അർജന്റീനയുടെ ജയത്തിൽ ആഘോഷം അതിര് വിട്ടു; പടക്കം പൊട്ടി രണ്ട് പേർക്ക് ​ഗുരുതര പരിക്ക്

കോപ്പ അമേരിക്കയിൽ കിരീടമണിഞ്ഞ അർജന്റീനയുടെ ജയത്തിൽ ആഹ്ലാദപ്രകടനങ്ങളും ആഘോഷങ്ങളും ഇങ്ങ് കേരളത്തിലും തുടരുകയാണ്.എന്നാൽ ആഘോഷങ്ങൾ അതിര് വിട്ടതോടെ രണ്ട് പേർക്ക് ​ഗുരുതരമായി പരിക്കേറ്റിരിക്കുകയാണ്. ഇജാസ് സിറാജ് എന്നിവർക്കാണ് പരുക്കേറ്റത്. മലപ്പുറം താനാളൂർ സ്വദേശികളാണ് ഇരുവരും. ഇവർ ഇപ്പോൾ ആശുപത്രിയിൽ ചികിത്സയിലാണ്.

ചിരവൈരികളായ ബ്രസീലിനെ ഏകപക്ഷീയമായ ഒരു ഗോളിനാണ് മെസിയും കൂട്ടരും തോല്പിച്ചത്. 22ആം മിനിട്ടിൽ ഏഞ്ചൽ ഡി മരിയ നേടിയ ഗോളിലാണ് അർജൻ്റീനയുടെ ജയം. റോഡ്രിഗോ ഡി പോൾ ആണ് ഗോളിലേക്കുള്ള വഴിയൊരുക്കിയത്. ഒരു ലോംഗ് ബോൾ ക്ലിയർ ചെയ്യാൻ ബ്രസീൽ പ്രതിരോധം പരാജയപ്പെട്ടപ്പോൾ പന്ത് ലോബ് ചെയ്ത് ഡി മരിയ ബ്രസീൽ ഗോൾവല തുളയ്ക്കുകയായിരുന്നു. 28 വർഷത്തിനു ശേഷമാണ് കോപ്പയിൽ അർജൻ്റീനയുടെ കിരീടധാരണം. 1993ലായിരുന്നു അവർ അവസാനമായി കോപ്പ നേടിയത്. മത്സരത്തിൽ ആദ്യാവസാനം കളം നിറഞ്ഞുകളിച്ച റോഡ്രിഗോ ഡിപോൾ ആണ് അർജൻ്റീനയ്ക്ക് ജയമൊരുക്കിയത്. വിജയ ഗോൾ നേടിയ ഏഞ്ചൽ ഡി മരിയ ആണ് കളിയിലെ താരം.

Loading...