നിപ: മരിച്ച കുട്ടിയുമായി 17 പേർക്ക് സമ്പർക്കം; നാല് വാർഡുകൾ പൂർണമായും അടച്ചു

കോഴിക്കോട് : ജില്ലയില്‍ നിപ വൈറസ് ബാധ സ്ഥിരീകരിച്ചതിന് പിന്നാലെ രോഗം ബാധിച്ചു മരിച്ച പന്ത്രണ്ടുകാരന്റെ വീടിന് സമീപത്ത് കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. കോഴിക്കോട്ട് ചാത്തമംഗത്തിന് സമീപത്തുള്ള കുട്ടിയുടെ വീടിന് മൂന്നു കിലോമീറ്റര്‍ ചുറ്റളവില്‍ ഗതാഗതം നിരോധിച്ചു.

നിപ്പ വൈറസ് സ്ഥിരീകരിച്ച ചാത്തമംഗലം വാര്‍ഡ് പൂര്‍ണമായും അടയ്ക്കുകയും 8, 11, 12 വാര്‍ഡുകളില്‍ ഭാഗിക നിയന്ത്രണവും നടപ്പാക്കിയിട്ടുണ്ട്. പൊലീസീന്റെ നേതൃത്വത്തില്‍ മുല്‍കരുതല്‍ നടപടികളും സ്വീകരിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി ബാരിക്കേഡ് ഉപയോഗിച്ച്‌ റോഡുകള്‍ പൂര്‍ണമായും അടച്ചു.

Loading...

കൂടുതല്‍ പേര്‍ സമ്ബര്‍ക്കത്തില്‍ വരാന്‍ സാധ്യതയുണ്ടെന്നാണ് വിലയിരുത്തല്‍. അഞ്ച് പേര്‍ക്ക് കുട്ടിയുമായി പ്രാഥമിക സമ്ബര്‍ക്കം ഉള്ളതായി കണ്ടെത്തിയിട്ടുണ്ട്. നിലവില്‍ 17 പേരാണ് നിരീക്ഷണത്തിലുള്ളത്. മൂന്ന് ആശുപത്രികളില്‍ ചികില്‍സയ്ക്ക് വിധേയനായിട്ടുള്ളതിനാല്‍ തന്നെ കുട്ടിയുടെ സമ്ബര്‍ക്ക പട്ടിക നീളാന്‍ സാധ്യതയുണ്ട്. പട്ടികയില്‍ കുട്ടിയുടെ നാട്ടിലെ സുഹൃത്തുക്കള്‍ എന്നിവരുള്‍പ്പെടെ കണ്ടെത്തിയവരെ നീരീക്ഷിക്കും.

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ നിപ ചികില്‍സയ്ക്കായി പ്രത്യേക ബ്ലോക്ക്, ലാബ് ഉള്‍പ്പെടെ സജ്ജീകരിക്കും. മെഡിക്കല്‍ കോളേജിലെ പേ വാര്‍ഡ് ആണ് ഇതിനായി തിരഞ്ഞെടുത്തിരിക്കുന്നത്.

വിദഗ്ദ ചികില്‍സയ്ക്കായി ഐസൊലേഷന്‍ വാര്‍ഡ് ഉള്‍പ്പെടെ സജ്ജീകരിച്ച്‌ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റാനിരിക്കെയാണ് സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലിരുന്ന 12 കാരന്‍ ഇന്ന് പുലര്‍ച്ചെ മരിച്ചത്.

അതേ സമയം ശനിയാഴ്ച രാത്രി വൈകിയാണ് പുണെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് ഫലം ലഭിച്ചത്. കുട്ടിയുടെ മൂന്ന് സാമ്ബിളുകളും പോസീറ്റീവാണെന്ന് കണ്ടെത്തിയെന്ന് ആരോഗ്യമന്ത്രി അറിയിച്ചു.

നാല് ദിവസം മുന്‍പാണ് നിപ രോഗ ലക്ഷണങ്ങളോടെയാണ് കുട്ടിയെ ആശുപത്രിയിലെത്തിച്ചത്. തുടക്കം സാധാരണ പനിയായിരുന്നു. ആദ്യം പനിബാധിച്ച കുട്ടിയെ ഓമശ്ശേരിയിലെ ശാന്തി ആശുപത്രിയില്‍ എത്തിച്ചു. തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് മാറ്റി. മെഡിക്കല്‍ കോളേജില്‍ നിന്ന് പിന്നിട് കോഴിക്കോട് മിംസ് ആശുപത്രിയിലേക്ക് എത്തിക്കുമ്ബോള്‍ കുട്ടിയ്ക്ക് 104 ഡിഗ്രി പനി ഉണ്ടായിരുന്നു. പിന്നാലെ കുട്ടിക്ക് അപസ്മാരവും, ഛര്‍ദ്ദിയും അനുഭവപ്പെട്ടു.

വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്ത പ്രദേശത്തെ റോഡുകള്‍ പൊലീസ് അടച്ചു. നിരീക്ഷണത്തിലിരിക്കുന്ന ആര്‍ക്കും രോഗലക്ഷണങ്ങള്‍ ഇതുവരെ ഇല്ലെന്ന് മന്ത്രി പറഞ്ഞു. ശനിയാഴ്ച രാത്രി തന്നെ ഉന്നതതല യോഗം ചേര്‍ന്ന് ആക്ഷന്‍പ്ലാന്‍ രൂപീകരിച്ചിരുന്നു. കോഴിക്കോടിന് പുറമേ മലപ്പുറം, കണ്ണൂര്‍, ജില്ലകളിലും ജാഗ്രത വേണം. ആശങ്കപ്പെടേണ്ടതില്ലെന്ന് മന്ത്രി വ്യക്തമാക്കി.