മാതാപിതാക്കള്‍ക്കൊപ്പം ഉറങ്ങിക്കിടന്ന ഒരു വയസ്സുള്ള പെണ്‍കുഞ്ഞിനെ എടുത്തുകൊണ്ടുപോയി പീഡിപ്പിച്ച ശേഷം തല നിലത്തിടിച്ച് കൊലപ്പെടുത്തി

പുണെ: മാതാപിതാക്കള്‍ക്കൊപ്പം ഉറങ്ങിക്കിടന്ന ഒരു വയസ്സുള്ള പെണ്‍കുഞ്ഞിനെ എടുത്തുകൊണ്ടുപോയി പീഡിപ്പിച്ച ശേഷം തല നിലത്തിടിച്ച് കൊലപ്പെടുത്തി. പുണെയിലെ ലോണി കല്‍ബോറിലാണ് സംഭവം. പ്രതി മാല്‍ഹരി മന്‍സോദെയെ (22) പൊലീസ് അറസ്റ്റ് ചെയ്തു. കുഞ്ഞിനെ എടുത്തുകൊണ്ടുപോകുന്ന സിസിടിവി ദൃശ്യമാണ് പ്രതിയെ കണ്ടെത്താന്‍ പൊലീസിനെ സഹായിച്ചത്.

വ്യാഴാഴ്ച അര്‍ദ്ധരാത്രിയോടെയാണ് സംഭവം നടന്നത്. തമിഴ്‌നാട്ടില്‍നിന്ന് കൂലിപ്പണിക്ക് പുണെയില്‍ എത്തിയവരാണ് പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍. കുടുംബത്തോടൊപ്പം ഉറങ്ങുകയായിരുന്ന കുഞ്ഞിനെ അര്‍ദ്ധരാത്രിയോടെയാണ് കാണാനില്ലെന്ന് അറിഞ്ഞത്. ഉടന്‍തന്നെ തിരച്ചില്‍ തുടങ്ങുകയും പൊലീസില്‍ പരാതി കൊടുക്കുകയും ചെയ്തു.

വെള്ളിയാഴ്ചയാണ് സമീപപ്രദേശത്തുനിന്ന് കുഞ്ഞിന്റെ മൃതദേഹം കിട്ടിയത്. വൈദ്യപരിശോധനയില്‍ കുഞ്ഞ് ലൈംഗികമായി പീഡിപ്പിക്കപ്പെട്ടിട്ടുണ്ടെന്നും തല നിലത്തിടിച്ചാണ് കൊല്ലപ്പെട്ടതെന്നും തെളിഞ്ഞു. തുടര്‍ന്ന് സമീപത്തെ സിസി ടിവി പരിശോധിച്ചപ്പോഴാണ് പ്രതിയെ തിരിച്ചറിഞ്ഞത്.