ഭക്ഷണവും വിശ്രമവുമില്ല, വര്‍ഷങ്ങളായി അടിമപ്പണി ചെയ്തിരുന്ന 42 പേരെ മോചിപ്പിച്ചു, അടിമകളാക്കപ്പെട്ടത് നിരവധി കുട്ടികളും

ചെന്നൈ: ഭക്ഷണവും വിശ്രമവുമില്ലാതെ അവധിയും കൃത്യമായ സമയവുമില്ലാതെ വര്‍ഷങ്ങളായി അടിമപ്പണി ചെയ്തിരുന്ന 42 തൊഴിലാളികളെ മോചിപ്പിച്ചു. കാഞ്ചീപുരം, വെല്ലൂര്‍ ജില്ലകളിലെ രണ്ട് മരംമുറി സംഘങ്ങളില്‍ നിന്നാണ് ഇവരെ മോചിപ്പിച്ചത്. സംഭവത്തില്‍ തമിഴ്‌നാട് സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചു.

റിലീസ് ബോണ്ടഡ് ലേബേഴ്‌സ് അസോസിയഷന്‍ എന്ന സംഘടന നല്‍കിയ വിവരത്തെ തുടര്‍ന്ന് എത്തിയ രണ്ട് ജില്ലകളിലെ സബ് കലക്ടര്‍മാര്‍ കണ്ടത് ഞെട്ടിപ്പിക്കുന്ന കാഴ്ചകളായിരുന്നു.

തൊഴിലാളികള്‍ക്ക് 9000 മുതല്‍ 25000 വരെ രൂപ കടം നല്‍കിയ ശേഷം രണ്ടു മുതല്‍ 15 വര്‍ഷം വരെ അടിമപ്പണി ചെയ്യിക്കുന്നതാണ് ഇവിടുത്തെ രീതി. ജോലി സമയത്ത് വെള്ളം മാത്രമായിരുന്നു നല്‍കിയിരുന്നത്. വെള്ളം മാത്രം കുടിച്ച് കഠിനമായ ജോലിയാണ് ചെയ്യേണ്ടത്. കുട്ടികളെ സ്‌കൂളുകളില്‍ പോകാന്‍ അനുവദിച്ചിരുന്നില്ല. ഞങ്ങളെ പട്ടിണിക്കിട്ട് അടിമപ്പണി ചെയ്യിക്കുമ്‌ബോള്‍ അവര്‍ മൃഷ്ടാന്ന ഭോജനം നടത്തി വിശ്രമിക്കുകയായിരുന്നു മുതലാളിമാരെന്നും രക്ഷപ്പെട്ടവര്‍ പറയുന്നു.

അടിമപ്പണി സഹിക്കാനാകാതെ പലരും ഒളിച്ചോടുകയായിരുന്നു. വല്ലപ്പോഴും നൂറും ഇരുന്നൂറും രൂപ മാത്രമാണ് കൂലിയായി നല്‍കിയിരുന്നതെന്നും തൊഴിലാളികള്‍ പറയുന്നു.

കാഞ്ചീപുരത്ത് നിന്ന് എട്ട് കുടുംബങ്ങളിലെ 19 കുട്ടികള്‍ അടക്കം 28 പേരെയാണ് മോചിപ്പിച്ചത്. 14 പേരെ വെല്ലൂരില്‍ നിന്നാണ് രക്ഷപ്പെടുത്തിയത്. ഇവരെ മോചിപ്പിക്കുന്ന ദൃശ്യങ്ങള്‍ സാമൂഹികമാധ്യമങ്ങളില്‍ വൈറലായിട്ടുണ്ട്. അവശനായ വൃദ്ധ തൊഴിലാളി ഉദ്യോഗസ്ഥരുടെ കാലില്‍ വീണ് നന്ദി പറയുന്ന ഫോട്ടോയും വ്യാപകമായി ഷെയര്‍ ചെയ്യപ്പെട്ടു. ഭൂമി ചെന്നൈ സ്വദേശിയായ ഒരാളുടേതാണെന്നും ഇവിടെ മരം മുറിക്കുകയാണ് തങ്ങള്‍ ചെയ്യുന്നതെന്നും മരം പിന്നീട് അരി മില്ലുകള്‍ക്കോ ഫാക്ടറികള്‍ക്കോ നല്‍കുകയാണെന്നും ഇയാള്‍ പറയുന്നുണ്ട്.