2000 രൂപാ നോട്ടുകള്‍ അസാധുവാക്കിയേക്കും… നോട്ടു നിരോധനത്തിന്റെ മൂന്നാം വാര്‍ഷികത്തില്‍ മുന്‍ സാമ്പത്തിക കാര്യ സെക്രട്ടറി

ന്യൂഡൽഹി : രാജ്യത്ത് 2000 രൂപാ നോട്ടുകള്‍ പൂഴ്ത്തിവെച്ചിരിക്കുകയാണെന്നും അവ അസാധുവാക്കാന്‍ സാധ്യതയുണ്ടെന്നും നോട്ടു നിരോധനത്തിന്റെ മൂന്നാം വാര്‍ഷികത്തില്‍ വെളിപ്പെടുത്തി മുന്‍ സാമ്പത്തിക കാര്യ സെക്രട്ടറി. നോട്ടു നിരോധനത്തിന്റെ മൂന്നാം വാര്‍ഷികത്തിന്റെ തലേദിവസമാണ് ഗാര്‍ഗിന്റെ വെളിപ്പെടുത്തല്‍. കഴിഞ്ഞ മാസമാണ് ഇദ്ദേഹം ധനകാര്യ മന്ത്രാലയത്തില്‍ നിന്നും സ്വയം വിരമിച്ചത്.

രണ്ടായിരം രൂപാ നോട്ടുകളുടെ നല്ലൊരു ഭാഗവും വിപണിയില്‍ ഇല്ലെന്നും അവ പൂഴ്ത്തിവെച്ചിരിക്കുകയാണെന്നും സുഭാഷ് ചന്ദ്ര ഗാര്‍ഗ് പറഞ്ഞു. രണ്ടായിരം രൂപാ നോട്ടുകള്‍ അസാധുവാക്കാന്‍ സാധ്യതയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Loading...

2016 നവംബര്‍ എട്ടിനാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടുകള്‍ നിരോധിച്ചത്. 1000 രൂപയുടെ നോട്ടിനു പകരമായാണ് 2000 രൂപയുടെ നോട്ടുകള്‍ ഇറക്കിയത്.

നോട്ടിന്റെ മൂല്യത്തിന്റെ കണക്കില്‍ വിപണിയില്‍ പ്രചാരത്തിലുള്ള ആകെ നോട്ടുകളുടെ മൂന്നില്‍ ഒരു ഭാഗം രണ്ടായിരം രൂപാ നോട്ടുകളാണ്. ഈ രണ്ടായിരം രൂപാ നോട്ടുകളുടെ നല്ലൊരു ഭാഗവും ഇപ്പോള്‍ വിപണിയിലില്ല. അത് പൂഴ്ത്തിവെച്ചിരിക്കുകയാണ്. അതിനാല്‍ നിലവില്‍ ഇടപാടുകള്‍ക്ക് വേണ്ടി രണ്ടായിരം രൂപാ നോട്ടുകള്‍ ഉപയോഗിക്കുന്നില്ലെന്നും ഗാര്‍ഗ് പറഞ്ഞു.

മറ്റൊന്നിനെയും ബാധിക്കാതെ രണ്ടായിരം രൂപാ നോട്ടുകള്‍ അസാധുവാക്കാന്‍ സാധിക്കും. അത് വളരെ ലളിതമാണ്. ഈ നോട്ടുകള്‍ ബാങ്ക് അക്കൗണ്ടുകളില്‍ നിക്ഷേപിച്ചാല്‍ ഈ പ്രക്രിയ നിര്‍വഹിക്കാന്‍ പറ്റും.

കേന്ദ്രസര്‍ക്കാരിലെ ഏറ്റവും ഉന്നതമായ ധനമന്ത്രാലയത്തില്‍ നിന്ന് പ്രാധാന്യം കുറഞ്ഞ ഊര്‍ജ മന്ത്രാലയത്തിലേക്ക് സ്ഥലം മാറ്റിയതില്‍ അതൃപ്തനായാണ് സുഭാഷ് ചന്ദ്ര ഗാര്‍ഗ് സ്വയം വിരമിച്ചത്.

ധനമന്ത്രാലയത്തിലെ ഏറ്റവും മുതിര്‍ന്ന ഉദ്യോഗസ്ഥനും ധനകാര്യ സെക്രട്ടറിയും കേന്ദ്രസര്‍ക്കാരിന്റെ സാമ്പത്തികകാര്യ വകുപ്പിന്റെ മേധാവിയുമായിരുന്നു ഗാര്‍ഗ്.
ഡി.ഇ.എ തലവന്‍ എന്ന നിലയില്‍ കേന്ദ്രസര്‍ക്കാരിന്റെ ധനനയം, റിസര്‍വ് ബാങ്കുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ എന്നിവയുടെ തലവനുമായിരുന്നു ഗാര്‍ഗ്.

കേന്ദ്ര ബജറ്റ് തയ്യാറാക്കുന്നതിന് പിന്നിലെ മുഖ്യകരങ്ങളും അദ്ദേഹത്തിന്റേതായിരുന്നു. രണ്ടാംമോദി സര്‍ക്കാരിന്റെ ആദ്യ ബജറ്റ് പാര്‍ലമെന്റ് അംഗീകരിക്കുന്നതിന്റെ നടപടികള്‍ പൂര്‍ത്തിയായതിന്റെ പിറ്റേ ദിവസമാണ് അദ്ദേഹത്തിനെ സ്ഥലം മാറ്റിയത്.

2016 നവംബർ 8 ചൊവ്വാഴ്ച അർധരാത്രി മുതൽ ഇന്ത്യയിൽ 500, 1000 രൂപയുടെ നോട്ടുകൾ കേന്ദ്ര സർക്കാർ അസാധുവാക്കി. വൻതോതിൽ പ്രചരിക്കുന്ന കള്ളപ്പണം ഭീകരവാദത്തിനും അഴിമതിയ്ക്കും ഇടയാക്കുന്നതായി ചൂണ്ടിക്കാട്ടി. പ്രധാനമന്ത്രി നരേന്ദ്ര മോദി മന്ത്രിസഭായോഗത്തിനു ശേഷം രാത്രി 8.15 ന് രാജ്യത്തെ ടെലിവിഷൻ വഴി അഭിസംബോധന ചെയ്താണ് ഈ കാര്യം പ്രഖ്യാപിച്ചത്.

500, 1000 രൂപയുടെ നോട്ടുകൾ പിൻവലിക്കുന്നതോടെ രാജ്യത്ത് 2000 രൂപയുടെയും, 500 രൂപയുടെയും പുതിയ നോട്ടുകൾ നവംബർ 10 മുതൽ വിതരണത്തിനെത്തുമെന്നും അദ്ദേഹം അറിയിച്ചു. നിലവിൽ പ്രചാരത്തിലിരിക്കുന്ന ₹100, ₹50, ₹20, ₹10, ₹5 നോട്ടുകൾ പിൻവലിക്കില്ലെന്നും രാഷ്ട്രത്തോട് ചെയ്ത അഭിസംബോധനയിൽ പ്രധാനമന്ത്രി വ്യക്തമാക്കി.

രാജ്യത്തു തീവ്രവാദപ്രവർത്തനങ്ങൾക്കായി ഉപയോഗിക്കപ്പെടുന്ന കള്ളനോട്ടിന്റേയും, കള്ളപ്പണത്തിന്റേയും ഉപയോഗം ഇതോടെ ഇല്ലാതാവുമെന്നും, അഴിമതി കുറയുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.

നവംബർ എട്ടാം തീയതി രാത്രി എട്ടു പതിനഞ്ചിന് മുൻകൂട്ടി തീരുമാനിക്കാതെയുള്ള ഒരു ടെലിവിഷൻ സംപ്രേഷണത്തിലൂടേയാണ് പ്രധാനമന്ത്രി മോദി ഈ തീരുമാനം ജനങ്ങളെ അറിയിച്ചത്.