യുപിയിലെ തീരാത്ത ക്രൂരത; പുല്ലു പറിക്കാന്‍ പോയ 17 കാരിയുടെ മൃതദേഹം കണ്ടെത്തി

ഉത്തര്‍പ്രദേശില്‍ പെണ്‍കുട്ടികളോടുള്ള ക്രൂരത തുടര്‍ക്കഥയാവുകയാണ്. ഏറ്റവും ഒടുവിലായി പുറത്ത് വരുന്നത് ഞെട്ടിക്കുന്ന വാര്‍ത്തകളാണ്. ആഗ്രയില്‍ 17കാരിയായ ദലിത് പെണ്‍കുട്ടിയുടെ മൃതദേഹം അര്‍ധനഗ്‌നമായ നിലയില്‍ കണ്ടെത്തിയിരിക്കുകയാണ്. പെണ്‍കുട്ടിയുടെ ശരീരത്തില്‍ നിലത്തിട്ട് വലിച്ചിഴച്ച പാടുകള്‍ കണ്ടെത്തി.ഒപ്പം മാറിലും മറ്റ് ഭാഗങ്ങളിലും നഖമേറ്റ പാടുകളുമുണ്ട്. വയലിലേക്ക് പശുക്കള്‍ക്ക് തീറ്റതേടിപ്പോയ പെണ്‍കുട്ടിയാണ് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയിരിക്കുന്നത്. സംശയിക്കുന്ന 12 പേരെ ഇപ്പോള്‍ പൊലീസ് കസ്റ്റഡിയിലെടുത്തിരിക്കുകയാണ്.

സംഭവത്തില്‍ അഞ്ച് അന്വേഷണ സംഘങ്ങളെയാണ് പൊലീസ് നിയോഗിച്ചിട്ടുള്ളത്. ഹാഥ്റസ് സംഭവത്തിന് സമാനമാണ് കൊലപാതകമെന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. പെണ്‍കുട്ടിയുടെ ശരീരത്തില്‍ നിരവധി പാടുകളുണ്ടെന്നും ആന്തരികമായ പരിക്കേറ്റിട്ടില്ലെന്നും പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് ഉദ്ധരിച്ച് അലിഗഢ് എസ്എസ്പി ജി മുനിരാജ് വ്യക്തമാക്കി. ശ്വാസംമുട്ടിച്ചാണ് കൊലപാതകമെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. ഫോറന്‍സിക് റിപ്പോര്‍ട്ട് വന്നതിന് ശേഷമേ കൂടുതല്‍ വ്യക്തതയുണ്ടാകൂവെന്നാണ് പൊലീസ് പറയുന്നത്.

Loading...

ഞായറാഴ്ച രാത്രി അക്രബാദിലെ വീടിന് സമീപത്തുനിന്നാണ് മൃതശരീരം കണ്ടെത്തിയത്. സംഭവ ദിവസം പുല്ലുപറിക്കാനാണ് പെണ്‍കുട്ടി വയലിലേക്ക് പോയത്. എന്നാല്‍ സമയമായിട്ടും തിരിച്ചുവരാത്തതിനെ തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് മൃതശരീരം കണ്ടെത്തിയത്.സമാനമായ സാഹചര്യത്തില്‍ നേരത്തെയും പെണ്‍കുട്ടികളെ ഇങ്ങനെ കണ്ടെത്തിയിട്ടുണ്ട്. പുല്ലു പറിക്കാന്‍ പോയ മൂന്ന് പെണ്‍കുട്ടികളെയും ഇത് പോലെ വയലില്‍ കണ്ടെത്തിയത് ദിവസങ്ങള്‍ക്ക് മുന്‍പ് ആയിരുന്നു.