100 രൂപ കൈക്കൂലി കൊടുത്തില്ല; യുവാക്കളെ പൊലീസ് തല്ലിക്കൊന്നു കുളത്തിലിട്ടു

Loading...

ആഗ്ര: കൈക്കൂലിയായി ആവശ്യപ്പെട്ട 100 രൂപ കൊടുക്കാന്‍ വിസമ്മതിച്ച രണ്ട് തൊഴിലാളികളെ പൊലീസുകാര്‍  തല്ലിക്കൊന്ന് കുളത്തിലിട്ടു. ഉത്തര്‍പ്രദേശിലെ ആഗ്രയിലാണ് സംഭവം. പങ്കജ് യാദവ്, ദിലീപ് യാദവ് എന്നീ യുവാക്കളെയാണ് നാലുപേരടങ്ങിയ പൊലീസ് സ്ഘം കൊലപ്പെടുത്തിയത്. സംഭവത്തില്‍ നാലുപൊലീസുകാരെയും രണ്ട് ഹോം ഗാര്‍ഡുകളേയും സസ്‌പെന്‍ഡ് ചെയ്തു .

ട്രക്കില്‍ കട്ടകളുമായി വരികയായിരുന്നു പങ്കജും ദിലീപും. കോസ്മയില്‍വെച്ച് പൊലീസ് ഇവരെ തടഞ്ഞുനിര്‍ത്തി. വണ്ടി കടത്തിവിടാന്‍ 100 രൂപ കൈക്കൂലി നല്‍കാന്‍ ആവശ്യപ്പെട്ടു. എന്നാല്‍ ട്രക്കിന്റെ ഡ്രൈവറായിരുന്ന വിനേഷ് കൈക്കൂലി നല്‍കാനാകില്ലെന്ന് പറഞ്ഞു. വിനേഷിന്റെ മറുപടിയില്‍ പൊലീസ് സംഘം രോഷാകുലരായി. പ്രശ്‌നം വഷളാകുമെന്ന് കണ്ട് ട്രക്കുമായി രക്ഷപെടാന്‍ ശ്രമിച്ചെങ്കിലും പങ്കജിനെയും ദിലീപിനേയും പൊലീസ് പിടികൂടി മര്‍ദ്ദിക്കുകയായിരുന്നു.

Loading...

രാവിലെ 10.30 ഓടെ ഇരുവരുടേയും മൃതദേഹങ്ങള്‍ അടുത്തുള്ള കുളത്തില്‍ നിന്നും നാട്ടുകാര്‍ കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് ഇരവരുടേയും കുടുംബാംഗങ്ങളും നാട്ടുകാരും ദേശീയപാതയില്‍ ഗതാഗതം തടഞ്ഞ് പ്രതിഷേധിച്ചു. പൊലീസ് ഇവരെ കൊലപ്പെടുത്തി കുളത്തില്‍ ഉപേക്ഷിക്കുകയായിരുന്നെന്ന് ഇവര്‍ ആരോപിച്ചു. സ്ഥിതിഗതികള്‍ നിയന്ത്രിക്കാന്‍ സ്ഥലത്തെത്തിയ രണ്ട് പൊലീസുകാരെ പ്രക്ഷോഭകര്‍ മര്‍ദ്ദിച്ചു. എന്നാല്‍ യുവാക്കള്‍ മുങ്ങിമരിച്ചതാണെന്നാണ് പൊലീസ് അഭിപ്രായപ്പെട്ടത്.