നാണയം വിഴുങ്ങി മരിച്ച കുഞ്ഞിന്റെ പോസ്റ്റുമോര്‍ട്ടം കഴിഞ്ഞു;ഡോക്ടര്‍മാര്‍ക്കെതിരെ കുട്ടിയുടെ ബന്ധു രംഗത്ത്

കൊച്ചി: ആലുവയില്‍ നാണയം വിഴുങ്ങി കുഞ്ഞ് മരിച്ച സംഭവത്തിലെ വിവാദം തുടരുകയാണ്. കുഞ്ഞിന്റെ പോസ്റ്റുമോര്‍ട്ടം അവസാനിച്ചു. ആന്തരികാവയവങ്ങള്‍ പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം നടപടിക്രമങ്ങള്‍ എല്ലാം പൂര്‍ത്തിയാക്കിയ ശേഷം കുട്ടിയുടെ മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കുകയും ചെയ്തിരിക്കുകയാണ്. ചികിത്സാ പിഴവ് മൂലമാണ് മരണം സംഭവിച്ചിരിക്കുന്നത് എന്നാണ് കുട്ടിയുടെ ബന്ധുക്കള്‍ ആരോപിക്കുന്നത്. എന്നാല്‍ മരണകാരണം സംബന്ധിച്ച് വ്യക്തത വന്നതിന് ശേഷം മാത്രമായിരിക്കും തുടര്‍നടപടികള്‍ എടുക്കുന്നതിനെക്കുറിച്ച് പൊലീസ് തീരുമാനിക്കുകയുള്ളൂ. കുട്ടിയുടെ മൃതദേഹം സ്വദേശമായ കൊല്ലം പരവൂരിലേക്ക് കൊണ്ടുപോയിരിക്കകയാണ്.

ആലുവ കടുങ്ങല്ലൂര്‍ സ്വദേശിയായ മൂന്ന് വയസുകാരന്‍ പൃഥ്വിരാജാണ് ഇന്നലെ മരിച്ചത്. ഒരു രൂപ നാണയം വിഴുങ്ങി 18 മണിക്കൂറിനകമായിരുന്നു മരണം. മൂന്ന് ആശുപത്രികളുടെ അനാസ്ഥ ആരോപിക്കപ്പെട്ട വിഷയത്തില്‍ ഏറെ നിര്‍ണ്ണായകമാണ് ഇന്ന് നടന്ന പോസ്റ്റ്‌മോര്‍ട്ടം. കളമശ്ശേരി മെഡിക്കല്‍ കോളേജിലാണ് പ്രത്യേക സംഘമാണ് മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം നടത്തിയത്. നാണയം കുടുങ്ങിയതുമൂലമാണ് മരണമെന്ന് വ്യക്തമായാല്‍ ആശുപത്രികള്‍ക്കെതിരെ പൊലീസ് നടപടി എടുക്കും. എന്നാല്‍ നാണയം വിഴുങ്ങിയതാകില്ല മരണ കാരണമെന്ന അഭിപ്രായമാണ് ആരോഗ്യവിദഗ്ദ്ധരുടേത്. അതേസമയം, ഡോക്ടര്‍മാര്‍ക്കെതിരെ കുട്ടിയുടെ ബന്ധു രംഗത്തെത്തി. നാണയം വിഴുങ്ങിയതല്ല മരണ കാരണമെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. മറ്റു കാരണം കൊണ്ടാണ് കുട്ടി മരിച്ചതെങ്കില്‍ എന്തുകൊണ്ട് റിപ്പോര്‍ട്ടില്‍ വന്നില്ല എന്ന് കുട്ടിയുടെ ബന്ധു ഉദയന്‍ ചോദിച്ചു.

Loading...