ക്ഷേത്രോത്സവത്തിനിടെ വൈദ്യുതാഘാതമേറ്റ് കുട്ടികളടക്കം 11 മരണം, ദുരന്തമുണ്ടായത് രഥം എഴുന്നള്ളിപ്പിനിടെ

ചെന്നൈ: ക്ഷേത്രത്തിലെ ഉത്സവത്തിനിടെ വൈദ്യുതാഘാതമേറ്റ് രണ്ട് കുട്ടികളടക്കം 11 പേര്‍ മരിച്ചു. തഞ്ചാവൂരിന് സമീപം കാളിമേട് ക്ഷേത്രത്തിലെ ചിത്തിര ഉത്സവത്തിനിടെയാണ് ദുരന്തം ഉണ്ടായത്.

10 പേര്‍ സംഭവസ്ഥലത്തും ഒരാള്‍ ആശുപത്രിയിലുമാണ് മരിച്ചത്. പത്തിലേറെ പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇതില്‍ നാലുപേരുടെ നില ഗുരുതരമാണ്. മരണസംഖ്യ ഉയരാന്‍ ഇടയുണ്ടെന്നാണ് പൊലീസ് പറയുന്നത്.

Loading...

എഴുന്നള്ളിപ്പിനിടെ രഥം വൈദ്യുതി കമ്ബിയില്‍ കുടുങ്ങുകയായിരുന്നു. രഥത്തിന് സമീപത്തുണ്ടായിരുന്നവരാണ് അപകടത്തില്‍ പെട്ടത്. സ്ഥലത്ത് വെള്ളംകെട്ടിനിന്നത് അപകടത്തിന്റെ വ്യാപ്തികൂട്ടി. ലൈല്‍ ഓഫുചെയ്തതിനുശേഷമാണ് രക്ഷാപ്രവര്‍ത്തനം നടത്താനായത് എന്നാണ് റിപ്പോര്‍ട്ട്.

94-ാമത് അപ്പര്‍ ഗുരുപൂജയോടനുബന്ധിച്ച്‌ ചൊവ്വാഴ്ച രാത്രി ക്ഷേത്രത്തില്‍ സമീപ ഗ്രാമങ്ങളില്‍ നിന്നുള്‍പ്പടെ നൂറുകണക്കിനുപേരാണ് എത്തിയത്. ഉന്നത ഉദ്യോഗസ്ഥരടക്കം സംഭവസ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്. അപകടത്തെക്കുറിച്ച്‌ അധികൃതര്‍ അന്വേഷണമാരംഭിച്ചു.