മനാമ: വ്യാജ ക്രെഡിറ്റ് കാര്‍ഡുകള്‍ ഉപയോഗിച്ചു വിലകൂടിയ മൊബൈല്‍ ഫോണ്‍ വാങ്ങുവാന്‍ ശ്രമിച്ച നാല് ഇന്ത്യക്കാര്‍ ബെഹറൈനില്‍ അറസ്റ്റിലായി. 45–ല്‍ അധികം സ്‌മാര്‍ട്ട് ഫോണുകള്‍ വാങ്ങുവാനായിരുന്നു ഇവരുടെ പദ്ധതി. ഇതിന് 28 ലക്ഷം രൂപ വിലവരും.
ഓണ്‍ലൈന്‍ വഴിയായിരുന്നു ഇവര്‍ ഈ പ്രവര്‍ത്തിക്കു ശ്രമിച്ചത്. വെബ്സൈറ്റിലൂടെ വ്യാജ ക്രെഡിറ്റ് കാര്‍ഡ് നമ്പര്‍ നല്‍കിയാണ് ഇവര്‍ ഫോണ്‍ വാങ്ങിയിരുന്നത്. ഇത്തരത്തില്‍ ഏറെ നാളായി തട്ടിപ്പ് തുടര്‍ന്ന സംഘത്തെ പോലീസ് നിരീക്ഷിച്ചു വരികയായിരുന്നു. കടകളില്‍ കയറിയും ഇവര്‍ സമാന രീതിയില്‍ തട്ടിപ്പ് നടത്തിയിരുന്നു.
സിറ്റി സെന്ററിലുള്ള ഒരു കടയില്‍ ഫോണുകള്‍ വാങ്ങുവാനെത്തിയ ഇവരില്‍ രണ്ടു പേരെ പോലീസ് രഹസ്യ നീക്കത്തിലൂടെ ആദ്യം കുടുക്കി. പിന്നീട് കൂട്ടാളികളായ മറ്റു രണ്ടു പേരെ കൂടി പോലീസ് അറസ്റ്റ് ചെയ്‌തു. ഇവരുടെ പക്കല്‍ നിന്നും 18 വ്യാജ ക്രെഡിറ്റ് കാര്‍ഡുകള്‍ കണ്ടെടുത്തതായി പോലീസ് അറിയിച്ചു.