സ്‌ക്കൂള്‍ വാനിന് തീപിടിച്ച് നാലു കുട്ടികള്‍ വെന്തു മരിച്ചു; 8 കുട്ടികളെ രക്ഷപ്പെടുത്തി

പഞ്ചാബ്: 12 കുട്ടികളുമായി സഞ്ചരിച്ച സ്‌ക്കൂള്‍ വാനിന് തീപിടിച്ച് 4 കുട്ടികള്‍ ദാരുണമായി വെന്ത് മരിച്ചു. 8 കുട്ടികളെ പരിക്കുകളോടെ രക്ഷപ്പെടുത്തിയിരിക്കുകയാണ്. പഞ്ചാബിലെ സന്‍ഗ്രൂര്‍ ജില്ലയിലാണ് അതിദാരുണ സംഭവം നടന്നത്.കുട്ടികൾ സ്കൂളിൽ നിന്നും മടങ്ങി വരുമ്പോഴായിരുന്നു അപകടം, സംഭവത്തെക്കുറിച്ച് മജിസ്റ്റീരിയൽ അന്വേഷണം നടത്താൻ പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിംഗ് ഉത്തരവിട്ടിട്ടുണ്ട്.

അപകടത്തിൽ മരിച്ചവരിൽ 3 വയസുള്ള കുട്ടിയും ഉണ്ടെന്നാണ് റിപ്പോർട്ട്. 2 കുട്ടികൾ ഒരേ കുടുംബത്തിൽ നിന്നുള്ളവരാണ്. സ്കൂളിൽ നിന്നും യാത്ര പുറപ്പെട്ട് അൽപ്പ സമയത്തിനകമായിരുന്നു സംഭവം. വാനിന് തീപിടിക്കുന്നത് കണ്ട് വഴിയാത്രക്കാർ ഡ്രൈവർക്ക് വണ്ടി നിർത്താൻ നിർദ്ദേശം നൽകി. സമീപത്തെ കൃഷിയിടത്തിൽ ജോലി ചെയ്യുകയായിരുന്ന തൊഴിലാളികളാണ് കുട്ടികളെ പുറത്തെടുത്തത്.വാനിന്റെ വാതിൽ തുറക്കാൻ ഡ്രൈവർ ശ്രമിച്ചെങ്കിലും നടന്നില്ല, ഇതാണ് രക്ഷാപ്രവർത്തനം ദുഷ്കരമാക്കിയത്. തീപിടുത്തത്തിന്റെ കാരണം വ്യക്തമായിട്ടില്ല. അപകടത്തിൽ കൊല്ലപ്പെട്ട കുട്ടികളുടെ കുടുംബത്തിന് 5 ലക്ഷം രൂപ സർക്കാർ നഷ്ട പരിഹാരം പ്രഖ്യാപിച്ചിട്ടുണ്ട്.

Loading...

അതേസമയം പൂനെ വിമാനത്താവളത്തില്‍ വലിയൊരു ദുരന്തമാണ് ഒഴിഞ്ഞുപോയത്. മണിക്കൂറില്‍ 222 കിലോമീറ്റര്‍ വേഗത്തില്‍ റണ്‍വേയില്‍ ടേക്കോഫിനെത്തിയ വിമാനം അപകടത്തില്‍ നിന്നും തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്.പുണെ വിമാനത്താവളത്തില്‍ ശനിയാഴ്ച രാവിലെയാണ് സംഭവം. പറന്നുയരാന്‍ തയ്യാറെടുക്കുമ്പോഴാണ് റണ്‍വേയില്‍ ജീപ്പും ഒരാളും നില്‍ക്കുന്നത് പൈലറ്റിന്റെ ശ്രദ്ധയില്‍ പെട്ടത്. ഇതോടെ പൈലറ്റ് വിമാനം അടിയന്തരമായി ടേക്കോഫ് ചെയ്തു. എയര്‍ബസ് എ-321 വിമാനമാണ് വന്‍ ദുരന്തത്തില്‍ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ടത്. അപകടം ഒഴിവാക്കാന്‍ പൈലറ്റ് നടത്തിയ ശ്രമത്തിനിടെ വിമാനത്തിന്റെ വാല്‍ ഭാഗം റണ്‍വേയില്‍ ഇടിച്ച് കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. പുണെയില്‍നിന്ന് പറന്നുയര്‍ന്ന വിമാനം ഡല്‍ഹിയില്‍ സുരക്ഷിതമായി എത്തിച്ചേര്‍ന്നതായി ഡല്‍ഹി വിമാനത്താവള അധികൃതര്‍ പറഞ്ഞു. ആര്‍ക്കും അപകടമില്ല. എന്നാല്‍, വിമാനത്തിന് ഗുരുതര കേടുപാടുകളാണ് സംഭവിച്ചിരിക്കുന്നതെന്ന് കണ്ടെത്തിയിട്ടുണ്ട്. വിമാനത്തിന്റെ സര്‍വീസ് താല്‍ക്കാലികമായി നിര്‍ത്തിവെച്ചു. സംഭവത്തില്‍ വിശദമായ അന്വേഷണം തുടങ്ങിയതായി അധികൃതര്‍ അറിയിച്ചു. അന്വേഷണത്തിന്റെ ഭാഗമായി വിമാനത്തിന്റെ കോക്ക്പിറ്റ് വോയിസ് റെക്കോര്‍ഡര്‍ പരിശോധനയ്ക്കായി എടുത്തു.