പാലക്കാട്: സാമ്പത്തിക പരാധീനത മുതലെടുത്ത് 17കാരിയെ 32കാരൻ വിവാഹം കഴിച്ചെന്ന് പരാതി. സംഭവത്തിൽ പോലീസ് അന്വേഷണം തുടങ്ങി. സംഭവത്തിൽ ബാലവിവാഹത്തിന് ചെർപ്പുളശേരി പൊലീസ് കഴിഞ്ഞദിവസം കേസെടുത്തിരുന്നു. ചൈൽഡ് വെൽഫയർ കമ്മിറ്റിയും അന്വേഷണം നടത്തും. ബാലവിവാഹ നിരോധന നിയമപ്രകാരം പെൺകുട്ടിയുടെ ഭർത്താവിനും മാതാപിതാക്കൾക്കുമെതിരെ രണ്ടുവർഷംവരെ തടവുശിക്ഷ ലഭിക്കാവുന്ന ജാമ്യമില്ലാ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്.
അതേസമയം സാമ്പത്തിക പരാധീനത മുതലെടുത്തായിരുന്നു വിവാഹമെന്ന് പൊലീസ് പറയുന്നു. കഴിഞ്ഞ ജൂൺ 29നാണ് ചെർപ്പുളശേരിക്കാരനായ 32കാരനും മണ്ണാർക്കാട് സ്വദേശിയായ 17കാരിയും വിവാഹിതരായത്. തൂത ക്ഷേത്രത്തിൽ നടന്ന വിവാഹത്തിൽ നൂറിലധികം പേർ പങ്കെടുത്തിരുന്നതായാണ് കണ്ടെത്തൽ. പെൺകുട്ടിയുടെ വീട്ടിലും സ്‌കൂളിലും പരിശോധന നടത്തിയിരുന്നു.
പരിശോധനയിൽ വീട്ടിൽ നിന്ന് പെൺകുട്ടിയുടെ പ്രായം തെളിയിക്കുന്ന രേഖകൾ കണ്ടെത്തി. വിവാഹം നടന്ന ക്ഷേത്രത്തിലെ സി സി ടി വി ദൃശ്യങ്ങളും പൊലീസ് ശേഖരിച്ചു. അതേസമയം, വധുവിന്റെ പ്രായത്തെക്കുറിച്ച് അറിവില്ലായിരുന്നുവെന്നാണ് ക്ഷേത്രം ഭാരവാഹികളുടെ മൊഴി. ദമ്പതികൾ ഇപ്പോഴും ഒളിവിലാണ്.