വീണ്ടും വിഷമദ്യ ദുരന്തമോ? തൃശൂരിൽ വ്യാജമദ്യം കഴിച്ച് രണ്ട് പേർ മരിച്ചു

തൃശൂർ ഇരിങ്ങാലക്കുടയിൽ വ്യാജമദ്യം കഴിച്ച് രണ്ട് പേർ മരിച്ചു. കണ്ണംമ്പിള്ളി വീട്ടിൽ ജോസിന്റെ മകൻ നിശാന്ത് (43), അണക്കത്തിപറമ്പിൽ പരേതനായ ശങ്കരന്റെ മകൻ ബിജു (42) എന്നിവരാണ് മരിച്ചത്. നിശാന്ത് ഇന്നലെ രാത്രി 10 മണിയോടെ മരിച്ചിരുന്നു. ഗുരുതരാവസ്ഥയിൽ തൃശൂർ മെഡിക്കൽ കോളേജിൽ ചികിൽസയിലായിരുന്ന ബിജുവിനേയും രക്ഷിക്കാനായില്ല. ബിജു ഇന്ന് പുലർച്ചയോടെ മരിച്ചു. ഇവർ കഴിച്ച മദ്യത്തിന്റെ സാമ്പിൾ പരിശോധനയ്‌ക്ക് അയച്ചിട്ടുണ്ട്.

ചന്തക്കുന്നിൽ ബസ് സ്റ്റാൻഡിന് സമീപത്തായി ചിക്കൻ സെന്റർ നടത്തുകയാണ് നിശാന്ത്. ഇന്നലെ വൈകിട്ട് നിശാന്തിന്റെ കടയിൽ വച്ചാണ് ഇരുവരും മദ്യം കഴിച്ചത്. മദ്യം കഴിച്ചതിന് പിന്നാലെ കുഴഞ്ഞുവീണ ഇരുവരെയും താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും നിശാന്ത് മരണമടഞ്ഞിരുന്നു. ഗുരുതരാവസ്ഥയിൽ ആയിരുന്ന ബിജുവിനെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിശാന്തിന്റെ കോഴിക്കടയ്‌ക്ക് സമീപത്ത് നിന്ന് വെളുത്ത ദ്രാവകവും ഗ്ലാസ്സുകളും പോലീസ് കണ്ടെടുത്തിട്ടുണ്ട്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.

Loading...