നാടിനെ നടുക്കിയ ഒഡിഷയിലെ ബാലസോര്‍ ജില്ലയിലുണ്ടായ ട്രെയിന്‍ അപകടത്തില്‍ 233 പേര്‍ മരിച്ചു. ചീഫ് സെക്രട്ടറി പി.കെ ജെനയെ ഉദ്ധരിച്ച് പിടിഐ ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. അപകടത്തില്‍ 900-ത്തില്‍ എറെ പേര്‍ക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ടില്‍ പറയുന്നു.
അപകട സ്ഥലത്തു നിന്ന് 120-ലേറേ മൃതദേഹങ്ങള്‍ കണ്ടെടുത്തുവെന്ന് ഒഡിഷ ഫയര്‍ സര്‍വീസസ് ഡയറക്ടര്‍ ജനറല്‍ സുധാന്‍ഷു സാരംഗി എപ്രതികരിച്ചു. അടുത്തിടെ രാജ്യത്തുണ്ടായ ഏറ്റവും വലിയ ട്രെയിന്‍ അപകടമാണിത്. ഒഡിഷയില്‍ ശനിയാഴ്ച ഔദ്യോഗിക ദുഃഖാചരണത്തിന് മുഖ്യമന്ത്രി നവീന്‍ പട്നായിക് ആഹ്വാനം ചെയ്തു..
റെയിൽവേ മന്ത്രി അശ്വനി വൈഷ്ണവും തമിഴ്നാട് ഗതാഗത മന്ത്രി എസ്.എസ് ശിവശങ്കറും ഇന്ന് ഒഡിഷയിലെത്തും. പ്രധാനമന്ത്രി നരേന്ദ്ര മോദി ദുരന്തത്തിൽ അനുശോചനം രേഖപ്പെടുത്തി. തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ ഒഡിഷ മുഖ്യമന്ത്രിയുമായി സംസാരിച്ചു. ദുരന്തത്തെ തുടർന്ന് ഗോവ-മുംബൈ വന്ദേഭാരത് എക്സ്പ്രസിന്റെ ഉദ്ഘാടനം റദ്ദാക്കി.
കോറമണ്ഡല്‍ എക്‌സ്പ്രസ് ചരക്കുതീവണ്ടിയില്‍ ഇടിച്ചുണ്ടായ അപകടമാണ് വൻ ദുരന്തത്തിൽ കലശിച്ചത്.പാളം തെറ്റിയ ബോഗികള്‍ പിന്നീട് മറ്റൊരു ട്രാക്കിലേക്ക് വീണു. ഇതിലേക്ക് യശ്വന്ത്പൂര്‍ ഹൗറ ട്രെയിനും വന്നിടിച്ചു. കോറമണ്ഡല്‍ എക്‌സ്പ്രസിന്റെ എട്ട് ബോഗികളാണ് പാളം തെറ്റിയത്. രക്ഷാപ്രവര്‍ത്തനത്തിനായി കൂടുതല്‍ എന്‍ഡിആര്‍എഫ് സംഘം ഒഡിഷയിലേക്ക് പുറപ്പെട്ടിട്ടുണ്ട്. തൃശൂര്‍ സ്വദേശികളായ നാലുപേര്‍ക്കും അപകടത്തില്‍ പരുക്കേറ്റു. ഇവരുടെ പരുക്ക് സാരമുള്ളതല്ലെന്നാണ് റിപ്പോര്‍ട്ട്.