ലോകസഭാ തെരഞ്ഞെടുപ്പ്: കേരളത്തില്‍ സ്വാധീനമുറപ്പിക്കാന്‍ ആര്‍.എസ്.എസ്

കോയമ്പത്തൂര്‍: വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ വേരുറപ്പിക്കാന്‍ ആര്‍.എസ്.എസ്. ഇതിന്റെ ഭാഗമായി ജനക്ഷേമപദ്ധതികള്‍ നടപ്പാക്കാനാണ് നേതൃത്വത്തിന്റെ നീക്കം. ഗ്രാമീണമേഖലകളില്‍ പ്രവര്‍ത്തനം വ്യാപിക്കാനാണ് ഇപ്പോഴത്തെ തീരുമാനം. സാധാരണക്കാരുടെ പ്രശ്‌നങ്ങള്‍ വിലയിരുത്തി അവര്‍ക്കൊപ്പം പോരാടാനുള്ള തീരുമാനവും ആര്‍.എസ്.എസ് നേതൃത്വത്തിനുണ്ട്. കേരളത്തില്‍ വര്‍ധിച്ചുവരുന്ന സ്ത്രീ പീഡനങ്ങള്‍ക്കെതിരെ സമര പരിപാടികള്‍ ആഹ്വാനം ചെയ്തും യുവാക്കളുടെ പ്രശ്‌നത്തില്‍ ഇടപെട്ടും യുവനിരയെ ആര്‍.എസ്.എസിന് അനുകൂലമാക്കാനുള്ള പദ്ധതിയും ആവിഷ്‌കരിക്കാന്‍ തീരുമാനമായി. കേരള സര്‍ക്കാരിന്റെ വീഴ്ച്ചകള്‍ ഉയര്‍ത്തിക്കാട്ടിയാകും ആര്‍.എസ്.എസ് രംഗപ്രവേശനം ചെയ്യുക.
സമൂഹത്തിലെ ഏറ്റവും താഴേത്തട്ടിലുള്ളവര്‍ക്കുവേണ്ടി സമഗ്ര സാമൂഹിക പദ്ധതികള്‍ ആരംഭിക്കാന്‍ സംഘടനയുടെ ദേശീയ പ്രതിനിധിസഭ തീരുമാനിച്ചു. കേരളത്തിന് പുറമെ,തമിഴ്‌നാട്ടിലും സാമൂഹിക സ്ഥിതിക്കു യോജിച്ച പദ്ധതികള്‍ക്കു പിന്നീടു രൂപം നല്‍കും. കുടുംബ ക്ഷേമത്തിലൂന്നിയ പദ്ധതികളാണ് ആവിഷ്‌കരിക്കുക.
ശുദ്ധജല പദ്ധതികള്‍, അഗതിമന്ദിരങ്ങള്‍ എന്നിവയുള്‍പ്പെടെ നടപ്പാക്കി, അസംഘടിത വിഭാഗങ്ങള്‍ക്കൊപ്പം നിന്നതിന്റെ ഫലം കൂടിയാണ് ഉത്തര്‍ പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചതെന്നാണു സംഘടനയുടെ വിലയിരുത്തല്‍. ജാതി, സമുദായ സംഘടനകള്‍ക്കും തൊഴിലാളി യൂണിയനുകള്‍ക്കും പുറത്തുള്ളവര്‍ക്കായി നടത്തിയ പ്രവര്‍ത്തനം സംഘടന പ്രതീക്ഷിച്ചതിനുമപ്പുറത്തുള്ള വിജയം അവിടെ സാധ്യമാക്കിയെന്നാണു വിലയിരുത്തല്‍. വീടുകള്‍ തോറുമുളള വ്യാപക സമ്പര്‍ക്ക പരിപാടിയും അവിടെ ആദ്യമായിരുന്നു.

പിന്നാക്ക, ദലിത്, പട്ടിക വിഭാഗങ്ങളുടെ ജീവിത നിലവാരം ഉയര്‍ത്താന്‍ വിവിധ സേവാസംഘങ്ങള്‍ സമയബന്ധിതമായി പ്രവര്‍ത്തിക്കണമെന്ന അഭിപ്രായവും സമ്മേളനത്തിലുണ്ടായി. ബിജെപി പരിപാടികളെ തുടര്‍ച്ചയായി വിമര്‍ശിച്ചും അവയുമായി നിസ്സഹകരിച്ചുമുള്ള നീക്കങ്ങള്‍ ആശാസ്യമല്ലെന്ന വിമര്‍ശനവുമുണ്ടായി. ക്രിയാത്മകമായ വിമര്‍ശനമാണു വേണ്ടതെന്നു നേതൃത്വം വ്യക്തമാക്കി.

Loading...

കേരളത്തിലും തമിഴ്‌നാട്ടിലും ആര്‍എസ്എസില്‍ നിന്നു കൂടുതല്‍ കേഡര്‍ നേതാക്കളെ പാര്‍ട്ടിക്കു വിട്ടു കൊടുക്കുമെന്നാണു സൂചന. സംഘടന ജനറല്‍ സെക്രട്ടറി സുരേഷ് ഭയ്യാജി ജോഷി അവതരിപ്പിച്ച സംഘടനാ റിപ്പോര്‍ട്ടിന്മേലുള്ള ചര്‍ച്ചയ്ക്കു ശേഷം സംസ്ഥാനങ്ങളില്‍ നടപ്പാക്കിയ ശ്രദ്ധേയമായ പദ്ധതികളും പരിവാര്‍ സംഘടനാ പ്രവര്‍ത്തനങ്ങളും വിലയിരുത്തി.