ചിക്കാഗോ സെന്റ്. തോമസ് സീറോ മലബാർ രൂപതയുടെ സഹായാ മെത്രാനായി വാഴിക്കപ്പെട്ട മാർ ജോയി ആലപ്പാട്ട് പിതാവിന് അമേരിക്കയിലെ തന്റെ പ്രഥമ ഇടവകയായ ന്യൂ ജേഴ്സിയിലെ പാറ്റേഴ്സണ്‍ സെന്റ്. ജോർജ് സീറോ മലബാർ പള്ളിയിലെ ഇടവക സമൂഹം മാർച്ച് 29 ന് വന്പിച്ച സ്വീകരണം നൽകുന്നു. രൂപതയുടെ സഹായ മെത്രാനായി 2014 സെപ്റ്റംബറിൽ ചുമതലയേറ്റശേഷം ആദ്യമായി ഈ ഇടവക സന്ദർശിക്കുന്ന അഭിവന്ദ്യ പിതാവിനെ സ്വീകരിക്കാനായി വികാരി ബഹു. ജേക്കബ് ക്രിസ്റ്റി അച്ഛന്റെ നേതൃത്വത്തിൽ ഇടവക സമൂഹം ഒന്നാകെ തയാറികൊണ്ടിരിക്കുന്നു.

രൂപതയുടെ മേല്പട്ടക്കാരനായി ഉയർത്തപ്പെട്ട തങ്ങളുടെ പ്രഥമ ആധ്യാത്മിക ഗുരുവിനെ പുതിയ ദേവാലയത്തിലേക്ക് സ്വീകരിക്കുന്നതിനായി കൈക്കാരന്മാർ ശ്രീ. ജോയി ചാക്കപ്പൻ, ശ്രീ. ഫ്രാൻസിസ് പള്ളുപ്പെട്ട എന്നിവരുടെ നേതൃത്വത്തിൽ വിവിധ കമ്മിറ്റികൾ പരിപാടികൾ ആസൂത്രണം ചെയ്തുവരുന്നു. കർത്താവിന്റെ ജറുസലേം പ്രവേശനത്തെ അനുസ്മരിക്കുന്ന ഓശാന ഞായറാഴ്ച തന്നെ പ്രിയപ്പെട്ട പിതാവിനെ തങ്ങളുടെ പുതിയ ദേവാലയത്തിലേക്ക് ആനയിക്കുവാൻ സാധിക്കുന്നതിൽ ഇടവക സമൂഹവും ഒന്നാകെ ആഹ്ലാദചിത്തരാണ്.
ദീർഘനാളത്തെ തന്റെ സേവനത്തിലൂടെ അഭി. പിതാവ് വടക്കൻ ന്യൂ ജേഴ്സിയിലെ കത്തോലിക്കാ സമൂഹത്തിൽ മാത്രമല്ല മറ്റു ക്രിസ്തീയ സഭാംഗങ്ങളിലും തന്റേതായ വ്യക്തിമുദ്ര പദിപ്പിച്ചിരുന്നു. നല്ല ഒരു ഗായകനും ഗാന രചയിതാവുമായ ബിഷപ് മാർ ആലപ്പാട്ടിന്റെ തൂലികയിൽനിന്നും അനശ്വരങ്ങളായ കുറെ ക്രിസ്തീയ ഗാനങ്ങൾ ജന്മമെടുത്തിട്ടുണ്ട്. അവയെ കോർത്തിണക്കിക്കൊണ്ട് ഇടവകയിലെ കലാകാരന്മാരും കലാകാരികളും അണിയിച്ചൊരുക്കുന്ന വിവിധ കലാപരിപാടികൾ സ്വീകരണച്ചടങ്ങുകൾക്ക് മാറ്റുകൂട്ടും.
മാർച്ച് 29 നു രാവിലെ 10 മണിക്ക് സ്വീകരണ പരിപാടികൾ ആരംഭിക്കും. ഇടവക സമൂഹം ഒന്നാകെ വാദ്യമേളങ്ങളുടെ അകംബടിയോടെ പ്രദക്ഷിണമായി അഭി. പിതാവിനെ ദേവാലയത്തിലേക്ക് ആനയിക്കും. തുടർന്ന് അദ്ദേഹത്തിൻറെ മുഖ്യ കാർമ്മികത്വത്തിൽ ആഘോഷമായ ദിവ്യബലി അർപ്പിക്കപ്പെടും. ഉച്ചഭക്ഷണത്തിനുശേഷം പൊതുയോഗവും തുടർന്ന് കലാപരിപാടികളും അരങ്ങേറും. അന്നേ ദിവസം ഈ ഇടവകയുടെ സന്തോഷത്തിൽ പങ്കുചേരാനും ഈ ചരിത്ര മുഹൂർത്തത്തിന്റെ ഭാഗമാകാനുമായി ഏവരേയും സാദരം ക്ഷണിക്കുന്നു എന്ന് വികാരി ബഹു. ക്രിസ്റ്റി അച്ചൻ അറിയിച്ചു. പള്ളി സെക്രട്ടറി സിറിയക്ക് കുര്യൻ വാർത്താക്കുറിപ്പിൽ അറിയിച്ചതാണ്.