സുഹൃത്തിനെ തല്ലിച്ചതച്ച ശേഷം 16 കാരിയെ കൂട്ടബലാത്സംഗം ചെയ്തു

നാഗ്പൂര്‍: സുഹൃത്തിന് തല്ലിച്ചതച്ച് മൃതപ്രായനാക്കിയ ശേഷം പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കൂട്ടബലാത്സംഗം ചെയ്തു. 16 കാരിയെയാണ് മൂന്നംഗ സംഘം കൂട്ടബലാത്സംഗത്തിനിരയാക്കിയത്. സംഭവത്തില്‍ പ്രായപൂര്‍ത്തിയാകാത്ത യുവാവ് ഉള്‍പ്പെടെ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു. മോനു എന്ന മോനിഷ് മിലിട് ബോര്‍ക്കര്‍ (32), ഷൈഖ് അന്‍വര്‍ ശൈഖ് അമിന്‍(32) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. മഹാരാഷ്ട്രയിലെ നാഗ്പൂരിലെ കേംപ്ടിയിലാണ് നാടിനെ നടുക്കിയ സംഭവം ഉണ്ടായത്.

ചൊവ്വാഴ്ച രാത്രി ഏഴു മണിയോടെ കേംപ്ടിയിലെ പെട്രോള്‍ പമ്പിനു സമീപത്ത് വെച്ചാണ്‌ പെണ്‍കുട്ടിയെയും സുഹൃത്തിനെയും സംഘം ആക്രമിച്ചത്.സുഹൃത്തിനെ കാണാനായി എത്തിയതായിരുന്നു പെണ്‍കുട്ടി. പെട്രോള്‍ പമ്പിന് സമീപത്ത് നിന്ന് ഇരുവരും സംസാരിക്കുന്നതിനിടെ പ്രതികളിലൊരാള്‍ വന്ന് ചോദ്യം ചെയ്യുകയും കത്തിയെടുത്ത് ഭീഷണിപ്പെടുത്തുകയും ചെയ്തു. ഇതോടെ മറ്റു രണ്ടു പ്രതികളും സ്ഥലത്തെത്തി ഇരുവരെയും ഇരുട്ടുനിറഞ്ഞ സ്ഥലത്തേക്ക് മാറ്റി നിര്‍ത്തി ചോദ്യം ചെയ്യാനാരംഭിച്ചു.

Loading...

തുടര്‍ന്ന് ഇരുവരെയും പ്രതികള്‍ വടി കൊണ്ട് മര്‍ദിച്ച് വിവസ്ത്രരാക്കിയ ശേഷം ലൈംഗിക ബന്ധത്തിലേര്‍പ്പെടാന്‍ ആവശ്യപ്പെട്ടു. ഇതിന് വിസമ്മതിച്ചതോടെ പ്രതികള്‍ പെണ്‍കുട്ടിയെ വിജനമായ സ്ഥലത്തേക്ക് വലിച്ചിഴച്ച് കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. പീഡനശേഷം പെണ്‍കുട്ടിയുടെ മൊബൈല്‍ ഫോണും മോതിരവും കൊള്ളയടിച്ച ശേഷമാണ് സംഘം കടന്നുകളഞ്ഞത്. പ്രതികള്‍ പോയതിനു ശേഷം ആക്രമിക്കപ്പെട്ട പെണ്‍കുട്ടിയും സുഹൃത്തും തന്നെയാണ് വിവരം വീട്ടുകാരെ വിളിച്ചറിയിച്ചത്. തുടര്‍ന്ന് ഇരുവരുടെയും വീട്ടുകാര്‍ പോലീസില്‍ പരാതി നല്‍കി. പെണ്‍കുട്ടിയുടെ, പ്രതികള്‍ കൈക്കലാക്കിയ മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ച് പോലീസ് നടത്തിയ അന്വേഷണത്തിലൂടെയാണ് പ്രതികളെ പിടികൂടാന്‍ സാധിച്ചതെന്ന്‌ ഡി.സി.പി. നീലോത്പല്‍ പറഞ്ഞു.