മാണിയെ കൈകാര്യം ചെയ്യാന്‍ പറ്റിയ വനിതാ എം.എല്‍.എമാര്‍ പ്രതിപക്ഷത്തുണ്ട്: കൊടിയേരി

തിരുവനന്തപുരം: സ്ത്രീകള്‍ അബലകളാനെന്നും, അവരെ തൊട്ടാല്‍ പീഡനമാണെന്നും നന്നായി അറിയുന്ന എല്‍.ഡി.എഫ് സ്ത്രീകളെ മറയാക്കി പുതിയ സമരമുറകള്‍ക്കൊരുങ്ങുന്നു. മന്ത്രി കെ.എം. മാണിയെ കൈകാര്യം ചെയ്യാന്‍ പറ്റിയ വനിതാ എം.എല്‍.എ.മാര്‍ പ്രതിപക്ഷത്തുണ്ടെന്നാണ് പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണന്റെ പ്രസ്താവന. വനിതാ എം.എല്‍.എ. മാര്‍ക്കെതിരെ അതിക്രമം നടത്തിയ ജനപ്രതിനിധികളെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷന്റെ നേതൃത്വത്തില്‍ നടന്ന നിയമസഭാ മാര്‍ച്ച് ഉദ്ഘാടനം ചെയ്തു സംസാരിക്കുന്നതിനിടയിലാണ് കൊടിയേരി ഈ പരാമര്‍ശം നടത്തിയത്.

വനിതാ എം.എല്‍.എ. മാര്‍ക്കെതിരെ മോശമായ പരാമര്‍ശവുമായി മുന്നോട്ട് പോകുകയാണ് യു.ഡി.എഫ്. കേരള കോണ്‍ഗ്രസ്സിനെ ഇല്ലാതാക്കാനാണ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ നീക്കം. മന്ത്രി മാണിയെ ഒരു പൊതുപരിപാടിയിലും പങ്കെടുക്കാന്‍ അനുവദിക്കില്ല. വനിതാ എം.എല്‍.എ.മാര്‍ക്കുനേരെ അതിക്രമം കാട്ടിയവര്‍ക്കെതിരെ നടപടിയെടുക്കാന്‍ പോലീസ് തയ്യാറായില്ലെങ്കില്‍ നിയമപരമായി നേരിടുമെന്നും കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.

Loading...

വനിതാ എം.എല്‍.എ. മാര്‍ നല്‍കിയ പരാതിയിന്മേല്‍ നടപടിയുണ്ടായിട്ടില്ല. ഇടതുമുന്നണിയിലെ മര്‍ദനമേറ്റ പുരുഷ എം.എല്‍.എ.മാര്‍ക്കെതിരെ നടപടിയെടുക്കുകയും ചെയ്തു. മാണിക്കെതിരെ ശക്തമായ പ്രക്ഷോഭമുണ്ടാകുമെന്നും കോടിയേരി പറഞ്ഞു.
നിയമസഭയില്‍ ആക്രമിക്കപ്പെട്ടതിന് പുറമേ വനിതാ എം.എല്‍.എ. മാരെ യു.ഡി.എഫ്. നേതാക്കള്‍ നാടുനീളെ അപമാനിക്കുകയാണെന്ന് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് ടി.എന്‍. സീമ എം.പി. പറഞ്ഞു. സ്ത്രീത്വത്തെ അപമാനിക്കുന്നവര്‍ക്കെതിരെ ശക്തമായ നടപടിയാണ് വേണ്ടതെന്നും സീമ പറഞ്ഞു.