടക്കുകയായിരുന്നു. പോലീസിനു പരാതി നല്‍കിയെങ്കിലും നടപടിയൊന്നുമുണ്ടായില്ലെന്ന് ഇരയാക്കപ്പെട്ടവര്‍ ആരോപിച്ചു.

റീത്ത മാനേജ്മെന്റ് എന്ന സ്ഥാപനം അവരുടെ വീട്ടില്‍ തന്നെയാണു പ്രവര്‍ത്തിച്ചിരുന്നത്. ഇവിടെ സ്ഥിരം എത്തി പണം ആവശ്യപ്പെട്ടതോടെ ചെക്കുകള്‍ നല്‍കിയെങ്കിലും ബാങ്കിലെത്തിയപ്പോള്‍ അക്കൗണ്ടില്‍ പണമുണ്ടായിരുന്നില്ല. ഇതോടെ വണ്ടി ചെക്ക് നല്‍കി കബളിപ്പിച്ചതിന്റെ കേസുകളും റീത്ത മാനേജ്മെന്റിന്റെ ഉടമകള്‍ക്കെതിരേയുണ്ട്.

ഞാറയ്ക്കല്‍ പോലീസ് സഹായിക്കില്ലെന്നു മനസിലായതോടെ എസ്.പി ഓഫീസില്‍ പരാതി നല്‍കുകയായിരുന്നുവെന്ന് കബളിക്കപ്പെട്ടവരില്‍ ഒരാളായ കെ.വി. സനീഷ് പറഞ്ഞു. അനില്‍കുമാര്‍ അടക്കമുള്ളവര്‍ക്കെതിരേ പരാതി ലഭിച്ചിട്ടുണ്ടെന്ന് എസ്.പി ഓഫീസ് വ്യക്തമാക്കി. സംഭവത്തില്‍ കേസ് എടുത്തിട്ടുണ്ടെന്നാണ് ഞാറയ്ക്കല്‍ എസ്.ഐ ആര്‍. റജീഷ്‌കുമാര്‍ പറയുന്നത്.

Top