സംഹാരതാണ്ഡവമാടി ഉംപുന്‍, 14 പേര്‍ മരിച്ചു, വന്‍ നാശനഷ്ടം

ന്യൂഡല്‍ഹി: സംഹാരതാണ്ഡവമാടി ഉംപുന്‍ ചുഴലിക്കാറ്റ്. ശക്തമായ കാറ്റിലും മഴയിലും ആള്‍ നാശവും മറ്റ് പല നാശനഷ്ടങ്ങളും ഉണ്ടായി. ഉംപുന്‍ വീശിയടിച്ചപ്പോള്‍ പശ്ചിമബംഗാളില്‍ 12 പേരും ഒഡീഷയില്‍ രണ്ട് പേരും മരിച്ചു. മണിക്കൂറില്‍ 190 കിലോമീറ്റര്‍ വേഗതയിലാണ് ചുഴലിക്കാറ്റ് പശ്ചിമബംഗാളില്‍ വീശിയത്. ഇവിടെ 5,500 വീടുകളാണ് തകര്‍ന്ന് വീണത്. കൊല്‍ക്കത്ത നഗരത്തില്‍ ഉള്‍പ്പെടെ വൈദ്യുതി തടസ്സപ്പെട്ടു.

ഒഡീഷയിലും കനത്ത മഴയും കാറ്റുമാണ് അനുഭവപ്പെടുന്നത്. പശ്ചിമബംഗാളിലെ ദിഗ, ബംഗ്ലാദേശിലെ ഹാതിയ ദ്വീപ് എന്നിവയിലൂടെ ബുധനാഴ്ച ഉച്ചയ്ക്ക് 2.30 ഓടെയാണ് ചുഴലിക്കാറ്റ് തീരംതൊട്ടത്.

Loading...

പശ്ചിമബംഗാളില്‍ അഞ്ചു ലക്ഷം പേരെയും ഒഡീഷയില്‍ 1.58 ലക്ഷം പേരെയും സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റിപാര്‍പ്പിച്ചിരുന്നു. ദേശീയ ദുരന്തനിവാരണ സേന(എന്‍ഡിആര്‍എഫ്)യുടെ 20 യൂണിറ്റ് ഒഡീഷയിലും 19 യൂണിറ്റ് ബംഗാളിലും പ്രവര്‍ത്തിക്കുന്നുണ്ട്. കനത്തമഴയില്‍ ഇരു സംസ്ഥാനത്തെയും തീരമേഖലയില്‍ വീടുകള്‍ തകര്‍ന്നിട്ടുണ്ട്. മണ്ണുകൊണ്ട് നിര്‍മിച്ച വീടുകള്‍ നിലംപൊത്തി. റോഡുകളില്‍ വീണ മരങ്ങള്‍ എന്‍ഡിആര്‍എഫിന്റെ നേതൃത്വത്തില്‍ മുറിച്ചു മാറ്റി. ബംഗാള്‍ ഉള്‍ക്കടലില്‍ സൂപ്പര്‍ സൈക്ലോണായി രൂപപ്പെട്ട ഉംപുന്‍ ശക്തിക്ഷയിച്ച് അതിതീവ്ര ചുഴലിക്കാറ്റായി മാറുകയായിരുന്നു.