കേന്ദ്രസർക്കാരിന് ലാഭവിഹിതം നൽകാൻ റിസർവ് ബാങ്ക് ,28000 കോടി നല്‍കും

മുംബൈ : കേന്ദ്രസർക്കാരിന് ലാഭവിഹിതം നൽകാൻ റിസർവ് ബാങ്ക്. ഇടക്കാല ആശ്വാസമായി 28000 കോടി രൂപ നൽകാനാണ് കഴിഞ്ഞ ദിവസം ചേര്‍ന്ന ബാങ്ക് യോഗം തീരുമാനിച്ചിരിക്കുന്നത്. ജൂലൈ മുതൽ ഡിസംബർ വരെയുള്ള ലാഭവിഹിതമായാണ് തുകയെന്നാണ് ആർബിഐ വാർത്താക്കുറിപ്പിൽ അറിയിച്ചിരിക്കുന്നത്. നേരത്തെ ലാഭവിഹിതമായി 40000 കോടി രൂപ ആര്‍ബിഐ കേന്ദ്രത്തിന് നൽകിയിരുന്നു. ഇതിന് പുറമെയാണ് ഇടക്കാല വിഹിതമായി 28000 കോടി ഇപ്പോൾ നൽകിയിരിക്കുന്നത്. ഇതോടെ 2018-19 സാമ്പത്തിക വർഷത്തില്‍ കേന്ദ്ര സർക്കാരിന് റിസർവ് ബാങ്ക് ആകെ നൽകിയ ലാഭവിഹിതം 68000 കോടി രൂപയായി.

ഇടക്കാല ബജറ്റിലെ പ്രഖ്യാപനങ്ങൾ നടപ്പിലാക്കാൻ ഈ തുക സർക്കാരിന് സഹായകമാകും.അങ്ങനെ നോക്കിയാൽ തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തിൽ മോദി സർക്കാരിന് ലഭിച്ച ലോട്ടറി കൂടിയാണ് ആര്‍ബിഐയുടെ ലാഭവിഹിതം. സാമ്പത്തിക വളര്‍ച്ചയ്ക്ക് ഊർജം പകർന്നു കൊണ്ടുള്ള ആര്‍ബിഐയുടെ ഈ നീക്കം കോടിക്കണക്കിന് രൂപയുടെ ധനക്കമ്മി നേരിടുന്ന കേന്ദ്രത്തിന് വലിയ ആശ്വാസം കൂടിയാണ്.ലാഭവിഹിതത്തെ ചൊല്ലി നേരത്തെ കേന്ദ്രവും റിസര്‍വും ബാങ്കും തമ്മിൽ ഇടഞ്ഞിരിന്നു. സർക്കാർ പദ്ധതികൾക്കായി റിസര്‍വ് ബാങ്കിന്റെ കരുതൽ ശേഖരത്തില്‍ നിന്ന് കേന്ദ്രം പണം ആവശ്യപ്പെട്ടതിനെ തുടർന്നുണ്ടായ അഭിപ്രായ വ്യത്യാസത്തിലാണ് റിസർവ് ബാങ്ക് മുൻ ഗവർണർ ഊർജിത് പട്ടേൽ രാജി വച്ചത്. തുടർന്നാണ് മോദിയുടെ വിശ്വസ്തനെന്നറിയപ്പെടുന്ന മുൻ ധനകാര്യ സെക്രട്ടറി കൂടിയായ ശക്തികാന്ത ദാസ് ആ സ്ഥാനത്തെത്തുന്നത്.

Loading...