രണ്ടാം നരേന്ദ്രമോദി മന്ത്രിസഭയിലെ 42 % മന്ത്രിമാർ ക്രിമിനൽ കേസ് പ്രതികൾ; 90 % പേർ കോടീശ്വരന്മാർ

രണ്ടാം നരേന്ദ്രമോദി മന്ത്രിസഭയിലെ 42 ശതമാനം മന്ത്രിമാർ ക്രിമിനൽ കേസ് പ്രതികളെന്നു പഠന റിപ്പോർട്ട്. മന്ത്രിസഭയിലെ തൊണ്ണൂറ് ശതമാനം പേരും കോടീശ്വരന്മാരാണ് എന്ന പ്രത്യേകതയും ഈ മന്ത്രിസഭയ്ക്കുണ്ട് . പുനഃസംഘടനയ്ക്ക് ശേഷമുള്ള നരേന്ദ്രമോദി മന്ത്രിസഭയിലെ അംഗങ്ങളുടെ ക്രിമിനൽ, സാമ്പത്തിക, വിദ്യാഭ്യാസ പശ്ചാത്തലം സംബന്ധിച്ച പഠനറിപ്പോർട്ടാണ് നാഷണൽ ഇലക്ഷൻ വാച്ചും, അസോസിയേഷൻ ഓഫ് ഡെമോക്രാറ്റിക് റിഫോംസും സംയുക്തമായി തയാറാക്കിയത്. മന്ത്രിമാരുടെ ശരാശരി സ്വത്ത് 16.24 കോടി രൂപയാണെന്നും അസോസിയേഷൻ ഓഫ് ഡെമോക്രാറ്റിക് റിഫോംസ് തയാറാക്കിയ റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടി. പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് രണ്ടര കോടിയുടെ സ്വത്താണുള്ളത്.

മന്ത്രിമാർ ലോക്‌സഭ, രാജ്യസഭ തെരഞ്ഞെടുപ്പുകളിൽ സ്വയം വെളിപ്പെടുത്തിയ വിവരങ്ങൾ പഠനവിധേയമാക്കിയതിനു ശേഷമുള്ള റിപ്പോർട്ടാണ് പുറത്തു വന്നിരിക്കുന്നത്. ഇതനുസരിച്ച് 78ൽ 33 കേന്ദ്രമന്തിമാർ ക്രിമിനൽ കേസ് പ്രതികളാണ്. അഞ്ച് വർഷത്തിന് മുകളിൽ ശിക്ഷ ലഭിക്കാവുന്ന ഗുരുതര കുറ്റങ്ങൾ ചുമത്തിയ 24 പേർ മന്ത്രിസഭയിലുണ്ട്. ഒരു മന്ത്രിക്കെതിരെ കൊലപാതകവുമായി ബന്ധപ്പെട്ടും കേസുണ്ട്. കൊലപാതകശ്രമത്തിൽ പ്രതികളായ നാല് മന്ത്രിമാരുണ്ട്.

Loading...

50 കോടിക്ക് മുകളിൽ വിലമതിക്കുന്ന സ്വത്തുക്കൾ ഉള്ള നാല് മന്ത്രിമാരുണ്ട്. 379 കോടിയുടെ സ്വത്തുള്ള ജ്യോതിരാദിത്യ സിന്ധ്യയാണ് ഒന്നാം സ്ഥാനത്ത്. മലയാളിയായ രാജീവ് ചന്ദ്രശേഖറിനുള്ളത് 64 കോടി 60 ലക്ഷം രൂപയുടെ സ്വത്ത്. ഒരു കോടിക്ക് താഴെ സ്വത്തുള്ള എട്ട് മന്ത്രിമാരുണ്ട്. കേന്ദ്രമന്ത്രി വി. മുരളീധരന് 27 ലക്ഷം രൂപയുടെ സ്വത്താണുള്ളത്. അതേസമയം തന്നെ, പത്ത് കോടിക്ക് മുകളിൽ ബാധ്യതയുള്ള മൂന്ന് കേന്ദ്രമന്ത്രിമാരുമുണ്ട്.