ഇഖാമ പുതുക്കി നല്‍കില്ല: പ്രവാസികള്‍ പ്രതിസന്ധിയില്‍

ബുറൈദ: ഇഖാമയുടെ കാലവധി കഴിഞ്ഞാല്‍ പുതുക്കുകയില്ലെന്നും അത്തരക്കാരെ നാടുകടത്തുമെന്നുള്ള സൗദി അധികൃതരുടെ പ്രഖ്യാപനം ഞായറാഴ്ച മുതല്‍ പ്രാബല്യത്തില്‍വരുമെന്ന ആശങ്കയിലാണ് പ്രവാസികള്‍. നിതാഖാത്ത് പരിഷ്കാരങ്ങളൂടെ അടുത്ത ഘട്ടമെന്ന നിലയില്‍ രണ്ടാഴ്ച മുമ്പ് തുടക്കം കുറിച്ച കര്‍ശന പരിശോധനയുടെ പ്രഖ്യാപനവേളയിലാണ് തൊഴില്‍ മന്ത്രാലയം ഇഖാമയുടെ കാലാവധി കഴിഞ്ഞവര്‍ക്ക് പുതുക്കി നല്‍കുകയില്ലെന്നും അത്തരക്കാരെ നാടുകടത്തുമെന്നും പ്രഖ്യാപിച്ചത്.

ഇത്തരമൊരു നിയമം പ്രാബല്യത്തിലായാല്‍ സൗദി അറേബ്യയില്‍ ജോലി ചെയ്യുന്ന നിരവധി വിദേശികളെ ഇത് ബാധിക്കുമെന്ന ആശങ്കയാണ് ഉയരുന്നത്. കഴിഞ്ഞ ആഴ്ചയിലെ അവസാനത്തെ പ്രവൃത്തിദിനം വരെയും വിവിധ തൊഴില്‍കാര്യ ഓഫീസുകളില്‍ നിലവില്‍ കാലാവധി കഴിഞ്ഞ ലേബര്‍ കാര്‍ഡുകളും ജവാസാത്തുകളില്‍ ഇഖാമകളും പിഴ സഹിതം പുതുക്കിയിട്ടുണ്ട്. മേലില്‍ പുതുക്കുകയില്ളെന്ന സാഹചര്യം ജമാദുല്‍ ആഖിര്‍ തുടങ്ങുന്ന പുതിയ ഹിജ്റ മാസത്തോടെ നടപ്പിലാകുമോ എന്ന ഉല്‍ക്കണ്ഠയിലാണ് പലരും.

Loading...

വിവിധ നഗരങ്ങളിലും ഉള്‍പ്രദേശങ്ങളിലും കര്‍ശനമായി തുടരുന്ന പരിശോധനക്കിടെ ഇഖാമ കൈവശമില്ലാത്തവരെ പിടികൂടി കൊണ്ടുപോകുന്നുണ്ടെങ്കിലും ഡിപ്പോര്‍ട്ടേഷന്‍ സെന്‍ററില്‍ എത്തിച്ച് നടത്തുന്ന പരിശോധനയില്‍ കാലാവധി തീരാത്ത ഇഖാമയുടെ ഉടമയാണെന്ന് ബോധ്യപ്പെട്ടാല്‍ വിട്ടയക്കുന്നുണ്ട്. കാലാവധി കഴിഞ്ഞവയില്‍ ബന്ധപ്പെട്ട രേഖകളുമായി സ്പോണ്‍സറോ കമ്പനി അധികൃതരോ സമീപിച്ച് കാര്യം ബോധ്യപ്പെടുത്തി പലരുടെയും മോചനം സാധ്യമാക്കുന്നുണ്ട്.

നിലവിലെ സാഹചര്യത്തില്‍ ഇഖാമയുടെ കാലാവധി കഴിയാനുള്ള സാഹചര്യം നിരവധിയാണെന്ന് ചുണ്ടിക്കാണിക്കപ്പെടുന്നു. തൊഴിലുടമ സ്ഥലത്തില്ലാത്തത്, അദ്ദേഹം നിയമപരമായി ഏതെങ്കിലും കുരുക്കില്‍ പെട്ടുപോകുന്നത്, സ്ഥാപനം നിതാഖാത് വ്യവസ്ഥപ്രകാരം പച്ചവിഭാഗത്തില്‍നിന്ന് താഴേക്ക് പോകുന്നത്, തൊഴിലാളിയുടെ പേരില്‍ എതെങ്കിലും തരത്തിലുള്ള അന്വേഷണം നടക്കുന്നതിനാല്‍ ‘മത്ലൂബ്’ ഗണത്തില്‍ പെടുന്നത്, മെഡിക്കല്‍ ഇന്‍ഷുറന്‍സ് പരിരക്ഷ ജവാസാത്ത് നെറ്റ്വര്‍ക്കില്‍ ഉള്‍പ്പെടുന്നതിന് സാങ്കേതിക കാരണങ്ങളാല്‍ കാലതാമസമുണ്ടാകുന്നത് ഇവയെല്ലാം ഇഖാമയുടെ കാലാവധി തിരുന്നതിലേക്ക് നയിക്കുന്ന സാഹചര്യങ്ങളാണ്. കൂടാതെ എംബസിയില്‍ പുതുക്കാന്‍ ഏല്‍പിക്കുന്ന പാസ്പോര്‍ട്ടുകളില്‍ വെരിഫിക്കേഷന്‍ അടക്കമുള്ള കാര്യങ്ങളില്‍ സംശയം തോന്നുന്നവ അധികൃതര്‍ പിടിച്ചുവെക്കുന്ന സംഭവവും നിരവധിയാണ്. മുമ്പ് ഇത്തരത്തില്‍ സംശയമുള്ള കേസുകളില്‍ ഇന്ത്യന്‍ എംബസിയും കോണ്‍സുലേറ്റും ഒരു വര്‍ഷത്തേക്ക് താല്‍ക്കാലിക പാസ്പോര്‍ട്ട് നല്‍കിയിരുന്നത് പ്രവാസികള്‍ക്ക് ഏറെ ഗുണം ചെയ്തിരുന്നു.

പിന്നിട് ഇന്ത്യന്‍ വിദേശകാര്യ വകുപ്പ് ഈ ആനുകുല്യം നിര്‍ത്തലാക്കുകയായിരുന്നു. ഇത്തരത്തില്‍ പുതുക്കാന്‍ ഏല്‍പിച്ച പാസ്പോര്‍ട്ട് നിരവധി മാസങ്ങള്‍ പിന്നിട്ടിട്ടും തിരിച്ചുലഭിക്കാത്ത ഒട്ടുവളരെ ഇന്ത്യക്കാരുണ്ട് രാജ്യത്ത്. ഇഖാമ പുതുക്കാന്‍ പാസ്പോര്‍ട്ട് നിര്‍ബന്ധമാണെന്നിരിക്കെ ഇഖാമയുടെ കാലാവധി തീര്‍ന്നവരും വൈകാതെ കാലാവധി കഴിയുന്നവരും തികഞ്ഞ ആശങ്കയിലാണ്. നിമിഷനേരം കൊണ്ട് ആശയവിനിമയങ്ങളും രേഖാകൈമാറ്റങ്ങളും സാധ്യമായ ആധുനിക കാലത്താണ് ഇന്ത്യന്‍ സര്‍ക്കാരിന്‍െറ വിചിത്രവും മനുഷ്യത്വരഹിതൃവുമായ ഈ വൈകിക്കല്‍ നയമെന്ന് പരക്കെ അഭിപ്രായമുണ്ട്.

എതായാലും കാലാവധി തീരുന്ന ഇഖാമ ഒരു കാരണവശാലും പുതുക്കുകയില്ളെന്ന നിയമം നടപ്പിലായാല്‍ മലയാളികടക്കമുള്ള നിരവധി വിദേശികള്‍ക്ക് പലപ്പോഴും തങ്ങളുടേതല്ലാത്ത കാരണങ്ങളാല്‍ സ്വപ്നങ്ങള്‍ ബാക്കിയാക്കി നാട്ടിലേക്ക് മടങ്ങേണ്ടിവരുന്ന സാഹചര്യമാണ് സംജാതമാവുക