ന്യൂയോര്‍ക്ക്: വിവാഹമോചന രേഖകള്‍ ഫെയ്‌സ്ബുക്കിലൂടെ കൈമാറുന്നതിന് അംഗീകാരം നല്‍കുന്ന ചരിത്രപ്രധാനമായ വിധി യുഎസ് കോടതി പുറപ്പെടുവിച്ചു. അഞ്ചുവര്‍ഷം മുന്‍പു വിവാഹിതയായ നഴ്‌സ് ഇലനോറ ബൈഡോ (26) ആണു മാന്‍ഹട്ടന്‍ സുപ്രീം കോടതിയില്‍നിന്നു സുപ്രധാന വിധി നേടിയത്.
വേര്‍പിരിഞ്ഞു കഴിയുന്ന ഭര്‍ത്താവിനെ കണ്ടെത്താനുള്ള എല്ലാ ശ്രമങ്ങളും പരാജയപ്പെട്ടപ്പോഴാണ് അദ്ദേഹത്തിന്റെ ഫെയ്‌സ്ബുക്ക് അക്കൗണ്ടിലേക്കു സ്വകാര്യ സന്ദേശമായി രേഖകള്‍ അയയ്ക്കാന്‍ കോടതി നിര്‍ദേശിച്ചത്. ആഴ്ചയില്‍ ഒരുതവണ വീതം തുടര്‍ച്ചയായി മൂന്നാഴ്ച ഫെയ്‌സ് ബുക്ക് വഴി വിവാഹമോചന പത്രം അയയ്ക്കണം.
2009ല്‍ വിവാഹം കഴിഞ്ഞെങ്കിലും അധികം വൈകാതെ ബൈഡോയും ഭര്‍ത്താവ് വിക്ടറും വേര്‍പിരിഞ്ഞു. ഘാന ആചാരപ്രകാരമുള്ള വിവാഹച്ചടങ്ങുകള്‍ നടത്താമെന്ന വാഗ്ദാനം നിറവേറ്റാതെ വിക്ടര്‍ മുങ്ങുകയായിരുന്നു. പുതിയ താമസസ്ഥലം, പുതിയ ജോലി, പുതിയ ഫോണ്‍ നമ്പര്‍, വിലാസം തുടങ്ങിയവയൊന്നും ലഭ്യമല്ല. വിക്ടറിന്റെ പേരില്‍ വാഹന റജിസ്‌ട്രേഷന്‍, ലൈസന്‍സ് തുടങ്ങിയവയും കണ്ടെത്താന്‍ കഴിഞ്ഞില്ല.