തൃശ്ശൂര്‍: പ്രണയാഭ്യര്‍ഥന നിരസിച്ച യുവതിയെ കാറിടിച്ച് കൊലപ്പെടുത്താന്‍ യുവാവ് ശ്രമിച്ച സംഭവത്തിന്റെ നടുക്കം വിട്ടുമാറാത്ത നിലയിലാണ് തൃശ്ശൂരിലെ അരിമ്പൂര്‍ നിവാസികള്‍. യുവതിയെ രക്ഷിക്കാന്‍ ഓടിക്കൂടിയ നാട്ടുകാര്‍ക്കിടയിലേക്കും യുവാവ് കാര്‍ ഓടിച്ചുകയറ്റി. പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന ആറുപേരില്‍ മൂന്നുപേരുടെ നില ഗുരുതരമാണ്. പുഴയ്ക്കല്‍ ശോഭാ സിറ്റിയില്‍ സുരക്ഷാ ജീവനക്കാരന്‍ ചന്ദ്രബോസിനെ വിവാദ വ്യവസായി നിഷാം കാറിടിച്ച് കൊലപ്പെടുത്തിയ സംഭവത്തിന് പിന്നാലെയാണ് ജില്ലയില്‍ വീണ്ടും വാഹനമിടിച്ച് വധശ്രമം. സംഭവത്തില്‍ ചേര്‍പ്പ് സ്വദേശി ഷിബിനെ പോലീസ് തിരയുകയാണ്.
ചൊവ്വാഴ്ച രാവിലെ ഒന്‍പതരയോടെ ആയിരുന്നു നാടിനെ നടുക്കിയ സംഭവം. ക്ഷേത്രദര്‍ശനം കഴിഞ്ഞ് മടങ്ങിയ യുവതിയെ പിന്നാലെയെത്തിയ കാര്‍ ഇടിച്ച് തെറിപ്പിച്ചു. അപകടത്തില്‍ ശബ്ദവും പെണ്‍കുട്ടിയുടെ നിലവിളിയുംകേട്ട് സമീപത്തെ വീട്ടമ്മമാര്‍ അടക്കമുള്ളവര്‍ ഓടിയെത്തി. തൊട്ടുപിന്നാലെ പെണ്‍കുട്ടിയെ ഇടിച്ച് തെറിപ്പിച്ച കാര്‍ ഇടുങ്ങിയ വഴിയില്‍തന്നെ തിരിച്ച് അതിവേഗം വീണ്ടുമെത്തി. യുവതിയെ ആസ്പത്രിയിലെത്താനാണ് കാര്‍ ഡ്രൈവര്‍ വരുന്നതെന്നാണ് എല്ലാവരും കരുതിയത്. എന്നാല്‍ രക്ഷാപ്രവര്‍ത്തനത്തിനെത്തിയ ജനങ്ങള്‍ക്കിടയിലേക്ക് കാര്‍ അതിവേഗം വീണ്ടും ഓടിച്ചുകയറ്റി.
മൂന്നുപേര്‍ കാറിന്റെ ചില്ലിന് മുകളിലേക്ക് തെറിച്ചുവീണു. യുവതിയുടെ ശരീരത്തിലൂടെ കാര്‍ വീണ്ടും കയറിയിറങ്ങി. പലരും തലനാരിഴയ്ക്കാണ് കാറിന് മുന്നില്‍നിന്ന് ഓടിരക്ഷപെട്ടത്. യുവതിയുടെ കാലിനും ഇടുപ്പെല്ലിനും പൊട്ടലുണ്ട്. രക്ഷാപ്രവര്‍ത്തനത്തിന് ഓടിയെത്തിയ അമൃത അബോധാവസ്ഥയില്‍ വെന്റിലേറ്ററില്‍ കഴിയുകയാണ്. അപകടനില തരണംചെയ്തിട്ടില്ല. അമൃതയുടെ അമ്മ ശ്യാമളയ്ക്കും തലയ്ക്ക് ഗുരുതരമായ പരിക്കുണ്ട്. പദ്മിനി എന്ന വീട്ടമ്മയെ ശസ്ത്രക്രിയയ്ക്ക് വിധേയയാക്കി. പ്രണയാഭ്യര്‍ഥന നിരസിച്ച യുവതിയും രമ്യ, രാഹുല്‍ എന്നിവരുമാണ് പരിക്കേറ്റ് ചികിത്സയിലുള്ള മറ്റ് മൂന്നുപേര്‍.
സമീപത്തെ വീടുകളിലെ വിദ്യാര്‍ത്ഥികളില്‍ ചിലര്‍ കാറിന്റെ നമ്പര്‍ ശ്രദ്ധിച്ചിരുന്നു. ഉടന്‍ തന്നെ വിവരം പോലീസിന് കൈമാറുകയും ചെയ്തു. പോലീസ് നടത്തിയ അന്വേഷണത്തില്‍ വൈകീട്ട് നാലരയോടെ പാലയ്ക്കല്‍ ബണ്ട് റോഡില്‍ കാര്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. യുവാവിന്റെ ബന്ധുവീടിന് സമീപമാണ് കാര്‍ കണ്ടെത്തിയത്. ക്ഷേത്രദര്‍ശനത്തിനെത്തിയ തന്നെ യുവാവ് കാറിടിച്ച് കൊലപ്പെടുത്താന്‍ ശ്രമിക്കുകയായിരുന്നെന്ന് യുവതി പോലീസിന് നല്‍കിയ മൊഴിയില്‍ പറയുന്നു. ഷിബിനാണ് കാര്‍ ഓടിച്ചിരുന്നതെന്നും പ്രണയാഭ്യര്‍ത്ഥന നിരസിച്ചതാണ് കാരണമെന്നും മൊഴിയിലുണ്ട്.
ഫോറന്‍സിക്, വിരലടയാള വിദഗ്ധരും പരിശോധനയ്‌ക്കെത്തി.
കാര്‍ മതിലിലിടിച്ചതിനെ തുടര്‍ന്ന് ഇളകിപ്പോയ വീല്‍ കപ്പ് , ചെരുപ്പുകള്‍, കാറിന്റെ മുന്‍വശത്തെ ഭാഗങ്ങള്‍ എന്നിവ ഫോറന്‍സിക് വിദഗ്ദ്ധര്‍ കണ്ടെടുത്തു. ആറുവര്‍ഷം മുമ്പ് ചേനത്തുനിന്ന് കണിമംഗലത്തേക്ക് താമസം മാറിയ ഷിബിന്റെ കുടുംബം ഏതാനും മാസങ്ങള്‍ക്ക് മുമ്പാണ് ചിറയ്ക്കലിലേക്ക് താമസം മാറ്റിയത്. സംഭവത്തിനുശേഷം യുവാവിന്റെ കുടുംബാംഗങ്ങളും ഒളിവില്‍പോയെന്നാണ് സൂചന. അയല്‍ക്കാര്‍ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചുവെങ്കിലും കുടുംബാംഗങ്ങളുടെ മൊബൈല്‍ ഫോണുകള്‍ ഓഫ് ചെയ്ത നിലയിലാണ്.