തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും കൊറോണ സ്ഥിരീകരിച്ചു. രണ്ട് പേര്‍ക്ക് കൂടിയാണ് കൊറോണ സ്ഥിരീകരിച്ചത്. കൊച്ചിയില്‍ കൊറോണ സ്ഥിരീകരിച്ച മൂന്ന് വയസ്സുകാരന്റെ മാതാപിതാക്കള്‍ക്കാണ് അവസാനമായി കൊറോണ സ്ഥിരീകരിച്ചത്. കളമശ്ശേരി ഐസൊലേഷന്‍ വാര്‍ഡില്‍ കഴിയുകയാണ് ഇവര്‍. ഇവരുടെ ആരോഗ്യനില തൃപ്തികരമാണെന്നാണ് ആരോഗ്യമന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. സംസ്ഥാനത്ത് ഇതോടെ കൊറോണ ബാധിച്ചവരുടെ എണ്ണം 14 ആയി.
ഇതോടെ സംസ്ഥാനത്ത് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചവരുടെ എണ്ണം 14 ആയി. പത്തനംതിട്ടയില്‍ 7, കോട്ടയം 4, എറണാകുളം 3 എന്നിങ്ങനെയാണ് രോഗം സ്ഥിരീകരിച്ചവരുടെ കണക്കുകള്‍. ഇന്ന് മാത്രം 8 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇന്ന് 980 പേരുടെ സാംപിളുകള്‍ പരിശോധനയ്ക്കായി അയച്ചിരുന്നു. ഇതില്‍ 815 പേരുടെ ഫലം നെഗറ്റീവ് ആണ്. ബാക്കിയുള്ള ഫലങ്ങള്‍ കാത്തിരിക്കുകയാണ്. സംസ്ഥാനത്ത് നിലവില്‍ 1495 പേരാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. ഇതില്‍ 259 പേര്‍ ആശുപത്രിയിലും മറ്റുള്ളവര്‍ വീടുകളിലുമാണുള്ളത്. കൊറോണ പ്രതിരോധത്തിനായി സംസ്ഥാനവ്യാപകമായി വലിയ പ്രവര്‍ത്തനമാണ് ആരോഗ്യവകുപ്പ് നടത്തുന്നത്.
സ്‌കൂളുകള്‍ അടച്ചുപൂട്ടുന്നതടക്കമുള്ള വലിയ തീരുമാനങ്ങള്‍ കൈക്കൊണ്ടത് കൊറോണ പ്രതിരോധപ്രവര്‍ത്തനത്തിന്റെ ഭാഗമായാണെന്നും പൊതുജനങ്ങള്‍ സഹകരിക്കണമെന്നു മന്ത്രി ആവശ്യപ്പെട്ടു. അതേസമയം ഇറ്റലിയില്‍ നിന്ന് കേരളത്തിലെത്തിയ റാന്നിയിലെ കുടുംബം ഇതുവരെയും കാര്യങ്ങള്‍ കൂടുതല്‍ വ്യക്തമായി പറഞ്ഞിട്ടില്ലെന്നും വിവരങ്ങള്‍ ലഭ്യമാക്കാന്‍ സിസിടിവി ദൃശ്യങ്ങള്‍ കൂടി പരിശോധിക്കേണ്ടതുണ്ടെന്നും മന്ത്രി പറഞ്ഞു. അതേസമയം ഈ കാര്യങ്ങളില്‍ ആശങ്ക വേണ്ടെന്നും രണ്ട് ദിവസത്തിനുള്ളില്‍ കാര്യങ്ങള്‍ പരിഹരിക്കപ്പെടുമെന്നും മന്ത്രി പറഞ്ഞു.വൈറസ് 14 പേരിലേക്ക് എത്തിയതിന്റെ പശ്ചാത്തലത്തില്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തേണ്ടതുണ്ടെന്നും മന്ത്രി വ്യക്തമാക്കി.