കൊറോണയെ തോല്‍പ്പിച്ചു ഈ 107 കാരി;രോഗമുക്തി നേടിയ ലോകത്തെ പ്രായം ചെന്ന വ്യക്തിയാണ് ഇവര്‍

കൊറോണ എന്ന ഭീകരനെ പേടിക്കേണ്ടത് 70 വയസ്സ് പിന്നിട്ടവരാണെന്ന് പറയുമ്പോഴും അതിനെ തിരുത്തിക്കുറിക്കുന്ന ഒരുപാട് മുഖങ്ങള്‍ നമ്മള്‍ കഴിഞ്ഞ ദിവസങ്ങളിലെല്ലാം കണ്ടിരുന്നു. കൊറോണ വൈറസിനെ അടിയറവ് പറയിപ്പിച്ച ഒരുപാട് മുഖങ്ങളെ. എന്നാല്‍ ലോകത്ത് കൊറോണ മുക്തയായ ഏറ്റവും പ്രായം കൂടിയ വ്യക്തി ആരാണെന്ന് അറിയാമോ, കോണേലിയ റാസ് എന്ന വയോധികയാണ് ഈ 107 ാം വയസ്സിലും കൊറോണയെ തോല്‍പ്പിച്ച് ജീവിതത്തിലേക്ക് മടങ്ങി വന്നിരിക്കുന്നത്.

മാര്‍ച്ച് 17 നായിരുന്നു ഇവര്‍ കൊറോണ ബാധിതയായി ആശുപത്രിയിലേക്ക് വന്നത്. തലേദിവസമായിരുന്നു അവരുടെ 107 ാം പിറന്നാളും. നെതര്‍ലാന്റിലെ ഈ വയോധികയാണ് ഇപ്പോള്‍ താരമായിരിക്കുന്നത്. 30 വയസ്സു പ്രായമുള്ളവരെപ്പോലും രോഗം കീഴ്‌പ്പെടുത്തിയപ്പോഴാണ് ഈ അത്ഭുതം നടന്നിരിക്കുന്നത്. ഇവര്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടതിന്റെ അതേദിവസം തന്നെ നാല്‍പ്പതോളം പേരാണ് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടത്. എന്നാല്‍ അതില്‍ 12 പേരും മരണത്തിന് കീഴടങ്ങുകയും ചെയ്തിരുന്നു.

Loading...

മറ്റൊരു അത്ഭുതപ്പെടുത്തുന്ന കാര്യം ഇവരുടെ കാര്യത്തില്‍ ഡോക്ടര്‍മാര്‍ക്ക് പോലും ഉറപ്പുണ്ടായിരുന്നില്ല എന്നതാണ്. 100 വയസ്സ് പിന്നിട്ടതിനാല്‍ ഇവരുടെ ജീവിതം തിരിച്ചുകൊടുക്കാന്‍ കഴിയുമോ എന്ന് ഡോക്ടര്‍മാര്‍ പോലും സംശയിച്ചിരുന്നു. എന്നാല്‍ ഇവര്‍ക്ക് കാര്യമായി ഒരു ആരോഗ്യപ്രശ്‌നവും ഇല്ലാതിരുന്നു എന്നതാണ് ഇവര്‍ക്ക് തുണയായത്.കാര്യമായ ആരോഗ്യപ്രശ്‌നങ്ങളൊന്നും ഇല്ലാഞ്ഞതിനാല്‍ത്തന്നെ ഓരോ ദിവസം കഴിയുംതോറും അവര്‍ രോഗത്തെ അതിജീവിച്ചുവന്നു.

ഒടുവില്‍ ആരോഗ്യവതിയായി ആശുപത്രിയില്‍ നിന്ന് മടങ്ങിയിരിക്കുകയാണിപ്പോള്‍. കൊവിഡ് 19ല്‍ നിന്ന് രക്ഷപ്പെട്ട് ജീവിതത്തിലേക്ക് തിരിച്ചുവന്ന ഏറ്റവും പ്രായം കൂടിയ വ്യക്തി ഈ അമ്മൂമ്മയാണെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. 104 വയസുള്ള അമേരിക്കന്‍ സ്വദേശിയായിരുന്നു ഇതിന് മുമ്പ് ഈ റെക്കോര്‍ഡിന് ഉടമയായതെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.2643 പേരാണ് നെതര്‍ലാന്‍ഡ്‌സില്‍ ഇതിനോടകം കൊവിഡ് 19 ബാധിച്ച് മരണമടഞ്ഞത്. 24,413 പേർക്ക് രോഗം സ്ഥിരീകരിച്ചിട്ടുമുണ്ട്. ലോകത്ത് തന്നെ കൊവിഡ് 19 സാരമായ ബാധിച്ച രാജ്യങ്ങളിലൊന്ന് കൂടിയാണ് നെതര്‍ലാന്‍ഡ്‌സ്.