അർബുദ ബാധിതനായ മുൻപ്രവാസിക്ക് ഒ ഐ സി സി ചികിത്സാസഹായം നൽകി

അൽഹസ്സ : ചികിത്സക്ക് സാമ്പത്തിക ബുദ്ധിമുട്ട് നേരിടുന്ന  അർബുദ ബാധിതനായ  മുൻപ്രവാസിക്ക് ഒ ഐ സി സി മഹാസിൻ ഏരിയ കമ്മിറ്റി ചികിത്സാ സഹായം നൽകി. ഇരുപത് വർഷത്തോളം കെട്ടിടനിർമ്മാണ തൊഴിലാളിയായി അൽ ഹസ്സയിൽ ജോലി ചെയ്തിരുന്ന  ഏറണാകുളം കൂലംമാവ് സ്വദേശി ആന്ടണിക്കാണ് ഒ ഐ സി സി സഹായം നൽകിയത്. ഏറണാകുളത്ത് നടന്ന ലളിതമായ ചടങ്ങിൽ വി ഡി സതീശൻ എം എൽ എ മഹാസിൻ ഏരിയ കമ്മിറ്റിയുടെ ചികിത്സാ സഹായം ആന്റണിയുടെ പത്നി ആലീസിന് കൈമാറി. ഒരു ലക്ഷത്തി അയ്യായിരം രൂപയാണ് സഹായമായി നൽകിയത്.
 
തോട്ടപ്പള്ളി പഞ്ചായത്ത് പ്രസിഡണ്ട്‌ കെ.അഗസ്റ്റിൻ, കെ എസ് യു നേതാവ് നദറുദ്ദീൻ നാസർ, ദമ്മാം ഒ ഐ സി സി നേതാക്കളായ ശിഹാബ് കായംകുളം, ഷിബു ബഷീർ, മഹാസിൻ ഏരിയ കമ്മിറ്റി മുൻ പ്രസിഡണ്ട്‌ ജയസൂര്യ, എം.കെ. ബഷീർ, ജോസ് എന്നിവർ ചടങ്ങിൽ സംബന്ധിച്ചു. ചികിത്സാ സഹായനിധി  സമാഹരണത്തിലേക്ക് സഹകരിച്ച മഹാസിൻ ഏരിയ കമ്മിറ്റി അംഗങ്ങൾക്കും   ദമ്മാം റീജ്യണൽ കമ്മിറ്റിക്കും  മഹാസിൻ ഏരിയ കമ്മിറ്റി പ്രസിഡണ്ട്‌ ജോണ്‍ വൈദ്യനും ജനറൽ സെക്രട്ടറി ഹംസ കാളംബാടിയും നന്ദി അറിയിച്ചു.