കൊച്ചി : കേരളം വഴിയൊരുക്കിയ 17 വയസ്സുകാരിയായ ആൻ മരിയയുടെ നില അതീവ ഗുരുതരമായി തുടരുന്നതായി ആശുപത്രി അധികൃതർ. ഒരു ദിവസം മുൻപാണ് ഹൃദയാഘാതത്തെ തുടർന്ന് കട്ടപ്പന സെയ്ന്റ് ജോൺസ് ആശുപത്രിയിൽനിന്ന് കുട്ടിയെ ഇടപ്പള്ളി അമൃത ആശുപത്രിയിലെത്തിച്ചത്. അമൃത ആശുപത്രിയിൽ ഹൃദ്രോഗ വിഭാഗത്തിലെ ഡോക്ടർമാരുടെ നേതൃത്വത്തിലുള്ള വിദഗ്ധ സംഘമാണ് ചികിത്സിക്കുന്നത്. നിലവിൽ 72 മണിക്കൂർ നിരീക്ഷണത്തിനായി ക്രിട്ടിക്കൽ കെയർ യൂണിറ്റിലാണ് കുട്ടി ഉള്ളത്.
ആൻ മരിയയ്ക്ക് ഹൃദയസംബന്ധമായ മറ്റു പ്രശ്നങ്ങളൊന്നും ഇതുവരെ ഡോക്ടർമാർക്ക് കണ്ടെത്താനായിട്ടില്ല. എന്നാൽ ന്യൂറോ സംബന്ധമായ ചില പ്രശ്നങ്ങളുണ്ട്. ഈ കാര്യങ്ങളാണ് ഡോക്ടർമാണ് ഇപ്പോൾ പരിശോധിച്ചു വരുന്നത്. ആൻ മരിയയെ കട്ടപ്പനയിൽനിന്ന് എത്തിക്കുന്ന വിവരം മുൻകൂട്ടി അറിയിച്ചതിനാൽ അമൃത ആശുപത്രിയിൽ ചികിത്സയ്ക്കു വേണ്ട എല്ലാ സജ്ജീകരണങ്ങളും ഒരുക്കിയിരുന്നു.
കുട്ടിയെ കൃത്യ സമയത്ത് തന്നെ അമൃത ആശുപത്രിയിൽ എത്തിക്കാനായതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം. മന്ത്രി റോഷി അഗസ്റ്റിന അടക്കം ഇടപെട്ടതിന് പിന്നാലെയായിരുന്നു ഇത്. മന്ത്രി ആശുപത്രിയിൽ നേരിട്ടെത്തി ആൻ മരിയയുടെ രോഗവിവരം ഡോക്ടർമാരുമായി സംസാരിച്ചു. 11.40ന് കട്ടപ്പന സെയ്ന്റ് ജോൺസ് ആശുപത്രിയിൽ നിന്ന് പുറപ്പെട്ട ആംബുലൻസ് 2.12ന് കൊച്ചി അമൃത ആശുപത്രിയിൽ എത്തിയിരുന്നു.
വെറും രണ്ട് മണിക്കൂർ 32 മിനിറ്റുകൊണ്ടാണ് ഇത്രയും ദൂരം താണ്ടിയത്. ആംബുലൻസ് ഡ്രൈവർ സുബ്രഹ്മണ്യൻ എന്ന മണിക്കുട്ടനും സംഘവുമാണ് ജീവൻ പണയംവെച്ച് ദൗത്യം ഏറ്റെടുത്ത് പൂർത്തീകരിച്ചത്.