തിരുപ്പതിയിലുണ്ടായ വാഹനാപകടത്തില്‍ ഡോക്ടര്‍ ദമ്പതികളും മകനും മരിച്ചു.

ചിറ്റൂര്‍: തിരുപ്പതിയിലുണ്ടായ വാഹനാപകടത്തില്‍ ഡോക്ടര്‍ ദമ്പതികളും മകനും മരിച്ചു. പത്തനംതിട്ട റാന്നി കൊറ്റനാട് വൃന്ദാവനം മാങ്കല്‍വീട്ടില്‍ ഡോ. സന്തോഷ്കുമാര്‍(48), ഭാര്യ ആഷ നമ്പ്യാര്‍(45), മകന്‍ ഹരികൃഷ്ണന്‍(14) എന്നിവരാണ് മരിച്ചത്. പരിക്കേറ്റ ഇളയമകന്‍ അശ്വിനെ(11) ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
തിരുപ്പതി തിരുമല വെങ്കിടേശ്വര ക്ഷേത്രത്തില്‍ ദര്‍ശനം കഴിഞ്ഞു മടങ്ങവെ ഇവര്‍ സഞ്ചരിച്ച കാര്‍ ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. ഇന്നു പുലര്‍ച്ചെ ചിറ്റൂരിലെ പുതലപ്പേട്ടയിലായിരുന്നു അപകടം. കാര്‍ പൂര്‍ണമായും തകര്‍ന്നു. ദമ്പതിമാര്‍ സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു. ഹരികൃഷ്ണന്‍ ആശുപത്രിയിലാണ് മരിച്ചത്. മൂന്നുപേരുടെയും മൃതദേഹം ചിറ്റൂരിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
ഇടുക്കി ഡി.എം.ഒയിലെ ആര്‍.സി.എച്ച് ഓഫീസറാണ് സന്തോഷ്കുമാര്‍. കാസര്‍കോട് ജില്ലാ ആശുപത്രിയിലെ ഗൈനക്കോളജിസ്റ്റാണ് ആഷ നമ്പ്യാര്‍.