പാക് വിജയത്തില്‍ ആഹ്ലാദപ്രകടനം: കാസര്‍കോട് 23പേര്‍ക്കെതിരെ കേസ്

 

കാസര്‍കോട് ബദിയടുക്കയിലാണ് സംഭവം. ചാമ്പ്യന്‍സ് ട്രോഫി ക്രിക്കറ്റ് ഫൈനലില്‍ ഇന്ത്യയെ പാക്കിസ്താന്‍ പരാജയപ്പെടുത്തിയതില്‍ ആഹ്ലാദം പ്രകടിപ്പിച്ച് പ്രകടനം നടത്തുകയും പടക്കം പൊട്ടിക്കുകയും ചെയ്തുവെന്ന പരാതിയില്‍ 23 പേര്‍ക്കെതിരെയാണ് കേസെടുത്തത്. 19 പേരെ അറസ്റ്റ് ചെയ്തു. ഞായറാഴ്ച രാത്രി പതിനൊന്നു മണിയോടെ കുമ്പഡാജെ ചക്കുടലിലായിരുന്നു സംഭവം. ചക്കുള സ്വദേശികളായ റസാഖ്, മഷൂദ്, സിറാജ് എന്നിവര്‍ക്കും കണ്ടാലറിയാവുന്ന 20പേര്‍ക്കുമെതിരെയാണ് കേസ്. ബദിയടുക്ക പൊലീസാണ് കേസെടുത്തത്.

Loading...

പാക്കിസ്ഥാന്‍ ജേതാക്കളായ 18ന് രാത്രി 11ന് കുമ്പടാജെ ചക്കുടലില്‍ ഇവരുടെ നേതൃത്വത്തില്‍ റോഡില്‍ ആഹ്ലാദ പ്രകടനം നടത്തിയെന്നും പാക്കിസ്ഥാന്‍ അനുകൂല മുദ്രാവാക്യം വിളിച്ചെന്നുമാണു പരാതി. ആഹ്ലാദപ്രകടനത്തിനുശേഷം പടക്കം പൊട്ടിച്ചെന്നും പരാതിയില്‍ പറയുന്നു. ഇന്ത്യയ്‌ക്കെതിരെ പാക്കിസ്ഥാന്റെ വിജയം പടക്കം പൊട്ടിച്ച് ആഘോഷിച്ചെന്ന പരാതിയിലാണു കുടകിലും മൂന്നു യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്തത്.

ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 143,147 (ന്യായ വിരോധമായ സംഘം ചേരല്‍ ), 286, 153 (ജനങ്ങളില്‍ ഭീതി പരത്തുംവിധം പടക്കം പൊട്ടിക്കല്‍), 149 (കൂട്ടം ചേര്‍ന്ന് കുഴപ്പമുണ്ടാക്കല്‍) തുടങ്ങിയ വകുപ്പ് പ്രകാരാണ് കേസ്. ആറുമാസം മുതല്‍ രണ്ടുവര്‍ഷം വരെ തടവും പിഴയും ലഭിക്കാവുന്ന കുറ്റങ്ങളാണിത്.

മത്സരം കഴിഞ്ഞതിന് ശേഷം യുവാക്കള്‍ കൂട്ടംകൂടി ‘ പാകിസ്താന്‍ സിന്ദാബാദ്, ഇന്ത്യ മൂര്‍ദാബാദ്” എന്ന മുദ്രാവാക്യമുഴക്കി പടക്കംപൊട്ടിച്ചു എന്നാണ് പരാതി. ബി.ജെ.പി കുമ്പഡാജെ പഞ്ചായത്ത് കമ്മിറ്റി പ്രസിഡണ്ട് രാജേഷ് ഷെട്ടിയാണ് പരാതിക്കാരന്‍. പാകിസ്താന് അനുകൂലമായി മുദ്രാവാക്യം വിളിച്ചതിനും കേസെടുക്കണമെന്നാവശ്യപ്പെട്ട് ബി.ജെ.പി, യുവമോര്‍ച്ച പ്രവര്‍ത്തകര്‍ മാര്‍പ്പനടുക്കയില്‍ പ്രകടനം നടത്തി.

മധ്യപ്രദേശില്‍ 15 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ബര്‍ഹാന്‍പുരില്‍ പാക്ക് വിജയം ആഘോഷിച്ചതിനാണു ഇവരെ അറസ്റ്റ് ചെയ്തതെന്നു പൊലീസ് പറഞ്ഞു. ഇവര്‍ക്കെതിരേ രാജ്യദ്രോഹക്കുറ്റം ചുമത്തി. പാക് വിജയത്തിനു പിന്നാലെ ബുര്‍ഹാന്‍പൂരില്‍ സംഘര്‍ഷം ഉടലെടുത്തിരുന്നു. ചിലര്‍ സംഘംചേര്‍ന്ന് പാക് അനുകൂല മുദ്രാവാക്യങ്ങള്‍ മുഴക്കുകയും പൊതുസ്ഥലത്ത് പടക്കം പൊട്ടിക്കുകയും ചെയ്തു. ഇതിനെതിരേ എതിര്‍പ്പുമായി ചില പ്രാദേശിക സംഘടനകള്‍ രംഗത്തെത്തി. കൂടുതല്‍ സംഘര്‍ഷം ഒഴിവാക്കാന്‍ വന്‍ പോലീസ് സന്നാഹം സ്ഥലത്തെത്തിയിരുന്നു. ഇതിനുശേഷം തിങ്കളാഴ്ച 15 പേരെ പ്രതികളാക്കി പോലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയായിരുന്നു. 19-35 വയസിന് ഇടയില്‍ പ്രായമുള്ളവരാണ് അറസ്റ്റിലായവര്‍. ഇവരെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്ത് ജയിലിലേക്ക് അയച്ചു.