പാക്കിസ്ഥാനിൽ ബസ്സിൽ സ്ഫോടനം;13 പേർ മരിച്ചു

പെഷാവാർ: പാകിസ്ഥാനിലെ പെഷാവാറിൽ ബസ്സിൽ നടന്ന സ്ഫോടനത്തിൽ 13 മരണം. ഒമ്പത് ചൈനീസ് പൗരന്മാരുൾപ്പെടെയാണ് 13 പേർ മരിച്ചത്. സ്‌ഫോടനത്തെക്കുറിച്ച് അന്വേഷിക്കുകയാണെന്നാണ് പാക് അധികൃതർ അറിയിച്ചത്. അതേസമയം ചൈനീസ് പൗരന്മാർക്ക് നേരെ നടന്ന ആക്രമണമാണ് നടന്നതെന്ന് ചൈനീസ് എംബസി വ്യക്തമാക്കി. പാകിസ്ഥാനിലെ ചൈനീസ് സ്ഥാപനത്തെ ലക്ഷ്യം വെച്ചാണ് ആക്രമണമെന്നും ചൈനീസ് എംബസി പ്രസ്താവനയിൽ പറഞ്ഞു. ആക്രമണത്തിന് പിന്നിലുള്ളവരെ ഉടൻ പിടികൂടണമെന്നും സ്ഥാപനത്തിന് സുരക്ഷ വർധിപ്പിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.ആക്രമികളെ കണ്ടെത്തി ശിക്ഷിക്കണമെന്നും പാകിസ്ഥാനിലെ ചൈനീസ് പൗരന്മാരുടെയും സ്ഥാപനങ്ങളുടെയും സുരക്ഷ ഉറപ്പാക്കണമെന്നും വിദേശകാര്യ മന്ത്രാലയം വക്താവ് ഷാവോ ലിജിയാൻ ആവശ്യപ്പെട്ടു.

ഖൈബ0ർ പഖ്തുൻഖ്വ പ്രവിശ്യയിലെ ദാസു ഡാം നിർമ്മാണ മേഖലയിലേക്ക് ചൈനീസ് എൻജിനീയർമാരെയും മെക്കാനിക്കൽ ജീവനക്കാരെയും ബസിൽ കൊണ്ടുപോകും വഴിയാണ് സ്‌ഫോടനം നടന്നത്. 28 ചൈനീസ് പൗരന്മാർക്ക് പരിക്കേൽക്കുകയും ചെയ്തു. ബസിന് നേരെ നടന്ന ആക്രമണമാണോ എന്നത് പാകിസ്ഥാൻ സ്ഥിരീകരിച്ചിട്ടില്ല. വലിയ സ്‌ഫോടനമാണ് നടന്നതെന്നും കാരണം വ്യക്തമല്ലെന്നും പാക് അധികൃതർ വ്യക്തമാക്കി. പാകിസ്ഥാനിൽ കോടിക്കണക്കിന് രൂപയുടെ അടിസ്ഥാന സൗകര്യ വികസന പദ്ധതികളാണ് ചൈനയുടെ നേതൃത്വത്തിൽ നടക്കുന്നത്. ഇതിനായി നിരവധി ചൈനീസ് തൊഴിലാളികളും പാകിസ്ഥാനിലുണ്ട്.

Loading...