ഐഎസ് ബന്ധമുള്ള ഭീകരന്‍ പിടിയില്‍; പൊലീസ് ജീപ്പ് പോരാഞ്ഞിട്ട് കൊണ്ടുപോയത് ട്രക്കില്‍

ഇറാഖ്: ഇറാഖിലെ മൊസൂളില്‍ നിന്നും ഐഎസുമായി ബന്ധമുള്ള ഭീകരന്‍ പിടിയിലായി . 250 കിലോ ഭാരമുള്ള ഭീകരനെ പൊലീസില്‍ ജീപ്പില്‍ കൊണ്ടുപോകാന്‍ കഴിഞ്ഞില്ല. തുടര്‍ന്ന് ട്രക്ക് വരുത്തിയാണ് ഇയാളെ കൊണ്ടുപോയത്. പണ്ഡിതനായ മുഫ്തി അബു അബ്ദുല്‍ ബാരിയാണ് പിടിയിലായത്.

സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ പ്രകോപനപരമായി പ്രസംഗിക്കുകയും മുസ്ലിം പണ്ഡിതന്‍മാരെ വധിക്കണമെന്ന് ആഹ്വാനം നല്‍കുകയും ചെയ്തതാണ് ഇയാളെ അറസ്റ്റ് ചെയ്യാന്‍ കാരണം.ഐസിസ് സംഘത്തിന്റെ പ്രധാന നേതാവാണ് അബ്ദുല്‍ ബാരിയെന്ന് പോലീസ് പറയുന്നു. ഐസിസിനോട് ആഭിമുഖ്യം പുലര്‍ത്താത്ത പണ്ഡിതന്‍മാരെ വധിക്കണമെന്ന് ഇദ്ദേഹം മതവിധി പുറപ്പെടുവിച്ചിരുന്നുവത്രെ. ലണ്ടന്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന തീവ്രവാദ വിരുദ്ധ ആക്ടിവിസ്റ്റ് മാജിദ് നവാസ് ആണ് അബ്ദുല്‍ ബാരിയുടെ അറസ്റ്റ് സംബന്ധിച്ച വിവരം ഫേസ്ബുക്കില്‍ പങ്കുവച്ചത്. ബാരിയുടെ ചിത്രവും അദ്ദേഹം നല്‍കിയിരുന്നു.

Loading...

ശരീര ഭാരം കൂടിയതുമൂലം ഇരിക്കാന്‍ പറ്റാത്ത സാഹചര്യത്തിലാണ് അബ്ദുല്‍ ബാരി. എന്നാല്‍ ഇദ്ദേഹത്തിന്റെ ശരീരത്തെ പരിഹസിക്കുന്നതിന് ഈ ചിത്രം ഉപയോഗിക്കരുതെന്നും മാജിദ് നവാസ് തന്റെ പോസ്റ്റില്‍ പറയുന്നു.

ഇറാഖിലും സിറിയയിലും ശക്തമായ സാന്നിധ്യമുണ്ടായിരുന്ന ദുരൂഹ സംഘമാണ് ഐസിസ്. ഇവരെ അമേരിക്കയുടെയും ഇറാന്റെയും സഹായത്തോടെ ഇറാഖ് സൈന്യം തുരത്തിയിരുന്നു. ഐസിസിനെതിരെ ശക്തമായ സൈനിക നീക്കം നടത്തിയിരുന്ന ഇറാന്‍ കമാന്റര്‍ ഖാസിം സുലൈമാനിയെ അടുത്തിടെ അമേരിക്കന്‍ സൈന്യം ഇറാഖില്‍ വച്ച് മിസൈല്‍ ആക്രമണത്തില്‍ വധിച്ചത് മേഖലയില്‍ അശാന്തി പരത്തിയിട്ടുണ്ട്.