തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 28 പേർക്ക് കൂടി കൊറോണ സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്ത് കൊറോണ സ്ഥിരീകരിച്ചവരുടെ എണ്ണം 95 ആയി. ഇതിൽ 4 പേർ രോഗമുക്തരായി ആശുപത്രി വിട്ടവരാണ്. ഇതോടെ ആശുപത്രിയിൽ കഴിയുന്നവരുടെ എണ്ണം 91 ആണ്. രോഗബാധിതരുടെ എണ്ണം വർദ്ധിച്ച സാഹചര്യത്തിൽ കേരളത്തിലാകെ അടച്ചുപൂട്ടൽ പ്രഖ്യാപിച്ചു.
സംസ്ഥാന അതിർത്തികൾ അടക്കുമെന്നും പൊതുഗതാഗതം ഉണ്ടാകില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. മുഖ്യമന്ത്രി വാർത്താസമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്.കാസര്‍കോട് ജില്ലയില്‍ 19 പേര്‍ക്കും കണ്ണൂര്‍ ജില്ലയില്‍ അഞ്ചുപേര്‍ക്കും പത്തനംതിട്ട ജില്ലയില്‍ ഒരാള്‍ക്കും എറണാകുളം ജില്ലയില്‍ രണ്ടുപേര്‍ക്കും തൃശ്ശൂര്‍ ജില്ലയില്‍ ഒരാള്‍ക്കുമാണ് തിങ്കളാഴ്ച പുതുതായി കോവിഡ് -19 സ്ഥിരീകരിച്ചിട്ടുള്ളത്. സംസ്ഥാനത്ത് നാലുപേര്‍ രോഗമുക്തി നേടിയതുകൂടി കണക്കിലെടുത്താല്‍ 95 പേര്‍ക്കാണ് ഇതുവരെ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുള്ളത്.
അതേസമയം കൊവിഡ് 19 ഭീതിയുടെ പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ നിയന്ത്രണങ്ങള്‍ കടുപ്പിച്ചതോടെ നിത്യോപയോഗ സാധനങ്ങള്‍ വാങ്ങാന്‍ കടകളില്‍ വന്‍ തിരക്ക്. സപ്ലൈക്കോ ഷോപ്പുകളിലും പച്ചക്കറി, പലചരക്ക് മാര്‍ക്കറ്റുകളിലും വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. ജനങ്ങള്‍ അവശ്യത്തില്‍ കൂടുതല്‍ സാധനങ്ങള്‍ വാങ്ങി ശേഖരിക്കുന്നത് അവശ്യ വസ്തുക്കളുടെ ക്ഷാമത്തിനു കാരണമായേക്കുമെന്നും ആശങ്ക ഉയരുന്നുണ്ട്.
കഴിഞ്ഞ ദിവസത്തെ ജനത കര്‍ഫ്യൂനു പിന്നാലെ ജില്ലകള്‍ അടച്ചിടുമെന്ന സൂചനകള്‍ വന്നതോടെയാണ് ആളുകള്‍ പരിഭ്രാന്തിയിലായത്. രാവിലെ മുതല്‍ സപ്ലൈകോ ഉള്‍പ്പടെയുള്ള പഴം, പച്ചക്കറി, പലചരക്ക് കടകളില്‍ ജനം കൂട്ടമായെത്തി സാധനങ്ങള്‍ വാങ്ങിക്കൂട്ടി. സപ്ലൈക്കോ കേന്ദ്രങ്ങളില്‍ ടോക്കണ്‍ നല്‍കിയാണ് ആളുകളെ കയറ്റി വിട്ടത്. പല സൂപ്പര്‍മാര്‍ക്കറ്റുകളിലും രാവിലെ മുതല്‍ വലിയ തിരക്കാണ് അനുഭവപ്പെട്ടത്.
സാധാരണ വാങ്ങുന്നതിലും അധികം സാധനങ്ങളാണ് ജനം വാങ്ങിക്കൂട്ടുന്നത്. ഇതുമൂലം പല കടകളിലും അവശ്യസാധനങ്ങള്‍ തീര്‍ന്നു. കേരള – തമിഴ്‌നാട് അതിര്‍ത്തിയില്‍ നിയന്ത്രണം ഏര്‍പെടുത്തിയതും ജനങ്ങളെ പരിഭ്രാന്തിയിലാക്കുന്നു.