ഔദ്യോഗിക യാത്രയിൽ കൂടെ കുടുംബമെന്തിന് ; മുഖ്യമന്ത്രിക്കെതിരെ ചെന്നിത്തല

തിരുവനന്തപുരം : സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുമ്പോള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തുന്ന വിദേശയാത്ര ധൂര്‍ത്തെത്ത് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. ഔദ്യോഗിക യാത്രകളിൽ കുടുംബാംഗങ്ങളെ കൊണ്ടു പോകുന്നത് എന്തിനാണെന്നും ചെന്നിത്തല ചോദിച്ചു.

നേരിട്ട് ജപ്പാനിലേക്ക് പോകാൻ സാധിക്കുമായിരുന്നിട്ടും മുഖ്യമന്ത്രിയും സംഘവും ദുബായ് വഴിയാണ് പോയത്. ദുബായിൽ ഒരു ദിവസം തങ്ങുകയും ചെയ്തു. ഇതും ധൂർത്തിന് തെളിവാണെന്നും അദ്ദേഹം ആരോപിച്ചു.

Loading...

സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സമയത്തെ വിദേശ സന്ദര്‍ശനത്തിനെതിര പ്രതിപക്ഷം വിമര്‍ശനവുമായി നേരത്തെയും രംഗത്ത് എത്തിയിരുന്നു. റോമാ നഗരം കത്തിയെരിഞ്ഞപ്പോള്‍ വീണവായിച്ചു രസിച്ച നീറോ ചക്രവര്‍ത്തിയെ പ്പോലെയാണ് മുഖ്യമന്ത്രി പ്രവര്‍ത്തിക്കുന്നതെന്ന് കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ നേരത്തെ വിമര്‍ശിച്ചിരുന്നു.

മുഖ്യമന്ത്രി ജപ്പാനിൽ പോയത് വികസനത്തിന്റെ ചക്രവാളങ്ങൾ തേടിയെന്ന് മന്ത്രി ജി സുധാകരൻ. ഇപ്പോൾ ഡൊമസ്റ്റിക് ഫ്ലൈറ്റുകൾ ഉപയോഗിക്കുന്നതിൽ അധികവും സാധാരണക്കാരാണ്. മുഖ്യമന്ത്രിക്ക് കള്ളവണ്ടി കയറാൻ പറ്റുമോയെന്നും മന്ത്രി ചോദിച്ചു. മുഖ്യമന്ത്രിയുടെയും സംഘത്തിന്റെയും വിദേശയാത്രയും യാത്രാ ചെലവും ചർച്ചയാകുന്നതിനിടെയാണ് മന്ത്രി ജി സുധാകരന്റെ പ്രതികരണം.

കാട്ടാക്കട മണ്ഡലത്തിലെ വിവിധ റോഡുകളുടെ നിർമ്മാണോദ്ഘാടന ചടങ്ങിലാണ് മന്ത്രി റോഡ് യാത്രയെക്കാൾ വിമാനയാത്രയെ കുറിച്ച് വാചാലനായത് ജപ്പാനിലേക്ക് മുഖ്യമന്ത്രി പോയത് വെറുതെയല്ലെന്ന് മന്ത്രി. വികസനത്തിന്റെ ചക്രവാളങ്ങൾ തേടിയാണ് അദ്ദേഹം പോയത്. കേരളത്തിന്റെ വികസനത്തിന് വേണ്ടി പുതിയ സാങ്കേതിക വിദ്യകൾ മനസിലാക്കുകയാണ് വിദേശയാത്രയുടെ ലക്ഷ്യം.

10 ലക്ഷം രൂപ യാത്രാ ചിലവെന്ന് വിമർശിക്കുന്നവരോട് മുഖ്യമന്ത്രിക്ക് കള്ളവണ്ടി കയറാൻ പറ്റുമോയെന്നായിരുന്നു സുധാകരന്റെ മറു ചോദ്യം. പുതിയ കാലഘട്ടത്തിൽ യാത്രയുടെ ടൈം ടേബിൾ മാറുകയാണ്. അതിന് മന്ത്രിയുടെ ഉദാഹരണം ഇങ്ങനെ. കണ്ണൂരിൽ നിന്ന് തിരുവനന്തപുരത്തേക്ക് ട്രെയിനിൽ 1500 രൂപ. 1500 രൂപ അധികം മുടക്കിയാൽ ചുരുങ്ങിയ സമയം കൊണ്ട് കണ്ണൂരിൽ നിന്ന് തിരുവനന്തപുരത്തെത്താം. കണ്ണൂരിൽ നിന്നുളള വിമാനത്തിൽ ഒപ്പം യാത്ര ചെയ്തയാളെ തന്റെ ഔദ്യോഗിക വാഹനത്തിൽ കയറ്റി ഏ കെ ജി സെന്ററിനടുത്തെ ലോഡ്ജിൽ ഇറക്കിയതും മന്ത്രി ഓർത്തെടുത്തു.

വിമാനത്തിൽ പ്രമാണിമാർ മാത്രമല്ല കയറുന്നത്. ഡൊമസ്റ്റിക് ഫ്ലൈറ്റിൽ വരുന്നതിൽ അധികവും സാധാരണക്കാരാണ്. യാത്രാനിരക്ക് ഒരു പ്രശ്നമല്ലാതായി മാറിയെന്നും മന്ത്രി ചൂണ്ടികാട്ടി. ഇതൊക്കയാണെങ്കിലും താൻ സർക്കാർ ചിലവിൽ വിദേശയാത്ര നടത്തിയിട്ടില്ലെന്നും മന്ത്രി പറഞ്ഞു. കാര്യങ്ങൾ പഠിക്കാൻ ഉദ്യോഗസ്ഥൻമാരെ വിടാറുണ്ട്. ഗൾഫ് രാജ്യങ്ങളിൽ സ്വകാര്യ ആവശ്യത്തിന് പോകുന്നത് സ്വന്തം കാശ് ചിലവാക്കിയാണെന്നും മന്ത്രി വ്യക്തമാക്കി.