അബുദാബിയില്‍ നിന്നെത്തിയ നാല് പേര്‍ക്ക് കൊവിഡ് ലക്ഷണം;റണ്‍വെയില്‍ നിന്ന് തന്നെ ആശുപത്രിയിലേക്ക് മാറ്റി

കോഴിക്കോട്: ഇന്ന് പുലര്‍ച്ചെ അബുദാബിയില്‍ നിന്നും കോഴിക്കോട് വിമാനമിറങ്ങിയ നാല് പേര്‍ക്ക് കൊവിഡ് ലക്ഷണങ്ങള്‍. കൊവിഡ് ലക്ഷണങ്ങള്‍ കണ്ടതിനെത്തുടര്‍ന്ന് നാല് പേരെയും ഐസൊലേഷന്‍ വാര്‍ഡിലേക്ക് മാറ്റി. മൂന്ന് മലപ്പുറം സ്വദേശികള്‍ക്കും ഒരു കോഴിക്കോട് സ്വദേശിക്കുമാണ് കൊവിഡ് രോഗലക്ഷണങ്ങള്‍ കണ്ടത്. തുടര്‍ന്ന് മലപ്പുറം സ്വദേശികളെ മഞ്ചേരി ഗവ.മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്കും കോഴിക്കോട് സ്വദേശിയെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്കുമാണ് മാറ്റിയത്.

രോഗലക്ഷണങ്ങള്‍ പ്രകടമായതിനെത്തുടര്‍ന്ന് ഇവരെ മറ്റു യാത്രക്കാര്‍ക്കൊപ്പം വിമാനത്താവളത്തില്‍ പ്രവേശിപ്പിക്കാതെ റണ്‍വെയില്‍ത്തന്നെ 108 ആംബുലന്‍സുകള്‍ കൊണ്ടുവന്നായിരുന്നു ഇവരെ മാറ്റിയത്. ഇവരെക്കൂടാതെ മറ്റു ആരോഗ്യപ്രശ്‌നങ്ങള്‍ അനുഭവപ്പെട്ട മലപ്പുറം സ്വദേശിയെ മഞ്ചേരി ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചിരിക്കുകയാണ്. ഒപ്പം വൃക്കരോഗത്തിന് ചികിത്സയിലുള്ള മലപ്പുറം സ്വദേശിയെയും മറ്റ് ആരോഗ്യപ്രശ്‌നങ്ങളുള്ള മൂന്ന് കോഴിക്കോട് സ്വദേശികളെയും കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.

Loading...

ഇന്ന് പുലര്‍ച്ചെ 2.12 നാണ് അബുദാബിയില്‍ നിന്നും 182 യാത്രക്കാരുമായി ഐ.എക്‌സ് 348 എയര്‍ ഇന്ത്യ എക്‌സ്പ്രസ് പ്രത്യേക വിമാനം കരിപ്പൂരെത്തിയത്. മലപ്പുറത്ത് നിന്നുള്ള 90 യാത്രക്കാര്‍, ആലപ്പുഴയില്‍ നിന്നുള്ള ഒരാള്‍, കാസര്‍കോടുള്ള രണ്ട് പേര്‍, കണ്ണൂരില്‍ നിന്നുള്ള ഏഴുപേര്‍, കൊല്ലം-രണ്ട്, കോഴിക്കോട്- 49, പാലക്കാട് -15, വയനാട് 12 എന്നിങ്ങനെ 12 ജില്ലകളിലെ യാത്രക്കാരാണ് ഇതില്‍ ഉണ്ടായിരുന്നത്. ഒപ്പം തമിഴ്‌നാട് മാഹി സ്വദേശികളായ ഓരോരുത്തരും ഇവരില്‍ ഉണ്ടായിരുന്നു.