പോപ്പുലര്‍ ഫ്രണ്ട് ഓഫിസുകളില്‍ എന്‍ഐഎ നടത്തിയ റെയ്ഡില്‍ 106 പേര്‍ കസ്റ്റഡിയില്‍

ന്യൂഡല്‍ഹി. കേരളം അടക്കം 13 സംസ്ഥാനങ്ങളിലെ പോപ്പുലര്‍ ഫ്രണ്ട് ഓഫിസുകളില്‍ എന്‍ഐഎ നടത്തിയ റെയ്ഡില്‍ 106 പേരെ കസ്റ്റഡിയില്‍ എടുത്തു. കസ്റ്റഡിയില്‍ എടുത്തവരില്‍ ദേശീയ നേതാക്കളും സംസ്ഥാന നേതാക്കളുമുണ്ട്. കേരളത്തില്‍ നിന്ന് 22 പേരെയാണ് കസ്റ്റഡിയില്‍ എടുത്തത്. തിരുവനന്തപുരം,കോട്ടയം, പത്തനംതിട്ട, തൃശര്‍, കണ്ണൂര്‍ എന്നിവിടങ്ങളിലാണ് റെയ്ഡ് നടന്നത്. ഇതില്‍ എട്ട് പേരുടെ അറസ്റ്റ് എന്‍ഐഎ രേഖപ്പെടുത്തിയതായിട്ടാണ് വിവരം. ഇവരെ കോടതിയില്‍ ഹാജരാക്കിയ ശേഷം ഡല്‍ഹിയിലേക്ക് കൊണ്ടുപോയി.

ഇടുക്കി ജില്ലാ സെക്രട്ടറി സൈനുദ്ദീന്‍, ദേശീയ പ്രസിഡന്റ് ഓഎംഎ സലാം, ദേശീയ സെക്രട്ടറി നസറുദ്ദീന്‍ എളമരം, സംസ്ഥാനപ്രസിഡന്റ് മുഹമ്മദ് ബഷീര്‍, പത്തനംതിട്ട ജില്ലാ സെക്രട്ടറി സാദിഖ് നജിമുദീന്‍, കോയ, അബ്ദുള്‍ റഹ്‌മാന്‍, ദേശീയ വൈസ് പ്രസിഡന്റ് അബ്ദുള്‍ റഹ്‌മാന്‍ എന്നിവരെയാണ് എന്‍ഐഎ കസ്റ്റഡിയില്‍ എടുത്തത്. കൂടാതെ തമിഴ്‌നാട് സ്വദേശികളായ മുഹമ്മദലി ജിന്ന, മുഹമ്മദ് ഷാഹിദ് എന്നിവരെ കോട്ടയത്തു നിന്നും പിടികൂടി ഇവരെ നെടുമ്പാശേരി വിമാനത്താവളത്തില്‍ എത്തിച്ചു.

Loading...

രാജ്യ വ്യാപകമായി നടന്ന എന്‍ ഐ എ റെയ്ഡില്‍ പോപ്പുലര്‍ ഫ്രണ്ട് നേതാക്കളുടെ ആദ്യ പ്രതികരണം പുറത്ത്. റെയ്ഡിനെ ചോദ്യം ചെയ്യുകയാണ്. ഇതെല്ലാം ആര്‍/എസ് എസ് അജണ്ടയാണ്. ആ അജണ്ടയാണ് എന്‍ ഐ എയും കേന്ദ്ര സര്‍ക്കാരും നടപ്പിലാക്കുന്നത് എന്നും വന്‍ പ്രക്ഷോഭം നടത്തും എന്നും പോപ്പുലര്‍ഫ്രണ്ട് സംസ്ഥാന സെക്രട്ടറി സി.എ റൗഫ് മുന്നറിയിപ്പ് നല്‍കി.കേരള വ്യാപകമായി നാളെ ഹര്‍ത്താല്‍ നടത്തുമെന്ന സൂചനയും നല്കി. കസ്റ്റഡിയില്‍ എടുത്ത നേതാക്കളെ വിട്ടയച്ചില്ലെങ്കില്‍ സംസ്ഥാന വ്യാപകമായി നാളെ ഹര്‍ത്താല്‍ നടത്തുമെന്നാണ് പോപ്പുലര്‍ ഫ്രണ്ട് അറിയിച്ചിരിക്കുന്നത്. പോപ്പുലര്‍ഫ്രണ്ട് സംസ്ഥാന സെക്രട്ടറി സി.എ റൗഫ് വാര്‍ത്താ സമ്മേളനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. അദ്ദേഹം പറയുന്നത് ഇങ്ങിനെ…ഭരണകൂട ഭീകരതയാണ് നടക്കുന്നത്. അര്‍ദ്ധരാത്രി വീടുകളില്‍ കയറി എന്‍ഐഎ ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. നിരോധിക്കാനാണ് നീക്കം എങ്കില്‍ നടക്കില്ല. പോപ്പുലര്‍ഫ്രണ്ടിന്റെ ആശയങ്ങള്‍ പുതിയ തലമുറ ഏറ്റെടുത്ത് കഴിഞ്ഞെന്നും റൗഫ് വാര്‍ത്താ സമ്മേളനത്തില്‍ പ്രതികരിച്ചു.

കസ്റ്റഡിയില്‍ എടുത്ത നേതാക്കളെ ഉടന്‍ വിട്ടയക്കണം. ഇല്ലെങ്കില്‍ പ്രതിഷേധം ശക്തമാക്കുമെന്നും റൗഫ് പ്രതികരിച്ചു. രാവിലെ മുതല്‍ തന്നെ പല ജില്ലകളിലും പോപ്പുലര്‍ഫ്രണ്ട് പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി തടിച്ച് കൂടിയിരുന്നു. പരിശോധനയില്‍ പ്രതിഷേധിച്ച് കണ്ണൂരിലും മലപ്പുറത്തും പോപ്പുലര്‍ഫ്രണ്ട് റോഡ് ഉപരോധിച്ചു. ഇവരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി. ബോലോ തക്വീര്‍ വിളിച്ചാണ് പ്രതിഷേധിക്കുന്നത്.