സംസ്ഥാനത്ത് ഇന്ന് 39 പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചു; സ്ഥിതി ഗുരുതരമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 39 പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചു. സ്ഥിതി അതീവഗുരുതരമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കി. കേരളത്തിന് ഇന്ന് മോശം ദിവസമാണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. അവലോകന യോഗത്തിന് ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം. ഇന്ന് 39 പേര്‍ക്ക് സ്ഥിരീകരിച്ചതില്‍ 34 കേസുകളും കാസര്‍കോട് ജില്ലയിലാണ്. കാസര്‍കോട് കൂടുതല്‍ നിന്ത്രണങ്ങള്‍ ആവശ്യമാണെന്നാണ് മുഖ്യമന്ത്രി വ്യക്തമാക്കിയത്.

ഇന്നത്തെ കേസോടു കൂടി കാസര്‍കോട് ജില്ലയില്‍ കൊറോണ സ്ഥിരീകരിച്ചവരുടെ എണ്ണം 81 ആയി. ഇന്ന് കൊല്ലത്തും ഒരാള്‍ക്ക് കൊറോണ സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്തെ എല്ലാ ജില്ലകളും കൊറോണ ബാധിത ജില്ലകളായി. കണ്ണൂര്‍- 2, കോഴിക്കോട്- 1, തൃശൂര്‍-1, കൊല്ലം- 1 എന്നിങ്ങനെയാണ് ഇന്നത്തെ കൊറോണ ബാധിതരുടെ എണ്ണം. ഇതോടെ സംസഥാനത്ത് രോഗബാധിതരുടെ എണ്ണം 169 ആയി.

Loading...

5679 സാംപിൾ പരിശോധിച്ചതിൽ 4448 നെഗറ്റീവ് ആണ്. നിയന്ത്രണങ്ങൾ കൂടുതൽ ശക്തമാക്കണമെന്നും മുഖ്യമന്ത്രി നിർദ്ദേശിച്ചു.സ്ഥിതി കൂടുതൽ ഗൗരവതരമാണെന്നും ഏതു സാഹചര്യവും നേരിടാൻ ഒരുങ്ങണമെന്നും മുഖ്യമന്ത്രി നിർദ്ദേശിച്ചു. പുതുതായി കോവിഡ് 19 പോസിറ്റീവ് ആയി സ്ഥിരീകരിച്ച രോഗികൾ നിരവധി പേരെ ബന്ധപ്പെട്ടിട്ടുണ്ടെന്നും ഒരുപാട് യാത്ര ചെയ്തിട്ടുണ്ടെന്നും അതിനാൽ തന്നെ പേര് വെളിപ്പെടുതൻ ആലോചനയുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

ഇടുക്കിയിൽ കോവിഡ് 19 സ്ഥിരീകരിച്ച ജനപ്രതിനിധിയായ രോഗി കാസർകോട് മുതൽ തിരുവനന്തപുരം വരെ യാത്ര ചെയ്തതായും മുഖ്യമന്ത്രി പറഞ്ഞു. ഭരണാധികാരികൾ, ജനപ്രതിനിധികൾ,
ഉന്നത ഉദ്യോഗസ്ഥർ എന്നിവരെയെല്ലാം ഇയാൾ കാണുകയുംചിത്രമെടുത്ത് സോഷ്യൽമീഡിയയിൽ പങ്കു വെയ്ക്കുകയും ചെയ്തു. എല്ലാവരും ജാഗ്രത കാട്ടേണ്ട സമയത്ത് ഒരു പൊതുപ്രവർത്തകൻ ഇങ്ങനെയാണോ ചെയ്യണ്ടതെന്നും കൊറോണ വൈറസ് ഏറെ അകലെയല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

അതേസമയം നിരോധനം ലംഘിച്ചു യാത്ര ചെയ്തതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 1381 പേര്‍ക്കെതിരെ കേസെടുത്തു. ഇതോടെ കഴിഞ്ഞ നാലു ദിവസങ്ങളിലായി എടുത്ത കേസുകളുടെ എണ്ണം 7091 ആയി. സംസ്ഥാനത്ത് ഇന്ന് അറസ്റ്റിലായത് 1383 പേരാണ്. 923 വാഹനങ്ങളും പിടിച്ചെടുത്തു.