കൊവിഡ് ഭീതി;നാലംഗ കുടുംബത്തിന് യാത്ര ചെയ്യാന്‍ വിമാനം വാടയ്‌ക്കെടുത്ത് വ്യവസായി

ഭോപ്പാല്‍: കൊവിഡ് പിടിമുറുക്കിയിരിക്കുന്ന സാഹചര്യത്തില്‍ പലര്‍ക്കും യാത്ര ചെയ്യാന്‍ തന്നെ പേടിയാണ്. എന്നാല്‍ സ്വന്തം വീടണയാതിരിക്കാനും കഴിയില്ല. ഏറ്റവും കൂടുതല്‍ കൊവിഡ് പകരുന്നതിനുള്ള സാഹചര്യങ്ങളിലൊന്നാണ് വിമാനയാത്ര. അതുകൊണ്ട് തന്നെ വിമാനത്തില്‍ യാത്ര ചെയ്യുന്നത് ഏറെ ശ്രദ്ധിക്കേണ്ട ഒന്നാണ്. എന്നാലിവിടെ ഒരു വ്യവസായി കൊവിഡ് ഭീതി മൂലം വിമാനം തന്നെ വാടകയ്ക്ക് എടുത്തിരിക്കുകയാണ്.

180 സീറ്റുകളുള്ള വിമാനമാണ് ഇയാള്‍ വാടകയ്ക്ക് എടുത്തിരിക്കുന്നത്. എന്നാല്‍ ഇതില്‍ യാത്ര ചെയ്യേണ്ടതോ അവരുടെ നാലംഗ കുടുംബത്തിനുമാണ്. ആളുകളുമായി ഇടകലരുന്നത് ഒഴിവാക്കി നാലംഗ കുടുംബത്തെ ഡല്‍ഹിയിലെത്തിക്കുന്നതിനായാണ് ഇയാള്‍ വിമാനം ബുക്ക് ചെയ്തത്. മധ്യപ്രദേശിലെ വ്യവസായിയാണ് ഈ സാഹസം കാണിച്ചിരിക്കുന്നത്. കഴിഞ്ഞ രണ്ട് മാസത്തോളമായി ഇവരുടെ മകളും മകളുടെ രണ്ട് കുട്ടികളും വീട്ടുജോലിക്കാരിയും ഭോപ്പാലില്‍ കുടുങ്ങിക്കിടക്കുകയായിരുന്നു.

Loading...

ഇവരെ ഡല്‍ഹിയിലേക്ക് കൊണ്ടുപോകാനാണ് മദ്യവ്യവസായി എ320 വിമാനം ചാര്‍ട്ടര്‍ ചെയ്തത് എന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഇതോടെ ഡല്‍ഹിയില്‍ നിന്ന് ജീവനക്കാരെ മാത്രം ഉള്‍പ്പെടുത്തി വിമാനം ഭോപ്പാലില്‍ എത്തുകയും നാലംഗ കുടുംബത്തെയും കൊണ്ട് തിരിച്ച് പറക്കുകയുമായിരുന്നു. എയര്‍ബസ് 320 വിമാനമാണ് ഇയാള്‍ വാടകയ്ക്ക് എടുത്തത്. ഇതിനായി 20 ലക്ഷത്തോളം രൂപ ചിലവ് വരുമെന്നാണ് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. എന്നാല്‍ ഇത് ആരാണെന്നും മദ്യവ്യവസായിയെപ്പറ്റിയുള്ള കൂടുതല്‍ വിവരങ്ങളും ഇതുവരെ പുറത്ത് വിട്ടിട്ടില്ല. തിങ്കളാഴ്ച മുതലായിരുന്നു രാജ്യത്ത് ആഭ്യന്തര വാണിജ്യ വിമാനങ്ങള്‍ സര്‍വീസ് പുനരാരംഭിച്ചത്.