തിരുവനന്തപുരം: പദ്മനാഭസ്വാമി ക്ഷേത്രം സ്വർണ്ണം ബാങ്കുകളിലേക്ക് മാറ്റാൻ കടമ്പകൾ ഏറെ. അമൂല്യമായ നിധിശേഖരത്തിന്റെ വിലയും അളവും ഇപ്പോഴും തിട്ടപെടുത്തിയിട്ടില്ല. ക്ഷേത്രനിലവറകളില്‍ സൂക്ഷിച്ചിട്ടുള്ള അപൂര്‍വശേഖരത്തിന്റെ ചരിത്ര, പുരാവസ്തു മൂല്യമാണ് ഇതില്‍ പ്രധാനം. ആഭരണങ്ങളും വിഗ്രഹങ്ങളും നൂറ്റാണ്ടുകള്‍ പഴക്കമുള്ള അപൂര്‍വനാണയങ്ങളും അടങ്ങിയതാണ് ശേഖരം. പുരാവസ്തുസംരക്ഷണ നിയമപ്രകാരം ഇവ ഉരുക്കാനോ മാറ്റം വരുത്താനോ സാധിക്കില്ല.
ക്ഷേത്രസ്വത്തിന്റെ മുക്കാല്‍ഭാഗത്തോളം കണ്ടെത്തിയത് എ എന്ന ശ്രീഭണ്ഡാര നിലവറയില്‍ നിന്നാണ്. ഇതില്‍ സൂക്ഷിച്ചിട്ടുള്ള ശേഖരങ്ങളെല്ലാം തന്നെ പുരാവസ്തു മൂല്യമുള്ള വിഭാഗത്തില്‍ പ്പെട്ടവയാണ്. രത്‌നങ്ങള്‍പതിച്ച വിഗ്രഹങ്ങള്‍, ശരപ്പൊളിമാലകള്‍, വിവിധ രാജ്യങ്ങളില്‍ ഉപയോഗിച്ചിരുന്ന കിലോക്കണക്കിന് സ്വര്‍ണ നാണയങ്ങള്‍, രത്‌നങ്ങള്‍പതിച്ച ആഭരണങ്ങള്‍ എന്നിവയാണുള്ളത്. ഇവയില്‍ പലതും നൂറ്റാണ്ടുകളുടെ പഴക്കമുള്ളവയാണ്. അപൂര്‍വമായ കൊത്തുപണികളുടെ മാതൃകകളുമാണ്. നിരവധി അമൂല്യമായ രത്‌നക്കല്ലുകള്‍പതിച്ച ഈ ശേഖരങ്ങള്‍ മ്യൂസിയമാക്കി സൂക്ഷിക്കണമെന്ന നിര്‍ദേശവും കോടതിയുടെ പരിഗണനയിലാണ്.
ഹൈക്കോടതിയുടെ നിര്‍ദേശപ്രകാരം നടന്ന പരിശോധനയില്‍ ബി നിലവറയുടെ ഉരുക്കുവാതില്‍ തുറക്കാനായില്ല. തുടര്‍ന്ന് ഇത് തുറക്കുന്നത് നിര്‍ത്തിവെച്ചു. നിലവറയുടെ പരിശോധന സുപ്രീംകോടതിയുടെ പരിഗണനയിലാണ്. ഭരതക്കോണ്‍ നിലവറ കൂടി പരിശോധിച്ചാലേ ക്ഷേത്രസ്വത്തുക്കളുടെ പൂര്‍ണമായ മൂല്യം കണക്കാക്കാനാവൂ. ഇതിലെ ശേഖരവും പൂരാവസ്തു നിയമത്തിന്റെ പരിധിയില്‍ വരുന്നവയാണെന്ന് പുരാവസ്തുവിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.
ക്ഷേത്രങ്ങളിലെ സ്വര്‍ണം ദേശസാത്കൃത ബാങ്കുകളില്‍ നിക്ഷേപിക്കാനാണ് കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം. ഇത് ഉരുക്കി ആഭ്യന്തരവിപണിയില്‍ എത്തിക്കും. ക്ഷേത്രങ്ങളില്‍ കാണിക്കയായും സമര്‍പ്പണമായും ലഭിക്കുന്ന സ്വര്‍ണം മാത്രമേ ഇത്തരത്തില്‍ ഉപയോഗിക്കാനാവൂ. മുംബൈ സിദ്ധിവിനായക ക്ഷേത്രം അടക്കമുള്ള ക്ഷേത്രങ്ങളിലെ ശേഖരം ഇത്തരത്തിലുള്ളതാണ്. ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലെ ശേഖരത്തില്‍ ഭൂരിഭാഗവും 17 മുതല്‍ 19 നൂറ്റാണ്ടുകള്‍ക്കിടയില്‍ നിലവറകളിലേക്ക് മാറ്റിയവയാണ്. ഇതില്‍ നാണയങ്ങളും വിഗ്രഹങ്ങളും ഉള്‍െപ്പടെയുള്ള പലതും 17-ാം നൂറ്റാണ്ടിനെക്കാള്‍ പഴക്കമുള്ളവയുമാണ്.
ക്ഷേത്ര സ്വത്ത് ബാങ്കുകളിലേക്ക് മാറ്റുന്ന പദ്ധതിക്കെതിരെ സംസ്ഥാന സര്‍ക്കാരും രംഗത്തെത്തിയിട്ടുണ്ട്.