ധ്യാൻ ശ്രീനിവാസന്റെ ചിത്രത്തിന്റെ ലൊക്കേഷനിൽ അപകടം, താരങ്ങൾ സഞ്ചരിച്ച ജീപ്പ് പോസ്റ്റിലിടിച്ചു

കോട്ടയം : ധ്യാൻ ശ്രീനിവാസൻ നായകനാകുന്ന പുതിയ സിനിമയുടെ ഷൂട്ടിംഗ് ലൊക്കേഷനിൽ വാഹനാപകടം. താരങ്ങൾ ഓടിച്ചിരുന്ന ജീപ്പ് നിയന്ത്രണം തെറ്റി പോസ്റ്റിലിടിക്കുകയായിരുന്നു. തൊടുപുഴയിൽ ചിത്രീകരണം പുരോഗമിക്കുന്ന ‘സ്വർഗ്ഗത്തിലെ കട്ടുറുമ്പ്’ എന്ന സിനിമയുടെ ചിത്രീകരണ വേളയിലായിരുന്നു അപകടം. അപകട സമയത്ത് നടൻ ചെമ്പിൽ അശോകൻ, ഗൗരി നന്ദ, ചാലി പാലാ എന്നിവരാണ് വാഹനത്തിലുണ്ടായിരുന്നത്.

വാഹനത്തിൻ്റെ വേഗത കുറവായത് വൻ ദുരന്തം ഒഴിവാക്കി. ആർക്കും സാരമായ പരിക്കുകളില്ലെന്നാണ് വിവരങ്ങൾ. ധ്യാൻ ശ്രീനിവാസനെ നായകനാക്കി ജസ്പാൽ ഷൺമുഖൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് സ്വർഗത്തിലെ കട്ടുറുമ്പ്. എ.ടി.എം, മിത്രം, ചാവേർപ്പട, എൻ്റെ കല്ലുപെൻസിൽ എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ സംവിധായകനാണ് ജസ്പാൽ. കെ. എൻ ശിവൻകുട്ടൻ കഥയെഴുതി മൈന ക്രിയേഷൻസ് നിർമ്മിക്കുന്ന ചിത്രമാണിത്. ഗായത്രി അശോകാണ് ചിത്രത്തിലെ നായിക.

Loading...

അതേസമയം ചെന്നൈയിൽ തമിഴ് നടന്റെ കാറിടിച്ച് നടനും യുവസംവിധായകനുമായ ശരൺ രാജ് മരിച്ചു
നടൻ പളനിയപ്പൻ ഓടിച്ചിരുന്ന കാർ ഇടിച്ചാണ് സംവിധായകൻ വെട്രിമാരന്റെ സംവിധാന സഹായിയും നടനുമായ ശരൺ രാജാണ് (29) മരിച്ചത്. ചെന്നൈ കെകെ നഗറിൽ കഴിഞ്ഞ ദിവസം രാത്രിയോടെയായിരുന്നു അപകടം. ശരൺ രാജ് താമസസ്ഥലത്തേക്ക് പോകുന്നതിനിടെയായിരുന്നു അപകടം നടന്നത്. നടൻ പളനിയപ്പൻ ഓടിച്ചിരുന്ന വാഹനം ശരൺ രാജിന്റെ ബൈക്കിൽ ഇടിക്കുകയായിരുന്നു.