ആലുവയില്‍ മൂന്ന് വയസ്സുകാരന്റെ മരണകാരണം നാണയം വിഴുങ്ങിയതല്ല, ശാസ്ത്രീയ പരിശോധനാഫലം പുറത്ത്

കൊച്ചി: ആലുവയില്‍ മൂന്ന് വയസ്സുകാരന്റെ മരണത്തിന് കാരണമായത് നാണയം വിഴുങ്ങിയതല്ല എന്ന് റിപ്പോര്‍ട്ട്. മൂന്നു വയസ്സുകാരന്റെ മരണത്തിന് ഇടയാക്കിയത് ശ്വാസംമുട്ടലാണ്.ശാസ്ത്രീയ പരിശോധനാ ഫലത്തിലാണ് ഇക്കാര്യം വ്യക്തമായിരിക്കുന്നത്. കുട്ടിക്ക് ന്യുമോണിയ ഉണ്ടായിരുന്നു.ന്യൂമോണിയ ഹൃദയ അറകള്‍ക്കും ശ്വാസകോശത്തിനും തകരാറുണ്ടാക്കി. അതിനാല്‍ കുട്ടിക്ക് ആവശ്യമായ ഓക്‌സിജന്‍ രക്തത്തില്‍ നിന്ന് ലഭിച്ചിരുന്നില്ലെന്നും റിപ്പോര്‍്ട്ടില്‍ പറയുന്നു.

ആലുവ പടിഞ്ഞാറേ കടുങ്ങല്ലൂര്‍ വളഞ്ഞമ്പലത്ത് വാടകയ്ക്ക് താമസിക്കുന്ന രാജിന്റെയും നന്ദിനിയുടെയും ഏകമകന്‍ പൃഥിരാജ് ആണ് നാളുകള്‍ക്ക് മുന്‍പ് മരണമടഞ്ഞത്. എറണാകുളം ഗവ. മെഡിക്കല്‍ കോളേജില്‍ നടത്തിയ പോസ്റ്റ്മോര്‍ട്ടത്തില്‍ കുഞ്ഞിന്റെ ശരീരത്തിനുള്ളില്‍നിന്ന് അമ്പതു പൈസയുടെയും ഒരു രൂപയുടെയും ഓരോ നാണയങ്ങള്‍ കണ്ടെത്തിയിരുന്നു.

Loading...

വന്‍കുടലിന്റെ അറ്റത്താണ് നാണയങ്ങള്‍ കിടന്നിരുന്നത്. അല്‍പ്പസമയംകൂടി കഴിഞ്ഞിരുന്നെങ്കില്‍ വിസര്‍ജനത്തിലൂടെ പുറത്ത് പോകുമായിരുന്നു. നാണയങ്ങള്‍ കടന്നുപോയ ആമാശയത്തിനോ കുടലുകള്‍ക്കോ മുറിവുണ്ടായിട്ടില്ല. അതാണ് നാണയം വിഴുങ്ങിയതല്ല മരണകാരണം എന്ന് അന്ന് തന്നെ നിഗമനത്തിലെത്താന്‍ കാരണം.കണ്ടെയ്ന്‍മെന്റ് സോണില്‍ നിന്നെത്തിയതിനാല്‍ ചികിത്സ നിഷേധിച്ചു എന്ന ആരോപണം ഉയര്‍ന്നതിനാല്‍ മന്ത്രി കെ കെ ശൈലജ ആരോഗ്യ സെക്രട്ടറിയോട് അന്വേഷണ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിരുന്നു. കുഞ്ഞിന്റെ മരണത്തില്‍ ചികിത്സാപ്പിഴവില്ലെന്നായിരുന്നു ആശുപത്രികളുടെ നിലപാട്.