കാസര്‍കോട്: സംസ്ഥാനത്തെ ഏറ്റവും കൂടുതല്‍ ആശങ്കിയിലാഴ്ത്തിയത് കാസര്‍കോടുള്ള അവസ്ഥയാണ്. കേരളത്തില്‍ ഏറ്റവും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത് കാസര്‍കോട് ആയിരുന്നു. രണ്ടാം ഘട്ടം രോഗം സ്ഥിരീകരിച്ചത് കാസര്‍കോട് സ്വദേശിക്കുമായിരുന്നു. കൊറോണ മാത്രമല്ല ഈ സമയത്ത് കര്‍ണാടകയുടെ മനുഷ്യത്വരഹിതമായ നടപടിയിലൂടെ ചികിത്സ ലഭിക്കാതെ 10 ല്‍ കൂടുതല്‍ ആള്‍ക്കാര്‍ മരിക്കുന്ന സാഹചര്യവും കാസര്‍കോട് ഉണ്ടായിരുന്നു.
എന്നാല്‍ ഇപ്പോള്‍ പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍ കേരളത്തിനും കാസര്‍കോടിനും ആശ്വാസകരമായ റിപ്പോര്‍ട്ടുകളാണ്. രണ്ടാം ഘട്ടം രോഗം സ്ഥിരീകരിച്ചയാള്‍ അടക്കം 17 കാസര്‍കോട് സ്വദേശികളാണ് ഇന്ന് ഡിസ്ചാര്‍ജ് ആയത്. കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ആറ് പേരും കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിൽ ഉണ്ടായിരുന്ന മൂന്ന് പേർക്കും പരിയാരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന എട്ടു പേരടക്കമുള്ളവരും ആശുപത്രി വിട്ടു.
കൊവിഡ് രണ്ടാം ഘട്ടത്തിൽ ജില്ലയിൽ ആദ്യമായി രോഗം സ്ഥിരീകരിച്ച കളനാട് സ്വദേശിയുടെ സാമ്പിൾ പരിശോധന ഫലം വിലയിരുത്തി മെഡിക്കൽ ബോർഡാണ് ഡിസ്ചാർജിന് അനുമതി നൽകിയത്. ഇയാളിൽ നിന്ന് സമ്പർക്കത്തിലൂടെ പടർന്ന രണ്ട് വയസുള്ള കുട്ടിയും ഗർഭിണിയും രോഗം ഭേദമായവരിലുണ്ട്. വുഹാനിൽ നിന്നെത്തിയ വിദ്യാർത്ഥി അടക്കം ഏഴുപേർക്ക് നേരത്തെ രോഗം ഭേദമായിരുന്നു. ആശുപത്രി വിട്ടെങ്കിലും ഇവർ രണ്ടാഴ്ച വീട്ടിൽ ക്വറന്റൈനിൽ തുടരണം.
കൊവിഡ് സ്ഥിരീകരിച്ചതിന് ശേഷം ആദ്യമായാണ് ജില്ലയിൽ ഇത്രപേർക്ക് രോഗം ഭേദമാകുന്നത്. ഇതോടെ ജില്ലയിൽ ആശുപത്രി വിട്ടവരുടെ എണ്ണം 22 ആയി. നിലവിൽ 138 പേരാണ് ജില്ലയിൽ കൊവിഡ് പോസിറ്റീവായി ചികിത്സയിലുള്ളത്. അടുത്ത ദിവസങ്ങളിലായി കൂടുതൽ പേർക്ക് കൊവിഡ് നെഗറ്റീവ് ആകുമെന്നാണ് ആരോഗ്യ വകുപ്പ് പ്രതീക്ഷിക്കുന്നത്. കൂടെ കഴിഞ്ഞ ദിവസങ്ങളിൽ പുതുതായി രോഗം സ്ഥിരീകരിക്കുന്നവരുടെ എണ്ണം ഗണ്യമായി കുറഞ്ഞതും പ്രതീക്ഷ നൽകുന്നു.