സെന്റ്‌ ഇഗ്നേഷ്യസ്‌ കത്തീഡ്രലില്‍ ഏകദിന ധ്യാനവും പീഢാനുഭവ വാരാചരണവും

ഡാലസ്‌: അമേരിക്കന്‍ അതിഭദ്രാസനത്തിലുള്‍പ്പെട്ട ഡാലസ്‌ സെന്റ്‌ ഇഗ്നേഷ്യസ്‌ കത്തീഡ്രലിലെ ഈ വര്‍ഷത്തെ പീഢാനുഭവ വാരാചരണത്തിനായുളള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. പീഢാനുഭവ വാരാചരണത്തിന്‍െറ മുന്നോടിയായി മാര്‍ച്ച്‌ 28 (ശനി) രാവിലെ 9.30 മുതല്‍ വാഗ്മിയും വചന പ്രഘോഷകനുമായ റവ. ഫാ. ബിനു ജോസഫിന്‍െറ (വികാരി, സെന്റ്‌ മേരീസ്‌ ചര്‍ച്ച്‌ ഹൂസ്‌റ്റണ്‍) നേതൃത്വത്തില്‍ ഏകദിന ധ്യാനയോഗം നടത്തും.‘ എന്നാല്‍ വിശ്വാസം കൂടാതെ ദൈവത്തെ പ്രസാദിപ്പിപ്പാന്‍ കഴിയുന്നതല്ല. എബ്രായര്‍ 11–6 എന്നതായിരിക്കും പ്രധാന ചിന്താവിഷയം. വിവിധങ്ങളായ പ്രശ്‌നങ്ങളാല്‍ അനുദിനം സങ്കീര്‍ണ്ണമായിക്കൊണ്ടിരിക്കുന്ന ഇന്നത്തെ ജീവിത സാഹചര്യങ്ങളില്‍ അടി പതറാതെ ഭയപെടേണ്ടാ, ഞാന്‍ നിന്നോട്‌ കൂടെയുണ്ട്‌ എന്ന ക്രിസ്‌തു വചനത്തില്‍ അടിയുറച്ച്‌ വിശ്വസിച്ച്‌ ജീവിതത്തില്‍ മുന്നേറുവാന്‍, ദൈവ വചനം നമ്മെ ഓര്‍മ്മിപ്പിക്കുന്നു. പീഢാനുഭവ വാരത്തിലേക്ക്‌ അടുത്തു വരുന്ന ഈ ദിവസങ്ങളില്‍ ഇടവകയെ തികഞ്ഞ ആത്മീയ നിറവിലേക്ക്‌ ഒരുക്കുന്നതിനായി നടത്തപ്പെടുന്ന ഈ ആത്മീയ വിരുന്നിന്‌, ഏവരേയും സ്വാഗതം ചെയ്യുന്നതായി വികാരി വെരി. റവ. ജോണ്‍ വര്‍ഗീസ്‌ കോര്‍ എപ്പിസ്‌കോപ്പാ അറിയിച്ചു.

കഷ്‌ടാനുഭവാഴ്‌ചയോടനുബന്ധിച്ച്‌ 29–ാം തിയതി (ഓശാന ഞായര്‍) രാവിലെ 8 മണിക്ക്‌ ശുശ്രൂഷകള്‍ ആരംഭിക്കും. പെസഹാ വ്യാഴാഴ്‌ച ആചരണത്തിന്‍െറ ഭാഗമായി ഏപ്രില്‍ 1 (ബുധന്‍) വൈകിട്ട്‌ 6.30 ന്‌ സന്ധ്യാ പ്രാര്‍ഥനയും 7 മണിക്ക്‌ പെസഹായുടെ പ്രത്യേക ശുശ്രൂഷയും നടക്കും. ദുഃഖ വെളളിയാഴ്‌ച (ഏപ്രില്‍ 3) രാവിലെ 8.30 ന്‌ പ്രത്യേക ശുശ്രൂഷകള്‍ക്ക്‌ തുടക്കം കുറിക്കും. ദുഃഖ ശനിയാഴ്‌ച(ഏപ്രില്‍ 4) രാവിലെ 9 മണിക്ക്‌ പ്രഭാത പ്രാര്‍ഥനയും തുടര്‍ന്ന്‌ വി. കുര്‍ബാനയും ഉണ്ടായിരിക്കും. ഈസ്‌റ്റര്‍ ദിനമായ ഏപ്രില്‍ 5 ഞായര്‍ രാവിലെ 6.30 ന്‌ ഈസ്‌റ്ററിന്റേതായ പ്രത്യേക ശുശ്രൂഷകള്‍ ആരംഭിക്കും. 12 മണിക്ക്‌ സ്‌നേഹ വിരുന്നോടെ ഈ വര്‍ഷത്തെ പീഢാനുഭവ വാരാചരണത്തിന്‌ സമാപനമാകും. മാര്‍ച്ച്‌ 26 മുതല്‍ 31 വരെയുളള ദിവസങ്ങളില്‍ വിശ്വാസികള്‍ക്ക്‌ വൈകീട്ട്‌ 5 മുതല്‍ 7 വരെ വി. കുമ്പസാരം നടത്തുന്നതിനുളള അവസരം ഉണ്ടായിരിക്കും. സെന്റ്‌ ഇഗ്നേഷ്യസ്‌ കത്തീഡ്രല്‍ പിആര്‍ഒ കറുത്തേടത്ത്‌ ജോര്‍ജ്‌ അറിയിച്ചതാണിത്‌.

Loading...